അഭയഭവനിലെ അന്തേവാസികളെ ദുഃഖത്തിലാഴ്ത്തി മേരിയമ്മയുടെ വിയോഗം

അധികമാരും പിന്തുടരാത്ത പാതയിലൂടെ  അചഞ്ചലമായ ഇച്ഛാശക്തിയോടെ നടന്നുനുങ്ങിയപ്പോൾ മേരിയ്ക്കൊപ്പം നടന്നു നീങ്ങാൻ ഒരുപാടുപേർ കൂട്ടു ചേർന്നു.

New Update
Untitled

പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് കൂവപ്പടിയിൽ പ്രവർത്തിക്കുന്ന ബെത്ലഹെം അഭയഭവൻ ഡയറക്ടർ മേരി എസ്തപ്പാൻ അന്തരിച്ചു.  

Advertisment

അശരണർക്കും ആലംബഹീനർക്കും അഭയമായി പാർക്കാനൊരിടമൊരുക്കി പരിമിതമായ സാഹചര്യങ്ങളിൽ അഭയഭവന് മേരി തുടക്കമിട്ടത് 2000-ലാണ്. മാനസിക വെല്ലുവിളി നേരിട്ട് തെരുവോരങ്ങളിൽ അലഞ്ഞു തിരിയുന്നവർ സ്തീയായാലും പുരുഷനായാലും അവരെ ഏറ്റെടുത്തു സംരക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെയായിരുന്നു സ്ഥാപനത്തിൻ്റെ തുടക്കം.


Untitled

അനാഥത്വം പേറുന്നവർക്കും ഭവനരഹിതർക്കും രോഗാതുരരായി സമൂഹത്തിൽ നിന്നും അകറ്റി നിർത്തപ്പെട്ടവർക്കും ഭക്ഷണവും വസ്ത്രവും താമസവും മരുന്നും അതോടൊപ്പം സ്നേഹ വാത്സല്യവും നൽകി അവരെ അഭയഭവന്റെ ഭാഗമാക്കി മേരി എസ്തപ്പാൻ. 

സ്വയം തൊഴിൽ ചെയ്യാൻ കെല്പുള്ളവർക്ക് ജീവിതത്തിന്റെ വിരസതമാറാനും കഴിഞ്ഞകാലത്തിന്റെ  അർത്ഥമില്ലായ്മയെക്കുറിച്ചുള്ള ചിന്തകളില്ലാതിരിയ്ക്കാൻ അവരെ വിവിധ ജോലികളിൽ മുഴുകാൻ പ്രേരിപ്പിച്ചു. ഒരു സാധാരണ വീട്ടമ്മയായിരുന്ന മേരി നുറുകണക്കിനന്തേവാസികൾക്ക് കാരുണ്യസ്പർശമേകുന്ന മേരിയമ്മയായിരുന്നു.

അധികമാരും പിന്തുടരാത്ത പാതയിലൂടെ  അചഞ്ചലമായ ഇച്ഛാശക്തിയോടെ നടന്നുനുങ്ങിയപ്പോൾ മേരിയ്ക്കൊപ്പം നടന്നു നീങ്ങാൻ ഒരുപാടുപേർ കൂട്ടു ചേർന്നു. 1998 ജനുവരി 5ന് അഭയ ഭവൻ കൂവപ്പടിയിൽ ഒരു ചാരിറ്റബിൾ സൊസൈറ്റിയായി രജിസ്റ്റർ ചെയ്തിരുന്നു. അഭ്യുദയകാംക്ഷികളിൽ നിന്ന് ലഭിക്കുന്ന സംഭാവനകൾ കൊണ്ടാണ് ചെലവ് വഹിക്കുന്നത്.

Untitled


"മാനസിക രോഗികളെ ആളുകൾ ഭയപ്പെടുന്നു. ഈ ഭയമാണ് അവരെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തുന്നതിലേക്ക് നയിക്കുന്നത്. എന്നിരുന്നാലും, സ്നേഹവും കരുതലും ആളുകളെ മാറ്റുമെന്ന് എന്റെ അനുഭവം എന്നെ പഠിപ്പിച്ചു " എന്നാണ് മേരി പറയാറുള്ളത്.


വെല്ലുവിളി നേരിടുന്നവരെ  സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ അഭയഭവനിലെ അന്തേവാസികൾക്കായി യോഗ, നൃത്തം, തയ്യൽ എന്നിവ പഠിപ്പിക്കാൻ മേരി മുൻകൈയെടുത്തിരുന്നു. ഇടയ്ക്കിടെ,  അവരെ ചെറിയ യാത്രകൾക്കായി കൊണ്ടുപോകുമായിരുന്നു.

Untitled

തിരുവനന്തപുരത്തേയ്ക്കുള്ള യാത്രാമദ്ധ്യേ അടൂരിൽ വച്ചൊരു അപകടമുണ്ടായി ചികിത്സയിലിരിക്കെയാണ് ശനിയാഴ്ച മേരി എസ്തപ്പാന്റെ അന്ത്യം. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും മേരിയെ തേടിയെത്തി ഈ കാലയളവിനുള്ളിൽ. മേരി എസ്തപ്പാന്റെ നിര്യാണത്തിൽ പെരുമ്പാവൂരിന്റെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ അനുശോചിച്ചു.

Advertisment