എട്ടില്‍ ഒരാള്‍ക്ക് പ്രമേഹം: ലോക ഹൃദയ ദിനത്തില്‍ ന്യൂബര്‍ഗ് ഡയഗ്നോസ്റ്റിക്‌സിന്‍റെ കണ്ടെത്തല്‍

New Update
diabetes in kerala

കൊച്ചി: 2025-ലെ ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ യുവജനങ്ങളില്‍ വര്‍ധിച്ചുവരുന്ന ഹൃദയ-മെറ്റബോളിക് അപകടസാധ്യതയെ കുറിച്ച് പുതിയ കണ്ടെത്തലുകള്‍ ന്യൂബര്‍ഗ് ഡയഗ്നോസ്റ്റിക്‌സ് പുറത്തുവിട്ടു. ലോകമെമ്പാടുമുള്ള ഹൃദയ സംബന്ധമായ രോഗങ്ങള്‍ മൂലമുള്ള മരണങ്ങളില്‍ ഏകദേശം അഞ്ചിലൊന്നും ഇന്ത്യയിലാണ്. ദേശീയ പഠനങ്ങള്‍ പ്രകാരം യുവജനങ്ങളില്‍  ഏകദേശം 11 ശതമാനം പേര്‍ക്ക് ഹൃദയ സംബന്ധമായ രോഗങ്ങളുടെ സാധ്യതയുണ്ട്. ഇതിനുള്ള രണ്ട് പ്രധാന കാരണങ്ങള്‍ പ്രമേഹവും കൊളസ്ട്രോളിന്‍റെ അളവിലുള്ള മാറ്റവുമാണ്. ഇവ രണ്ടും യുവജനങ്ങളില്‍ ഹൃദയ രോഗങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നു.

Advertisment

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ന്യൂബര്‍ഗ് ലബോറട്ടറീസ് കൊച്ചി, ബംഗളൂരു, ചെന്നൈ, അഹമ്മദാബാദ്, മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത എന്നീ ഏഴ് നഗരങ്ങളിലായി  12.5 ലക്ഷത്തിലധികം ഗ്ലൈകെറ്റഡ് ഹീമോഗ്ലോബിന്‍ പരിശോധനയും (എച്ച്ബിഎ1സി) ലിപിഡ് പ്രൊഫൈല്‍ പരിശോധനകളും നടത്തി. ഈ ഡേറ്റ വാര്‍ഷിക ആരോഗ്യ പരിശോധനയ്ക്ക് ലാബിലെത്തിയ ഉപഭോക്താക്കളെ അടിസ്ഥാനമാക്കിയുള്ളതാണ്. 2.2 ലക്ഷം പേര്‍ 25-നും 35-നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. 13 ശതമാനം പേര്‍ ഇതിനകം പ്രമേഹരോഗികളാണ്. 25 ശതമാനം പേര്‍ പ്രീ-ഡയബിറ്റീസ് പരിധിയിലും, 28 ശതമാനം പേര്‍ക്ക് മൊത്തം കൊളസ്ട്രോള്‍ അപകടകരമായ രീതിയില്‍ ഉയര്‍ന്ന നിലയിലുമാണ്. 

മേഖലാടിസ്ഥാനത്തില്‍  നടത്തിയ വിശകലനത്തില്‍ പ്രമേഹത്തിന്‍റെ നിരക്ക്  രാജ്യത്തിന്‍റെ തെക്ക്,  പടിഞ്ഞാറ്  മേഖലയില്‍ 14 ശതമാനവും വടക്കന്‍  മേഖലയില്‍ 9  ശതമാനവുമാണെന്ന്  കണ്ടെത്തി. ന്യൂബെര്‍ഗ് ഡയഗ്നോസ്റ്റിക്സിലെ ബയോകെമിസ്ട്രി വിഭാഗം മേധാവിയായ ഡോ. പ്രജ്വല്‍ എ. എംഡി, ഡേറ്റാ സയന്‍സ് ടീമിനൊപ്പം ചേര്‍ന്നാണ് ഈ വിവരങ്ങള്‍ വിശകലനം ചെയ്തത്.

ഈ കണ്ടെത്തലുകള്‍ ഒരു മുന്നറിയിപ്പാണ്. പരിശോധന നടത്തിയ യുവാക്കളില്‍ എട്ടില്‍ ഒരാള്‍ ഇതിനകം പ്രമേഹരോഗിയും നാലില്‍ ഒരാള്‍ പ്രീ-ഡയബിറ്റീസ് ഘട്ടത്തിലുമാണ്. രാജ്യത്ത്  ജീവിതശൈലീ രോഗങ്ങള്‍  അതിവേഗം പടരുന്ന ഒരു മഹാമാരിയായി മാറുകയാണ്. നേരത്തെയുള്ള പരിശോധന, ഭക്ഷണക്രമത്തിലും ജീവിതശൈലിയിലുമുള്ള മാറ്റങ്ങള്‍, കൃത്യ സമയത്തുള്ള ചികിത്സ എന്നിവ  നമ്മുടെ യുവാക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും അകാലത്തിലുള്ള ഹൃദ്രോഗങ്ങളുടെ നിരക്ക്  കുറയ്ക്കുന്നതിനും നിര്‍ണായകമാണെന്ന് ന്യൂബെര്‍ഗ് ഡയഗ്നോസ്റ്റിക്സിലെ മെഡിക്കല്‍ ഡയറക്ടറായ ഡോ. സുജയ് പ്രസാദ് പറഞ്ഞു.

ഹൃദയം ഉപയോഗിക്കുക, ഹൃദയത്തെ അറിയുക എന്നതാണ് ലോക ഹൃദയ ദിനം 2025-ന്‍റെ പ്രമേയം. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് മുന്‍പ് തന്നെ ഹൃദയാരോഗ്യ നില മനസ്സിലാക്കേണ്ടതിന്‍റെ പ്രാധാന്യം എടുത്ത് കാണിക്കുന്നു. പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോള്‍, ഹൈപ്പര്‍ടെന്‍ഷന്‍ തുടങ്ങിയ അവസ്ഥകള്‍ നേരത്തെയുള്ള മുന്നറിയിപ്പുകളില്ലാതെ ഹൃദയത്തിനും രക്തക്കുഴലുകള്‍ക്കും കേടുപാടുകള്‍ വരുത്തുകയും ചെയ്യുന്നതിനാല്‍ പ്രതിരോധ ആരോഗ്യ പരിശോധനകള്‍ അത്യന്താപേക്ഷിതമാണ്.

Advertisment