/sathyam/media/media_files/2025/08/05/onam-bumper-2025-08-05-16-08-22.jpg)
കോട്ടയം: ഓണം ബംബര്‍ വില്‍പ്പന അവസാന ദിവസങ്ങളിലേക്ക്.. ഓരോ ഭാഗ്യാന്വേഷികളും ഇത്തവണയും ഏറെ ആവേശത്തിലാണ്.എല്ലാ വര്‍ഷത്തേയും പോലെ ഇത്തവണയും ഓണം ബമ്പര്‍ ലോട്ടറി വില്‍പ്പന പൊടിപൊടിക്കുന്നുണ്ട്. എങ്കിലും ഭാഗ്യാന്വേഷികള്‍ക്ക് പാലക്കാട്, തൃശൂര്‍, പത്തനംതിട്ട ജില്ലകളിലെ ടിക്കറ്റുകളോടാണു പ്രിയം കൂടുതല്‍. സാധാരണയായി ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്നതും പാലക്കാട് തന്നെയാണ്. ഭാഗ്യം കൂടുതലായും ഈ ജില്ലകളിലേക്ക് എത്തുന്ന എന്ന വിശ്വാസമാണു ഭാഗ്യന്വേഷികള്‍ക്കു പ്രചോദനമാവുന്നത്.
എന്നാല്‍, ഇത്തവണ ചെറിയൊരു ട്വിസ്റ്റുണ്ട്. ടിക്കറ്റിന്റെ വില അഞ്ഞൂറൂ രൂപയെന്നു കേട്ടു മുഖം ചുളിക്കുന്നവര്‍ക്കായി കോട്ടയം ആര്‍പ്പൂക്കര മേഖലകളില്‍ 450 രൂപയ്ക്കു ടിക്കറ്റ് വില്‍ക്കുന്നവര്‍ ഉണ്ട്. പത്തെണ്ണം ഒന്നിച്ചെടുത്താല്‍ ഒരു ടിക്കറ്റ് സൗജന്യമായും കൊടുക്കും. ടിക്കറ്റ് അതിവേഗം വിറ്റുപോകാനാണ് ഇത്തരത്തില്‍ ചെയ്യുന്നത്. തങ്ങളുടെ കമ്മീഷനില്‍ നിന്നാണു തുക കുറയ്ക്കുന്നതെന്നു തൊഴിലാളികള്‍ പറയുന്നു. അഞ്ഞൂറു രൂപയെന്നു കേള്‍ക്കുമ്പോള്‍ വാങ്ങാന്‍ പലരും മടി കാണിക്കും. എന്നാല്‍, 450 രൂപയ്ക്കു തരാമെന്നു പറഞ്ഞാല്‍ ആളുകള്‍ക്കു പ്രശ്‌നമില്ലെന്നാണു തൊഴിലാളികളുടെ പക്ഷം.
പലാക്കാട്ടെയും തൃശൂരെയും തിരുവനന്തപുരത്തെയും തുടങ്ങി ഏതു ജില്ലയിലെ ടിക്കറ്റുകള്‍ വേണമെങ്കിലും എല്ലാ ജില്ലകളിലും കിട്ടും. പക്ഷേ, പലാക്കാട്ടെയും തൃശൂരുമൊക്കെ തിരക്കയെത്തുന്നവര്‍ ഏറെയാണ്. 25 കോടി എന്ന സ്വപ്നത്തിലേക്ക് ഇനി വെറും 3 ദിവസം മാത്രം ബാക്കി. കൂടുതല്‍ ടിക്കറ്റ് വിറ്റുപോകുമെന്ന പ്രതീക്ഷയാണുള്ളതെന്നും തൊഴിലാളികള്‍ പറയുന്നു.
ഇനി വെറും 3 നാള്‍ മാത്രമാണ് ഓണം ബമ്പര്‍ ലോട്ടറിയുടെ നറുക്കെടുപ്പിന്. ഈ അവസാനവട്ടത്തെ തിരക്ക് നിര്‍ണായകമാണ്. ഈ ദിവസങ്ങളില്‍ അപ്രതീക്ഷിതമായ മുന്നേറ്റമായിരിക്കും വില്‍പ്പനയില്‍ കാണാന്‍ സാധിക്കുന്നത്. നിലവില്‍ വില്‍പ്പന 70 ലക്ഷത്തിനു മുകളിലെത്തി. ഈ വര്‍ഷം 90 ലക്ഷം ലോട്ടറികളാണ് അച്ചടിച്ചത്. അതിനാല്‍ തന്നെ 80 ലക്ഷത്തിനു മുകളില്‍ വില്‍പ്പന കുതിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ വര്‍ഷം വയനാട് ജില്ലയിലാണ് ഓണം ബമ്പര്‍ അടിച്ചത്. ടി.ജി 434222 ഈ നമ്പറുള്ള ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം തേടിയെത്തിയത്. ഇത്തവണ ഏതു ജില്ലയിലായിരിക്കും ഏന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിലൂടെ ലഭിക്കുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചു ലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകള്‍ക്കും നല്‍കുന്നു എന്നതാണ് തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ മറ്റൊരു സവിശേഷത.