Advertisment

മന്ത്രിയായി ചുമതലയേറ്റ ഒ.ആർ.കേളുവിൻെറ ആദ്യ തീരുമാനം തന്നെ പട്ടിക വർഗ വിഭാഗത്തിൻെറ ചികിത്സാ സഹായം സംബന്ധിച്ച്. സഹായ വിതരണത്തിനുളള നടപടികൾ പൂ‍ർണമായും ഓൺലൈനാക്കാൻ തീരുമാനം. കേളുവിന് ലഭിച്ചത് കെ.രാധാകൃഷ്ണൻ മന്ത്രിയായിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന സെക്രട്ടേറിയേറ്റിലെ അതേ ഓഫീസ് തന്നെ. നിയമസഭയിൽ മുഖ്യമന്ത്രിയ്ക്ക് തൊട്ടടുത്തുളള രാധാകൃഷ്ണണൻെറ കസേര ലഭിച്ചത് ധനമന്ത്രി കെ.എൻ ബാലഗോപാലിന് !

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
J

തിരുവനന്തപുരം: പിറന്നുവീണ വിഭാഗത്തിന് ആശ്വാസമരുളുന്ന നടപടി എടുത്ത് കൊണ്ട് മന്ത്രി ഒ.ആർ.കേളുവിൻെറ ആദ്യ തീരുമാനം.പട്ടിക വർഗക്കാരുടെ ചികിത്സാ സഹായ വിതരണത്തിനുളള നടപടികൾ ഓൺലൈൻ വഴി നടപ്പാക്കണമെന്നതാണ് മന്ത്രിയായി അധികാരമേറ്റ ശേഷം ഒ.ആർ. കേളു കൈക്കൊണ്ട ആദ്യതീരുമാനം.

Advertisment

മന്ത്രിയായി ചുമതലയേറ്റശേഷം വകുപ്പ് അധ്യക്ഷന്മാരും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിലാണ് ജനങ്ങൾക്ക് കൂടുതൽ സഹായകരമായ തീരുമാനമെടുത്തത്. നടപടികൾ ഓൺലൈനാക്കുന്നതോടെ ചികിൽസാ സഹായ വിതരണ നടപടികൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും നടപ്പാക്കുന്നതിന് സഹായകരമാകുമെന്ന് മന്ത്രി ഒ ആർ കേളു പറഞ്ഞു.

പട്ടിക വിഭാഗക്കാർക്കുള്ള ചികിൽസാ സഹായ വിതരണം കൂടുതൽ ത്വരിതപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. സത്യപ്രതിജ്ഞയ്ക്കു പിന്നാലെ തന്നെ സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ ഓഫീസിലെത്തി ചുമതലയേറ്റിരുന്നു. കെ.രാധാകൃഷ്ണൻ മന്ത്രിയായിരുന്നപ്പോൾ ഉപയോഗിച്ച അതേ ഓഫീസ് തന്നെയാണ് കേളുവിനും ലഭിച്ചിരിക്കുന്നത്. എന്നാൽ നിയമസഭയിലെ രാധാകൃഷ്ണൻെറ ഇരിപ്പിടം കേളുവിന് ലഭിച്ചേക്കില്ല.

ഭരണപക്ഷ ബെഞ്ചിൽ മുഖ്യമന്ത്രിയുടെ തൊട്ടടുത്ത് വലത് ഭാഗത്ത് രണ്ടാമനായിട്ടായിരുന്നു രാധാകൃഷ്ണൻെറ നിയമസഭയിലെ ഇരിപ്പിടം.എം.എൽ.എ എന്ന നിലയിലും മന്ത്രിയെന്ന നിലയിലുമുളള സീനിയോറിറ്റിയും സ്പീക്കറായി പ്രവർത്തിച്ചതും സി.പി.എമ്മിലെ മുതിർന്ന നേതാവെന്നതും കണക്കിലെടുത്താണ് കെ.രാധാകൃഷ്ണന് ഭരണപക്ഷ ബഞ്ചിൽ മുഖ്യമന്ത്രിക്ക് തൊട്ടടുത്തായി ഇരിപ്പിടം അനുവദിച്ചത്. എന്നാൽ സംഘടനയിലും ഭരണപരിചയത്തിലും ജനപ്രതിനിധിയെന്ന നിലയിലും രാധാകൃഷ്ണൻെറ സീനിയോറിറ്റി അവകാശപ്പെടാനില്ലാത്ത ഒ.ആർ.കേളുവിന് അതേ സീറ്റ് നൽകിയേക്കില്ല. പകരം ഭരണപക്ഷ ബഞ്ചിൻെറ രണ്ടാം നിരയിലായിരിക്കും സീറ്റ് ലഭിക്കുക.

കേളു രണ്ടാം നിരയിലേക്ക് പോകുമ്പോൾ മുഖ്യമന്ത്രിയുടെ തൊട്ടടുത്ത് രണ്ടാമനായി എത്തിയത് ധനമന്ത്രി കെ എൻ ബാലഗോപാലാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്ന നിലയ്ക്കാണ് ബാലഗോപാലിന് ഈ പരിഗണന ലഭിച്ചത്. കഴിഞ്ഞ ദിവസം ചേർന്ന നിയമസഭയിലും ഈ ക്രമം അനുസരിച്ച് മുഖ്യമന്ത്രിക്ക്‌ അടുത്ത് രണ്ടാമനായി തന്നെയാണ് ധനമന്ത്രി ഇടുന്നതും.

ഒന്നാം പിണറായി സർക്കാരിൻെറ കാലത്ത് മുഖ്യമന്ത്രിയുടെ തൊട്ടടുത്തുളള കസേരയിൽ സി.പി.ഐയുടെ നിയമസഭാ കക്ഷി നേതാവും മന്ത്രിയുമായിരുന്ന ഇ.ചന്ദ്രശേഖരൻ ആയിരുന്നു ഇരുന്നത്. യു.ഡി.എഫ് സർക്കാരിൻെറ കാലത്തും മുഖ്യമന്ത്രിയ്ക്ക് തൊട്ടടുത്തായി മുസ്ലീം ലീഗ് നിയമസഭാകക്ഷി നേതാവായിരുന്നു ഇരുന്നിരുന്നത്. ഒന്നാം പിണറായി സർക്കാരിൻെറ കാലത്താണ് ഈ കീഴ്വഴക്കം മാറിയത്.

Advertisment