തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം ആണവ വൈദ്യുത നിലയം സംസ്ഥാനത്ത് വീണ്ടും ചർച്ചയാകുന്നു. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ആണവ നിലയം സ്ഥാപിക്കാൻ വൈദ്യുതി ബോർഡും ഊർജവകുപ്പും നീക്കം തുടങ്ങിയതാണ് ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.
നേരത്തെ കാസർ കോട് ജില്ലയിലെ ചീമേനിയിൽ ആണവനിലയം സ്ഥാപിക്കാനുളള സാധ്യത ആരാഞ്ഞിരുന്നു.എന്നാൽ വിവരം പുറത്തുവന്നപ്പോൾ തന്നെ പ്രാദേശിക എതിർപ്പ് ശക്തമായിരുന്നു. 2030ഓടെ സംസ്ഥാനത്തെ വൈദ്യുതാവശ്യങ്ങൾ നേരിടാൻ 10000മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കേണ്ടിവരുമെന്നാണ് വൈദ്യുതി ബോർഡിൻെറ വിലയിരുത്തൽ. പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി എതിർപ്പ് വരുന്നതിനാൽ ജലവൈദ്യുതി പദ്ധതികൾ സ്ഥാപിക്കുക ഏറെക്കുറെ അസാധ്യമാണ്.ജലവൈദ്യുതി പദ്ധതികൾ പൂർത്തിയാക്കാൻ കാലതാമസം ഉണ്ടാകുമെന്നതും തടസമാണ്.
സോളാർ, കാറ്റ് തുടങ്ങിയ പാരമ്പര്യേതര ഊർജ സ്രോതസുകളിൽ നിന്നുളള വൈദ്യുതി ഉൽപ്പാദനത്തിനും പരിമിതിയുണ്ട്.ഈ കാര്യങ്ങളെല്ലാം കണക്കിലെടുക്കുമ്പോൾ ആണവ വൈദ്യുതി നിലയങ്ങളാണ് ഏറ്റവും അഭികാമ്യമെന്നാണ് സംസ്ഥാന വൈദ്യുതി ബോർഡിൻെറ നിലപാട്. ആണവ വൈദ്യുതി നിലയം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ന്യൂക്ളിയർ പവർ കോർപ്പറേഷനുമായി ഇതിനകം തന്നെ ചർച്ച നടത്തിയ വൈദ്യുതി ബോർഡ്, സംസ്ഥാന ഊർജ വകുപ്പിൻെറ അനുമതിയോടെയാണ് ഈ നീക്കങ്ങൾ നടത്തുന്നത്.
ചർച്ചയുടെ അടുത്ത ഘട്ടം എന്ന നിലയിൽ ബുധനാഴ്ച വൈകിട്ട് ഊർജ വകുപ്പിൻെറ ചുമതലയുളള അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, ഭാരതീയ നാഭികീയ നിഗം ലിമിറ്റഡ് ചെയർമാൻ കെ.വി.സുരേഷ് കുമാറുമായി ചർച്ച നടത്തും. വീഡിയോ കോൺഫറൻസിങ്ങ് വഴിയാണ് ചർച്ച.വൈദ്യുതി ബോർഡും ഊർജ വകുപ്പും ആണവ നിലയത്തിൻെറ സാധ്യത തേടി ചർച്ചകളുമായി മുന്നോട്ട് പോകുകയാണെങ്കിലും സർക്കാരിൻെറ നിലപാട് ഇക്കാര്യത്തിൽ നിർണായകമാണ്.
സംസ്ഥാനത്ത് ആണവനിലയം വേണോ എന്ന കാര്യത്തിൽ ഇടത് മുന്നണിയും സർക്കാരും നയപരമായ തീരുമാനം എടുക്കേണ്ടതുണ്ട്.കൂടംകുളം ആണവ നിലയത്തിനെതിരായ സമരത്തെ പിന്തുണച്ച വി.എസ്.അച്യുതാനന്ദൻ സംസ്ഥാനത്ത് കൂടിയുളള വൈദ്യുതി വിതരണലൈനിനെയും എതിർത്തിരുന്നു.
കൂടംകുളം നിലയത്തിൻെറ കാര്യത്തിൽ വി.എസിനെ തിരുത്താൻ ശ്രമിച്ച സി.പി.എം ദേശിയ നേതൃത്വത്തിനൊപ്പമായിരുന്നു ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ. അതു കൊണ്ടുതന്നെ ആണവ വൈദ്യുതി നിലയം സ്ഥാപിക്കുന്ന കാര്യത്തിൽ സർക്കാരിൻെറയും മുന്നണിയുടെയും ഭാഗത്ത് നിന്ന് എതിർപ്പുണ്ടാകില്ല എന്നാണ് വൈദ്യുതി ബോർഡിൻെറയും ഊർജ വകുപ്പിൻെറയും പ്രതീക്ഷ.220 മെഗാവാട്ട് വീതം ഉൽപ്പാദന ശേഷിയുളള രണ്ട് റിയാക്ടറുകൾ സ്ഥാപിച്ച് 440 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന നിലയമാണ് വൈദ്യുതി ബോർഡ് വിഭാവനം ചെയ്തിരിക്കുന്നത്.7000 കോടിയാണ് പ്രതീക്ഷിത ചെലവ്. 13000 കോടിയിൽപ്പരം രൂപ പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ ചെലവിടുന്ന വൈദ്യുതി ബോർഡിന് 7000 കോടിയുടെ പദ്ധതി ഒരു സാമ്പത്തിക ഭാരമല്ല എന്നാണ് ബോർഡ് നേതൃത്വത്തിൻെറ വിശ്വാസം.
ആണവ നിലയത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ വൈദ്യുതി ബോർഡ് രണ്ട് സംഘങ്ങളെ നിയോഗിച്ച് കഴിഞ്ഞു. നേരത്തെ ആണവ നിലയം സ്ഥാപിക്കുന്നതിനായി പരിഗണിച്ച ചീമേനി തന്നെയാണ് ഇപ്പോഴും ആണവ നിലയം സ്ഥാപിക്കാനായി പരിഗണിക്കുന്ന സ്ഥലങ്ങളിൽ ഒന്ന് .ചീമേനിക്കൊപ്പം അതിരപ്പിളളിയും വൈദ്യുതി ബോർഡിൻെറ പരിഗണനയിലുണ്ട്.
ജനവാസം കുറഞ്ഞ മേഖലയായതിനാൽ വൈദ്യുതോൽപ്പാദനത്തിനായി ആണവ റിയക്ടറുകൾ സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യാമായ സ്ഥലം എന്നതാണ് ചീമേനി പരിഗണിക്കപ്പെടാനുളള കാരണം.ഏതാണ്ട് 2000 ഏക്കർ ഭൂമി ലഭ്യമാണ് എന്നതും ചീമേനി പരിഗണിക്കപ്പെടാൻ കാരണമായി.
പ്ലാൻേറഷൻ കോർപ്പറേഷൻെറ ഉടമസ്ഥതയിൽ ധാരാളം സ്ഥലം ലഭ്യമാണ് എന്നതാണ് അതിരപ്പളളി ആണവനിലയം സ്ഥാപിക്കാനുളള സ്ഥലങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിക്കാൻ ഇടയാക്കിയത്. പ്ലാൻേറഷൻ കോർപ്പറേഷൻെറ എണ്ണപ്പന തോട്ടം സ്ഥിതിചെയ്യുന്ന തോട്ടമാണ് വൈദ്യുതി ബോർഡ് ആണവ നിലയം സ്ഥാപിക്കാനായി കണ്ണുവെയ്ക്കുന്നത്. അതിരപ്പളളിയിൽ ജലവൈദ്യുതി നിലയം സ്ഥാപിക്കാനുളള നീക്കത്തിനെതിരെ പ്രാദേശിക എതിർപ്പ് ശക്തമായിരുന്നു. ആണവ നിലയം സ്ഥാപിക്കാൻ തിരഞ്ഞെടുത്താലും എതിർപ്പ് ഉയരാനാണ് സാധ്യത.