Advertisment

കൊമ്പുവാദ്യരംഗത്തെ നാദോപാസകന്‍ ഓടയ്ക്കാലി പുരുഷോത്തമന്‍ നായര്‍ ഓര്‍മ്മയായി

ഗുരുക്കന്മാരായ എടയാക്കൂടി ചടച്ച വേലുപ്പണിയ്ക്കര്‍, വാളകം കുഞ്ഞന്‍ നായര്‍  എന്നിവരില്‍ നിന്നും കൊമ്പില്‍ അഭ്യസനം പൂര്‍ത്തിയാക്കി പന്ത്രണ്ടാം വയസ്സില്‍ മേളക്കാരുടെ ഇടയില്‍ ഇടംപിടിച്ച  പുരുഷോത്തമന്‍ നായര്‍ 80 വര്‍ഷത്തോളം ഈ മേഖലയില്‍ സജീവമായിരുന്നു. 

New Update
nair 111

കുറുപ്പംപടി:  പഞ്ചവാദ്യത്തിലെയും ചെണ്ടമേളത്തിലെയും പക്കവാദ്യ, അനുസാരിയായ കൊമ്പുവാദ്യത്തെ സ്വതസിദ്ധമായ ശബ്ദനിയന്ത്രണമികവിലൂടെ ആസ്വാദകര്‍ക്കിടയില്‍  ശ്രദ്ധേയമാക്കിയ മധ്യകേരളത്തിലെ ആദ്യകാല കൊമ്പുവാദ്യ കലാകാരന്‍ കുറുപ്പംപടി ഓടയ്ക്കാലി പുരുഷോത്തമന്‍ നായര്‍ തൊണ്ണൂറ്റാറാം വയസ്സില്‍ ഓര്‍മ്മയായി. 

Advertisment


നൂലേലി എടയാക്കുടി വീട്ടില്‍ വാര്‍ധക്യസഹജമായ  അസുഖത്തെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. ചൊവ്വാഴ്ച രാവിലെ 9.30-യ്ക്കായിരുന്നു അന്ത്യം.


മേളക്കാരുടെയും  മേളക്കമ്പക്കാരുടെയും ഏറെ പ്രിയപ്പെട്ട 'പുരുഷുച്ചേട്ടന്‍' സൗമ്യനും  സഹൃദയനുമായ കലാകാരനായിരുന്നു. 


nair 22

ഗുരുക്കന്മാരായ എടയാക്കൂടി ചടച്ച വേലുപ്പണിയ്ക്കര്‍, വാളകം കുഞ്ഞന്‍ നായര്‍  എന്നിവരില്‍ നിന്നും കൊമ്പില്‍ അഭ്യസനം പൂര്‍ത്തിയാക്കി പന്ത്രണ്ടാം വയസ്സില്‍ മേളക്കാരുടെ ഇടയില്‍ ഇടംപിടിച്ച  പുരുഷോത്തമന്‍ നായര്‍ 80 വര്‍ഷത്തോളം ഈ മേഖലയില്‍ സജീവമായിരുന്നു. 



ശബരിമലയില്‍ മേളത്തില്‍ പങ്കെടുത്തിട്ടുണ്ട്. തൃശൂര്‍ പാറമേക്കാവ്, ചോറ്റാനിക്കര, തൃപ്രയാര്‍, അമ്പലപ്പുഴ, ഉത്രാളിക്കാവ്, നെന്മാറ വല്ലങ്ങി വേല, തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശക്ഷേത്രം, കുന്നംകുളം വരവൂര്‍ 
തുടങ്ങിയ ഇടങ്ങളിലൊക്കെ മേജര്‍സെറ്റ് പഞ്ചവാദ്യങ്ങളില്‍ അകമ്പടിക്കാരനാകാനുള്ള 
ഭാഗ്യമുണ്ടായി. 


nair 33

രാമമംഗലം പെരുംതൃക്കോവില്‍ ക്ഷേത്രത്തില്‍ നിന്നും സുവര്‍ണ്ണമുദ്ര,തൃക്കാമ്പുറം കൃഷ്ണന്‍കുട്ടി മാരാര്‍ സ്മാരക പുരസ്‌കാരം, പെരുവാരം മഹാദേവക്ഷേത്രത്തില്‍  നിന്നും സുവര്‍ണ്ണമുദ്ര, 2005-ല്‍ സ്വദേശമായ ഓടയ്ക്കാലി പൗരാവലി നല്‍കിയ സുവര്‍ണ്ണഹാരവും സുവര്‍ണ്ണമുദ്ര എന്നിവ അദ്ദേഹത്തിന്റെ കഴിവിനുള്ള അംഗീകാരങ്ങളായി. 


എട്ടു പതിറ്റാണ്ട്  കൊമ്പുവാദനത്തിനായി ജീവിതമുഴിഞ്ഞുവച്ച പുരുഷോത്തമന്‍നായര്‍ക്ക് അംഗീകാരങ്ങളൊന്നും നല്‍കാന്‍ സര്‍ക്കാര്‍തലത്തില്‍ സാംസ്‌കാരിക വകുപ്പിന്റെ ഇടപെടലുണ്ടായില്ല. മൂക്കന്നൂര്‍ മഠത്തില്‍ വീട്ടില്‍ കുടുംബാംഗം ജാനകിയമ്മയാണ് ഭാര്യ. 


കൊമ്പുവാദനത്തില്‍ അച്ഛന്റെ പാത പിന്തുടര്‍ന്ന്  ഗിന്നസ് ബുക്കിലിടം നേടിയ കലാകാരന്‍ ഓടയ്ക്കാലി മുരളി മകനാണ്.  ലത, ജയ, സുധ, മിനി എന്നിവരാണ് മറ്റുമക്കള്‍.  മരുമക്കള്‍: രാജന്‍ (ബി.എസ്.എന്‍.എല്‍.), മായ, കൊമ്പു കലാകാരന്‍ രാമമംഗലം കാര്‍ത്തികേയന്‍, ചന്ദ്രന്‍, ഷാജി. സംസ്‌കാരം ബുധനാഴ്ച രാവിലെ 11ന് നൂലേലിയിലെ വീട്ടുവളപ്പില്‍ നടക്കും. 

Advertisment