പമ്പയിലെ അയ്യപ്പസംഗമം: സാമുദായിക സംഘടനകളുടെ എതിർപ്പിൽ പുകഞ്ഞ് ബി.ജെ.പി. എൻ.എസ്.എസിനെയും എസ്.എൻ.ഡി.പിയെയും അനുനയിപ്പിക്കാൻ കൊണ്ട് പിടിച്ച നീക്കം. തദ്ദേശത്തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് മേൽക്കൈ നഷ്ടമാകുമെന്ന് ആശങ്ക. ചർച്ച ചെയ്യാൻ ബി.ജെ.പി

തദ്ദേശത്തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ട് ഹൈന്ദവ സംഘടനകൾ സർക്കാരിനനുകൂലമായി എടുത്ത തീരുമാനം തങ്ങൾക്ക് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് ബി.ജെ.പി നേതൃത്വമുള്ളത്.

New Update
Untitled

തിരുവനന്തപുരം: ദേവസ്വം ബോർഡ് നടത്തിയ അയ്യപ്പസംഗമത്തിന് പിന്നാലെ കലങ്ങി മറിഞ്ഞ് കേരള രാഷ്ട്രീയം. സംസ്ഥാനത്തെ പ്രബല സാമുദായിക സംഘടനകളായ എൻ.എസ്.എസ്, എസ്.എൻ.ഡി.പി എന്നീ സംഘടനകൾ ഒരേ പോലെ സർക്കാരിന് പിന്തുണയുമായി വന്നതാണ് സംസ്ഥാന ബി.ജെ.പി നേതൃത്വത്തെ കുഴക്കുന്നത്.

Advertisment

തദ്ദേശത്തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ട് ഹൈന്ദവ സംഘടനകൾ സർക്കാരിനനുകൂലമായി എടുത്ത തീരുമാനം തങ്ങൾക്ക് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് ബി.ജെ.പി നേതൃത്വമുള്ളത്. 


ശബരിമല യുവതീപ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ അവധാനതയോടെയാണ് കാര്യങ്ങൾ ചെയ്തതെന്ന് പുകഴ്ത്തിയ സുകുമാരൻ നായർ ബി.ജെ.പിയെ വിമർശിക്കാനും മറന്നില്ല. യുവതീ പ്രവേശനമില്ലാതാക്കാൻ നിയമം കൊണ്ട് വരുമെന്ന് പറഞ്ഞ ബി.ജെ.പി വിഷയത്തിൽ ഒന്നും ചെയ്തില്ലെന്ന വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്.


 യുവതീ പ്രവേശന വിധി വന്ന സമയത്ത് സന്നിധാനത്തടക്കം സംഘപരിവാർ പ്രസ്ഥാനങ്ങളും ബി.ജെ.പിയും നാമജപസമരം നടത്തിയിരുന്നു. അതിന് പിന്നാലെയാണ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിൽ നിന്നും ഇത്തരമൊരു വാഗ്ദാനം അന്ന് പുറത്ത് വന്നത്. എന്നാൽ അത് ഇതുവരെയും പാലിക്കപ്പെട്ടില്ലെന്ന് സുകുമാരൻ നായരുടെ ഓർമ്മപ്പെടുത്തൽ പാർട്ടിക്ക് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്. 

ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട സി.പി. രാധാകൃഷ്ണൻ എൻ.എസ്.എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറിയുമായി ആശയവിനിമയം നടത്തിയിരുന്നു. അതെല്ലാം വെറുതെയായയെന്ന വിലയിരുത്തലാണ് പാർട്ടിക്കുള്ളത്. 


വിഷയത്തിൽ എസ്.എൻ.ഡി.പി എടുത്ത നിലപാടും ബി.ജെ.പിയെ ക്ഷീണിപ്പിക്കുന്നതാണ്. സി.പി.എമ്മിന്റെ പെട്ടിയിൽ നിന്നുമുള്ള ഈഴവവോട്ടിന്റെ ചോർച്ച തടയാൻ ഇതുവഴിയൊരുക്കുമെന്നും ഇതുവരെ ഈഴവ സമുദായത്തിൽ നിന്നും കിട്ടിയ പിന്തുണയിൽ ചോർച്ചയുണ്ടാകുമെന്നുമാണ് ബി.ജെ.പി കരുതുന്നത്.


ഇന്ന് ചേരുന്ന് ബി.ജെ.പിയുടെ സമ്പൂർണ്ണ സംസ്ഥാന സമിതി യോഗത്തിൽ വിഷയം ചർച്ചയായേക്കും. ഭാരവാഹിപ്പട്ടികയിൽ ഈഴവരുടെ പ്രാതിനിധ്യം ഗണ്യമായി കുറഞ്ഞുവെന്ന ആക്ഷേപം നിലനിന്നിരുന്നു.

എന്നാൽ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇതേക്കുറിച്ച് ഒരക്ഷരം മിണ്ടിയിരുന്നില്ല. എന്നാൽ നിലവിലെ സംഘടനയുടെ നിലപാട് പാർട്ടിക്ക് ക്ഷീണമാകുമെന്നാണ് നേതൃത്വം കണക്ക് കൂട്ടുന്നത്.


കഴിഞ്ഞ ദിവസം മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ വി.മുരളീധരൻ വെള്ളാപ്പള്ളിയെ കണ്ട് ചർച്ച നടത്തിയിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് പരസ്യപ്രസ്താവനയ്ക്ക് ഇതുവരെ വെള്ളാപ്പള്ളി തയ്യാറായിട്ടില്ല. 


നിലവിൽ ബി.ജെ.പി നേതാക്കൾ ഇതുവരെ സുകുമാരൻ നായരെ സന്ദർശിച്ചിട്ടില്ല. ഭൂരിപക്ഷം നായർ വോട്ടുകളും ബി.ജെ.പിക്ക് അനുകൂലമായാണ് പോൾ ചെയ്യപ്പെടുന്നതെന്നും അതുകൊണ്ട് തന്നെ എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുമായി ആശയവിനിമയം നടത്തണോ എന്ന കാര്യത്തിലും ബി.ജെ.പിക്കുള്ളിൽ ഇതുവരെ വ്യക്തതയില്ല.

ജനറൽ സെക്രട്ടറിയുമായി ചർച്ച നടത്താൻ കെ.പി.സി.സി ചിലരെ നിയോഗിച്ചേക്കുമെന്നും സൂചനകളുണ്ട്.

Advertisment