/sathyam/media/media_files/2025/03/15/aTzq9BEOvCFHg4dRONc7.jpeg)
ബാലരാമപുരം: നരുവാമൂട് ഇടയ്‌ക്കോട് കളത്തറകോണം കാവില്‍ ദേവീക്ഷേത്രത്തില്‍ മോഷണം. ഇന്നലെ രാത്രിയായിരുന്നു മോഷ്ടാവ് ക്ഷേത്രത്തിലെത്തി കാണിക്കപ്പെട്ടികള്‍ കുത്തിത്തുറന്നത്.
ഉപദേവത ക്ഷേത്രത്തിന് മുന്‍വശം ഉണ്ടായിരുന്ന രണ്ട് കാണിക്ക പെട്ടികള്‍ കുത്തി പൊളിച്ച് നടത്തിയ മോഷണത്തില്‍ 12,000 രൂപയിലേറെ നഷ്ടപ്പെട്ടതായി ക്ഷേത്രത്തിലെ സെക്രട്ടറി മധുസൂദനന്‍ നായര്‍ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.
പുലര്‍ച്ചെ ക്ഷേത്രം ജീവനക്കാരെത്തിയപ്പോഴാണ് നാഗക്ഷേത്രത്തിന് മുന്നില്‍ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി തകര്‍ന്ന നിലയില്‍ കണ്ടത്. പിന്നാലെ ശിവക്ഷേത്രത്തിന് സമീപത്തെ കാണിക്കവഞ്ചിയും പൊട്ടിച്ച നിലയില്‍ കണ്ടതോടെ ക്ഷേത്രത്തില്‍ പരിശോധന നടത്തി. എന്നാല്‍ മറ്റൊന്നും നഷ്ടപ്പെട്ടതായി വിവരമില്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍ പൊലീസിനോട് പറഞ്ഞു.
ആയില്യം കഴിഞ്ഞതിനാല്‍ നാഗക്ഷേത്രത്തിന് മുന്നിലെ കാണിക്കവഞ്ചിയില്‍ പണമുണ്ടാകുമെന്ന് അറിഞ്ഞായിരിക്കും മോഷണമെന്നാണ് ക്ഷേത്രഭാരവാഹികളും കരുതുന്നത്. സിസിടിവി ദൃശ്യം പരിശോധിച്ചതില്‍ പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചതായി നരുവാമൂട് പൊലീസ് പറഞ്ഞു. പ്രദേശത്ത് പരിശോധന തുടരുകയാണ്.