ഓണത്തെ വരവേൽക്കാനൊരുങ്ങി മലയാളി. ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന്. ഗവ. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിലെ അത്തംനഗറിൽ രാവിലെ 9.30-ന് സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അത്തപ്പതാക ഉയർത്തും. ഹൈബി ഈഡൻ എംപി ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും.
59 കലാസംഘങ്ങളിലായി ആയിരത്തോളം കലാകാരന്മാർ ഘോഷയാത്രയിൽ പങ്കെടുക്കും. ചരിത്രവും ഐതിഹ്യവും സമകാലിക വിഷയങ്ങളും പ്രതിപാദിക്കുന്ന 15 നിശ്ചലദൃശ്യങ്ങളുമുണ്ടാകും. തൃപ്പൂണിത്തുറ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, സ്റ്റാച്യു, കിഴക്കേകോട്ട, എസ്എൻ ജംഗ്ഷൻ, വടക്കേകോട്ട, കോട്ടയ്‌ക്കകം, സ്റ്റാച്യു ജംഗ്ഷൻ വഴി നഗരം ചുറ്റുന്ന ഘോഷയാത്ര പകൽ മൂന്നിന് തിരികെ അത്തംനഗറിലെത്തും. രാവിലെ പത്തിന് സിയോൻ ഓഡിറ്റോറിയത്തിൽ അത്തപ്പൂക്കളമത്സരവും പൂക്കളപ്രദർശനവും നടക്കും.
ഇന്നലെയാണ് അത്തംനഗറിൽ ഉയർത്താനുള്ള അത്തപ്പതാക വാദ്യമേളങ്ങളുടെ അകമ്പടിയോടെ എത്തിച്ചത്. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെയും താളമേളങ്ങളും ഘോഷയാത്രയ്‌ക്ക് മാറ്റുകൂട്ടി. തെയ്യം, പുലിക്കളി, ശിങ്കാരിമേളം എന്നിവയും ഘോഷയാത്രയുടെ ഭാഗമായി.
ഇന്ന് രാവിലെ ഏഴ് മുതൽ വൈകുന്നേരം നാല് വരെ തൃപ്പൂണിത്തുറയിൽ ഗതാഗത ക്രമീകരണമേർപ്പെടുത്തിയിട്ടുണ്ട്.
കോട്ടയം ഭാഗത്തുനിന്ന് വരുന്ന ചരക്കുവാഹനങ്ങൾ മുളന്തുരുത്തി, ചോറ്റാനിക്കര, -തിരുവാങ്കുളം,- സീപോർട്ട്- എയർപോർട്ട് റോഡ് വഴി എറണാകുളത്തേക്ക് പോകണം.
വൈക്കം ഭാഗത്ത് നിന്ന് വരുന്ന ചരക്കുവാഹനങ്ങൾ നടക്കാവ് ജംഗ്ഷനിൽനിന്ന് തിരിഞ്ഞ് മുളന്തുരുത്തി വഴി തിരുവാങ്കുളം സീപോർട്ട്-എയർപോർട്ട് റോഡ് വഴി എറണാകുളത്തേക്ക് പോകണം.
കോട്ടയം, വൈക്കം, മുളന്തുരുത്തി ഭാഗങ്ങളിൽനിന്ന് എറണാകുളത്തേക്ക് പോകേണ്ട സർവീസ് ബസുകളും ചെറുവാഹനങ്ങളും കണ്ണൻകുളങ്ങര ജംഗ്ഷനിലെത്തി മിനി ബൈപാസ് വഴി പോകണം.
കോട്ടയം, വൈക്കം ഭാഗങ്ങളിൽനിന്ന് കാക്കനാട്, അമ്പലമേട്, തിരുവാങ്കുളം ഭാഗങ്ങളിലേക്ക് പോകേണ്ടവ നടക്കാവ് ജംഗ്ഷനിലെത്തി മുളന്തുരുത്തി, ചോറ്റാനിക്കരവഴി പോകണം.
എറണാകുളം, വൈറ്റില ഭാഗങ്ങളിൽനിന്ന് വൈക്കം, മുളന്തുരുത്തി, കോട്ടയം ഭാഗങ്ങളിലേക്ക് പോകേണ്ട ചെറുവാഹനങ്ങളും സർവീസ് ബസുകളും പേട്ട ജംഗ്ഷനിലെത്തി വലത്തോട്ടുതിരിഞ്ഞ് മിനി ബൈപാസ്, കണ്ണൻകുളങ്ങര വഴി പോകണം.
വൈറ്റില, കുണ്ടന്നൂർ ഭാഗങ്ങളിൽനിന്ന് അമ്പലമേട്, ചോറ്റാനിക്കര, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് പോകേണ്ട എല്ലാ വാഹനങ്ങളും പേട്ട ജംഗ്ഷനിലെത്തി ഇരുമ്പനം ജംഗ്ഷൻവഴിയും പോകണം
വെണ്ണല, എരൂർ ഭാഗങ്ങളിൽനിന്ന് കോട്ടയം, അമ്പലമേട്, മൂവാറ്റുപുഴ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ എരൂർ ലേബർ ജംഗ്ഷനിൽനിന്ന് സീപോർട്ട്- എയർപോർട്ട് റോഡ് വഴി ഇരുമ്പനം ജംഗ്ഷനിലെത്തി പോകണം.
മൂവാറ്റുപുഴ, തിരുവാങ്കുളം, അമ്പലമേട് ഭാഗങ്ങളിൽനിന്ന് എറണാകുളം, ആലപ്പുഴ ഭാഗങ്ങളിലേക്കുള്ള ചെറുവാഹനങ്ങളും സർവീസ് ബസുകളും കരിങ്ങാച്ചിറ -ഇരുമ്പനം ജംഗ്ഷനിലെത്തി എസ്എൻ ജംഗ്ഷൻ പേട്ട വഴിയും ഭാരവാഹനങ്ങൾ കാക്കനാട്, പാലാരിവട്ടം വഴിയും പോകണം.
ടിപ്പർ, ടാങ്കർ, കണ്ടെയ്‌നർ ലോറികൾക്ക് തൃപ്പൂണിത്തുറ ടൗണിലേക്ക് പ്രവേശനമുണ്ടാകില്ല. പുതിയകാവ് ഭാഗത്ത് നിന്ന് മാർക്കറ്റ് റോഡ് വഴി തൃപ്പൂണിത്തുറ മാർക്കറ്റ് റോഡ് ജംഗ്ഷനിലേക്ക് പ്രവേശനമില്ല.