പ്രശസ്ത ത്വക്ക് രോഗ വിദഗ്ദ്ധന്‍ ഡോ. എം.ഐ ജോയി അന്തരിച്ചു. ഡെര്‍മറ്റോളജിയില്‍ എം.ഡി നേടിയ ആദ്യ മലയാളിയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ ഡെര്‍മറ്റോളജി വിഭാഗം സ്ഥാപിച്ചതും ഈ വിഭാഗത്തില്‍ എംഡി ആരംഭിച്ചതും ഡോ. ജോയി ചുമതല വഹിച്ച കാലത്താണ്. സാമൂഹിക സേവനങ്ങളിലും സജീവമായിരുന്നു

New Update
obit dr mi joy

കോട്ടയം: പ്രശസ്ത ത്വക്ക് രോഗ വിദഗ്ധനും ഡെര്‍മറ്റോളജിയില്‍ എം.ഡി നേടിയ ആദ്യ മലയാളിയുമായ ഡോ. എം.ഐ. ജോയി അന്തരിച്ചു. കോട്ടയം കഞ്ഞിക്കുഴി മൗണ്ട് വര്‍ധയിലെ വീട്ടില്‍ വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു വിശ്രമത്തിലിരിക്കെയാണ് അന്ത്യം.

Advertisment

കോട്ടയം മെഡിക്കല്‍ കോളജില്‍ ഡെര്‍മറ്റോളജി വിഭാഗം സ്ഥാപിച്ചതും ഈ വിഭാഗത്തില്‍ എം.ഡി ആരംഭിച്ചതും ഡോ. ജോയി ചുമതല വഹിച്ച കാലത്താണ്.

കൊച്ചി ചെറായി അയ്യമ്പള്ളി മഴുവഞ്ചേരിപറമ്പത്ത് വലിയവീട്ടില്‍ ഇട്ടിയച്ചന്റെയും എളച്ചിയുടെയും മകനായി 1931 ഴമയ് 23നാണ് ജോയി ജനിച്ചത്.
പ്രൈമറി സ്‌കൂള്‍ അധ്യാപകനായ ഇട്ടിയച്ചന്‍ മകന്‍ എം.ഐ. ജോയിയെ ഡോക്ടറാക്കി. 

വീട്ടില്‍ അധ്യാപകര്‍ ധാരാളം, ഒരു മകന്‍ വേറൊരു വഴിയില്‍ സഞ്ചരിക്കട്ടെ എന്നായിരുന്നു പിതാവിന്റെ ആഗ്രഹം. അധ്യാപകരുടെ കുടുംബത്തിന്റെ പാരമ്പര്യം പക്ഷേ കൈവിടാതെ ജോയി പിന്നീട്  ഡോക്ടര്‍മാരുടെ അധ്യാപകനായി മാറുകയായിരുന്നു.

കേരളം രൂപീകൃതമാകുന്നതിനു മുന്‍പു തിരുവിതാംകൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിയായി ജോയി ചേര്‍ന്നു. മെഡിക്കല്‍ കോളജിലെ രണ്ടാം ബാച്ചുകാരനായിരുന്നു. 

ഉദ്യോഗമണ്ഡല്‍ ഇഎസ്‌ഐ ആശുപത്രിയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചെങ്കിലും പിന്നീട് അദ്ദേഹം അധ്യാപനത്തിലേക്ക് മാറി. 

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ട്യൂട്ടറായാണ് ആദ്യ നിയമനം. കോഴിക്കോട്ട് ഡെര്‍മറ്റോളജി വിഭാഗം തുടങ്ങിയപ്പോള്‍ അതിലെ ഏക അധ്യാപകനായി.

ഉപരിപഠനത്തിനായി വെനീറിയല്‍ ഡിസീസ് ആന്‍ഡ് ഡെര്‍മറ്റോളജിയില്‍ ഡിപ്ലോമയ്ക്ക് ബോംബെ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. തുടര്‍ന്നു റോക്‌ഫെല്ലര്‍ സ്‌കോളര്‍ഷിപ്പോടെ ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) എംഡിക്ക് ചേര്‍ന്നു. 

ഈ വിഷയത്തില്‍ എംഡി നേടുന്ന ആദ്യ മലയാളിയായി. കോഴിക്കോട്, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളജുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കോട്ടയം മെഡിക്കല്‍ കോളജില്‍ ഡെര്‍മറ്റോളജി വിഭാഗം സ്ഥാപിച്ചതും ഈ വിഭാഗത്തില്‍ എംഡി ആരംഭിച്ചതും ഡോ. ജോയി ചുമതല വഹിച്ച കാലത്താണ്.

മെഡിക്കല്‍ കോളജില്‍ നിന്നു വിരമിച്ച ശേഷം ഒമാനിലും ജോലി നോക്കി. ഒമാന്‍ രാജാവായിരുന്ന ഖാബൂസ് ബിന്‍ സെയ്ദ് അല്‍ സെയ്ദിന്റെ ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ടില്‍ കണ്‍സല്‍റ്റന്റായി 18 വര്‍ഷം സേവനം അനുഷ്ഠിച്ചു. 

വീട്ടില്‍ സൗജന്യമായി ചികിത്സ നടത്തിയിരുന്നു. മന്ദിരം, പാറേട്ട് ആശുപത്രികളിലും സേവനം ചെയ്തു. സമൂഹത്തിന് അറിവു തിരികെ നല്‍കണമെന്ന വിശ്വാസത്തിലായിരുന്നു  ഈ സൗജന്യ സേവനം.

സാമൂഹിക സേവനങ്ങളിലും ഡോ. ജോയി സജീവമായിരുന്നു. ഐഎംഎ കോട്ടയം ബ്രാഞ്ചിന്റെ സെക്രട്ടറി, ഡെര്‍മറ്റോളജി അസോസിയേഷന്‍ ഓഫ് കേരള ബ്രാഞ്ച് പ്രസിഡന്റ്, കോട്ടയം റോട്ടറി പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ഡപ്യൂട്ടി സൂപ്രണ്ടുമായിരുന്നു.

ഭാര്യ: സാറാമ്മ മാത്യു. മക്കള്‍: രേഖ ആരിഫ് , രവി കുര്യന്‍, ഡോ.അഞ്ജന കുര്യന്‍.

Advertisment