തൃശൂര്‍: പൊലീസ് കസ്റ്റഡിയില്‍നിന്നും രക്ഷപ്പെട്ട എം ഡി എം എ കേസിലെ പ്രതി ഒടുവില്‍ പിടിയില്‍. കോതപറമ്പ് വൈപ്പിപ്പാടത്ത് ഫാരിഷാണ് പിടിയിലായത്. ഫെബ്രുവരി 18ന് അര്‍ധരാത്രിയിലാണ് ഫാരിസ് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്.
നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത മാരുതി സ്വിഫ്റ്റ് കാറില്‍ സംശയായ്പദമായ സാഹചര്യത്തില്‍ രണ്ടുപേര്‍ പുന്നക്കുരു ഭാഗത്ത് കറങ്ങി നടക്കുന്നുണ്ടെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നഗരത്തില്‍ പരിശോധന ശക്തമാക്കി.
മതിലകം പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടറും പൊലീസ് പാര്‍ട്ടിയും പുന്നക്കുരു ഭാഗത്ത് പട്രോളിങ് നടത്തിവരവെ യുവാക്കള്‍ സഞ്ചരിച്ച കാര്‍ പൊലീസിന്റെ മുന്നില്‍പ്പെട്ടു. സംശയം തോന്നിയ പൊലീസ് പരിശോധിച്ചപ്പോള്‍ ഇവരില്‍നിന്നും 5.38 ഗ്രാം എം ഡി എം എ കണ്ടെടുക്കുകയായിരുന്നു. ഫാരിഷിനെ കൂടാതെ കൂരിക്കുഴി കല്ലൂങ്ങല്‍ മുഹമദ് മുസമ്മിലുമാണ് കാറില്‍ ഉണ്ടായിരുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മതിലകം പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ചുവരവെ ഇവര്‍ രണ്ടുപേരും വാഹനത്തില്‍നിന്നും ചാടി രക്ഷപ്പെട്ടു.
18ന് മുഹമ്മദ് മുസമിലിനെ കണ്ടെത്തി അറസ്റ്റ് ചെയ്തെങ്കിലും ഫാരിഷ് ഒളിവില്‍ പോയി. കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട ഫാരിഷ് ബാംഗ്ലൂരിലേക്കാണ് അന്ന് രക്ഷപ്പെട്ടത്. ഫാരീഷിനെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. പൊലിസ് സംഘം ബാംഗ്ലൂരിലെത്തിയപ്പോള്‍ ഫാരിഷ് അവിടെ നിന്നും എറണാകുളത്തേക്ക് മുങ്ങി. എറണാകുളത്തുനിന്ന് ഗോവയിലേക്ക് പോകുന്നതിനുള്ള ഒരുക്കം കൂട്ടുന്നതിനിടയിലാണ്പിടിയിലായത്.