ഓണത്തല്ല്
ഏറ്റവും പഴക്കം ചെന്ന ഓണക്കളികളില്‍ ഒന്നാണ് ഓണത്തല്ല്. മധ്യ കേരളത്തിലാണ് ഓണത്തല്ലിന്റെ ഉത്ഭവമെന്നാണ് കരുതുന്നത്. ഓണക്കാലത്ത് നാടുവാഴികള്‍ക്കും, സവര്‍ണ്ണ വിഭാഗങ്ങള്‍ക്കും കണ്ടാസ്വദിക്കാന്‍ നടത്തിയിരുന്ന മെയ്യ് ആയോധന കലാരൂപമാണ് ഓണത്തല്ലെന്ന് പറയപ്പെടുന്നു. കൈകള്‍ ഉപയോഗിച്ചുള്ള ആയോധന വ്യായാമം ആണ് ഇത്. ഓണത്തല്ല് ചേരമാന്‍ പെരുമാക്കള്‍മാരുടെ കാലത്തോ അതിനും മുമ്പോ ഉദയം കൊണ്ടതാകാമെന്നും വിവിധ അഭിപ്രായങ്ങളുണ്ട്.
തലപ്പന്തു കളി
ഓണാഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുന്ന നാടന്‍ കായിക വിനോദങ്ങളിലൊന്നാണ് തലപ്പന്തുകളി. തലമപ്പന്തെന്നും ഓണപ്പന്തെന്നും ഈ കളി അറിയപ്പെടുന്നുണ്ട്. ഓണക്കാലത്ത് നാട്ടിന്‍പുറങ്ങളില്‍ കുട്ടികളും മുതിര്‍ന്നവരുമൊക്കെ വീട്ടു മുറ്റങ്ങളിലും മൈതാനങ്ങളിലുമൊക്കെ തലപ്പന്തു കളി കളിക്കാറുണ്ട്. തലയ്ക്ക് മീതെ കൂടി പന്തടിച്ച് കളിയ്ക്കുന്ന കളിയായതിനാലാകം ഇതിന് തലപ്പന്തുകളിയെന്ന പേര് ലഭിച്ചത്. കളിക്കാര്‍ രണ്ട് സംഘങ്ങളായി പിരിഞ്ഞ്, ഒരു കൂട്ടര്‍ കളിക്കുകയും മറ്റേ കൂട്ടര്‍ കാക്കുകയും ചെയ്യുന്നതാണ് തലപ്പന്തുകളിയുടെ രീതി.
കുട്ടിയും കോലും
ഓണക്കാലം മാത്രമല്ല, കേരളത്തില്‍ അവധിക്കാലത്തും അല്ലാതെയും കുട്ടികള്‍ സ്ഥിരം കളിക്കുന്ന ഒരു നാടന്‍ കളിയാണ് കുട്ടിയും കോലും. കൊട്ടിയും പുള്ളും, ചുട്ടിയും കോലും, ചൊട്ടയും മണിയും, ഇട്ടിയും കോലും, ചുള്ളിം വടിയും എന്നൊക്കെ പ്രാദേശികമായി ഒട്ടേറെ പേരുകളുണ്ട് കുട്ടിയും കോലും കളിക്ക്. ക്രിക്കറ്റിനോടും ബേസ്‌ബോളിനോടും സാദൃശ്യമുള്ള നാടന്‍ കളിയാണിത്.
തുമ്പിതുള്ളല്‍
ഓണാഘോഷത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്ന രസകരമായൊരു കളിയാണ് തുമ്പിതുള്ളല്‍. ചില സ്ഥലങ്ങളില്‍ തിരുവാതിര ആഘോഷത്തിനും കളിക്കും. പെണ്‍കുട്ടികളാണ് തുമ്പി തുളളുക. കയ്യില്‍ തുമ്പച്ചെടിയുടെ കുടമോ മരത്തൂപ്പോ നടുക്കിരിക്കുന്ന പെണ്‍കുട്ടിയുടെ കയ്യില്‍ ഉണ്ടാകും. ചുറ്റും നില്‍ക്കുന്നവര്‍ പാട്ടു പാടുകയും ആര്‍പ്പും കുരവയുമായി പെണ്‍കുട്ടിയെ തുമ്പി തുള്ളിക്കുവാന്‍ ശ്രമിക്കുകയും ചെയ്യും.
കിളിത്തട്ടു കളി
ഓണക്കാലത്തെ പഴയ കളികളിലൊന്ന്. നമുക്ക് അന്യം നിന്നു പോകുന്ന നാടന്‍ കളികളിലൊന്ന് കൂടിയാണ് കിളിത്തട്ടു കളി. തട്ടുകളിയെന്നും പേരുണ്ട്. ഓണാവധികളില്‍ കിളിത്തട്ട് രാവിലെ തന്നെ പിടിച്ച് വൈകും വരെ കളി തുടരുന്ന കുട്ടിക്കാലം ഒരു നൊസ്റ്റാള്‍ജിയ ആണ്. മണ്ണില്‍ ദീര്‍ഘ ചതുരാകൃതിയിലാണ് കിളിത്തട്ട് വരയ്ക്കുന്നത്. തട്ടിനെ നീളത്തില്‍ രണ്ട് തുല്യ ഭാഗങ്ങളാക്കും. എന്നിട്ട് കുറുകെ 5 തട്ടുകളായി വിഭജിക്കുന്നു. രണ്ട് ടീമായി ആണ് കളിക്കുക. 5 പേര്‍ അടങ്ങുന്നതാണ് ഒരു ടീം. കളിക്കാരില്‍ ഒരാള്‍ കിളി എന്ന് പറയുന്ന ആളാകും. റഫറിയുടെ പണിയാണ് കിളി എടുക്കുക.
ബാക്കിയുള്ളവര്‍ ഓരോ തട്ടിലേയും കളങ്ങളുടെ വരകളില്‍ നില്ക്കണം. കിളി കൈകള്‍ കൊട്ടി കഴിഞ്ഞാല്‍ കളി തുടങ്ങി. എതിര്‍ ടീമിലുള്ളവര്‍ ഓരോ കളത്തിലും കയറണം. എന്നാല്‍ കിളിയുടേയെ വരയില്‍ നില്ക്കുന്നവരുടേയോ അടി കിട്ടാതെ വേണം ഒരു കളത്തില്‍ നിന്ന് മുന്നോട്ടുള്ള കളത്തിലേക്ക് ചാടാന്‍. അടി കിട്ടിയാല്‍, കിട്ടിയ ആള്‍ കളിയില്‍ നിന്ന് പുറത്താകും. അടി കിട്ടാതെ ഓരോ കളവും ചാടി പുറത്ത് ഇറങ്ങുന്നവര്‍ അതുപോലെ തിരിച്ചും കയറണം.