കോട്ടയം: ഉപയോഗിച്ച എണ്ണയുടെ പുനരുപയോഗം തടയാനുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ തെരുവ് നാടകം അവതരിപ്പിച്ചു.
നല്ല ഭക്ഷണം കഴിക്കുക നാലാംഘട്ട ചലഞ്ചിന്റെ ഭാഗമായി കോട്ടയം സി.എം.എസ് കോളജിന്റെ സഹകരണത്തോടെയാണ് നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍ തെരുവുനാടകം അരങ്ങേറിയത്.
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. സി.റ്റി. അരവിന്ദകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. അഞ്ജു സൂസന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു.
ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ്റ് കമ്മീഷണര്‍ എ.എ. അനസ്, ഡോ. എസ്. ശ്രീജ, കവിത വിജയന്‍, അക്ഷയ വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.
റൂക്കോ
എഫ്.എസ്.എസ്.എ.ഐ.യുടെ സുസ്ഥിരപദ്ധതിയായ റൂക്കോയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച നാടകം പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു.
ഉപയോഗിച്ച പാചകഎണ്ണ ബയോ ഡീസല്‍ ആക്കി മാറ്റുന്ന പദ്ധതിയാണ് റൂക്കോ.
ഉപയോഗിച്ച എണ്ണ എഫ്.എസ്.എസ്.എ.ഐ. അംഗീകൃത ഏജന്‍സികള്‍ ശേഖരിക്കുമെന്നും അവ ബയോ ഡീസല്‍, സോപ്പു നിര്‍മാതാക്കള്‍ എന്നിവര്‍ക്ക് കൈമാറുകയാണ് വേണ്ടതെന്നുമുള്ള സന്ദേശമാണ് നാടകത്തിലൂടെ ഉയര്‍ത്തിയത്.
ഭക്ഷണ ദാനം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുക, ഭക്ഷണം പാഴാക്കാതിരിക്കുക എന്നീ സന്ദേശവും നാടകത്തിലൂടെ നല്‍കി. റൂക്കോയെ സംബന്ധിച്ചുള്ള ലഘുലേഖ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തു.