/sathyam/media/media_files/5gxWyFFBkyXxkAyNz49U.jpg)
തിരുവനന്തപുരം: ദീപാവലിയോടെ സ്വർണവില ഇന്ത്യയിൽ പവന് ഒരുലക്ഷം രൂപയിലെത്തുമെന്ന് വിലയിരുത്തൽ. തുടർച്ചയായ ദിവസങ്ങളിൽ സ്വർണവില കുതിച്ചുയരുകയാണ്. ഈ പോക്ക് പോയാൽ ദീപാവലിയാവുമ്പോൾ പവന് വില ലക്ഷത്തിലെത്തും. കേരളത്തിൽ ഇത് ചിങ്ങമാസത്തിലെ വിവാഹ സീസണാണ്. ഈ കാലത്ത് സ്വർണവില കുതിച്ചുയരുന്നത് മലയാളികളെ കുറച്ചൊന്നുമല്ല ആശങ്കയിലാക്കുന്നത്. ഇനിയും സ്വർണവില ഉയരുമെന്ന് ലോകബാങ്കുകളും വിദഗ്ദരും പ്രവചിച്ചിരിക്കുകയാണ്.
ആഗോളവിപണിയിൽ സ്വർണവില റോക്കറ്റ് പോലെ കുതിക്കുകയാണ്. ലോകത്ത് വിശ്വസിക്കാവുന്ന ഏക നിക്ഷേപസാധ്യതയെന്ന നിലയിലേക്ക് സ്വർണ്ണം മാറിയതാണ് വില കുതിച്ചുയരാൻ കാരണം. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ പ്രിയമേറിയതോടെ രാജ്യാന്തര വിപണിയിൽ വില ഔൺസിന്(28.35 ഗ്രാം) 3,650 ഡോളറാണ്. അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ കുറയ്ക്കുമെന്ന വാർത്തകളാണ് കരുത്തായത്. 2022 ഡിസംബർ 29ന് സ്വർണ വില ഗ്രാമിന് 5005 രൂപയും പവന് 40,040 രൂപയുമായിരുന്നു. മൂന്ന് വർഷത്തിനിടെയാണ് വില ഇരട്ടിയായത്. സ്വർണവിലയിലെ വൻ കുതിപ്പ് പണപ്പെരുപ്പത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ആഗോള വിപണിയിൽ ഉണ്ടാകുന്ന അനിശ്ചിതത്വവും ലോകബാങ്കുകൾ സുരക്ഷിത നിക്ഷേപമെന്ന രീതിയിൽ സ്വർണം വാങ്ങിക്കൂട്ടുന്നതുമാണ് വില വർദ്ധിക്കാനുളള പ്രധാന കാരണങ്ങൾ. പണ്ടുമുതൽക്കേ സാമ്പത്തിക അനിശ്ചിതത്വം ഉണ്ടാകുമ്പോൾ സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് നിക്ഷേപകർ കണക്കാക്കിയിരുന്നത്. എന്നാൽ പലിശനിരക്കിലുണ്ടായ വർദ്ധനവ് നിക്ഷേപകരുടെ ഈ ധാരണയെ മാറ്റുകയും ചെയ്തു. നിക്ഷേപക കമ്പനിയായ ഗോൾഡ്മാൻ സാച്ച്സിന്റെ നിരീക്ഷണമനുസരിച്ച് 2022ൽ യുക്രെയ്നിലേക്കുളള റഷ്യയുടെ അധിനിവേശത്തിന് പിന്നാലെ റഷ്യൻ സെൻട്രൽ ബാങ്കുകൾ കരുതൽ ശേഖരത്തെ മരവിപ്പിച്ചിരുന്നു. ഇത് സ്വർണവില ഉയരാൻ കാരണമായി. ആഗോള രാഷ്ട്രീയ സംഘർഷങ്ങളും അമേരിക്കയിൽ പലിശ കുറയാനുള്ള സാദ്ധ്യതകളും സ്വർണ വില ഇനിയും ഉയർത്തിയേക്കും. നിലവിലെ ട്രെൻഡ് അനുസരിച്ച് രാജ്യാന്തര വില ഔൺസിന് 3,700 ഡോളറാകുമെന്നാണ് പ്രവചനം.
സ്വർണ്ണവില കൂടിയതോടെ കേരളത്തിൽ സ്വർണ്ണത്തോടുള്ള താൽപര്യം കുറഞ്ഞിട്ടുണ്ട്. എന്നാൽ തമിഴ്നാട്ടിലും ഉത്തരേന്ത്യയിലും വിൽപനയിൽ കാര്യമായ കുറവില്ല. കേരളത്തിൽ ആഭരണഭ്രമം ആണെങ്കിൽ ഉത്തരേന്ത്യയിൽ സ്വർണ്ണം നിക്ഷേപമാണ്. ദീപാവലിക്ക് നിക്ഷേപത്തിന് താൽപര്യം കൂടുന്നതോടെ സ്വർണ്ണത്തിന്റെ ഡിമാൻഡും കൂടും. ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്കയുടെ താരിഫ് ഇടപെടലുകളും യൂറോപ്പിലേയും മധ്യേഷ്യയിലേയും യുദ്ധസാഹചര്യം കറൻസികളെ ദുർബലമാക്കുന്നതും അമേരിക്കയിലെ അനിശ്ചിതാവസ്ഥ ജാപ്പനീസ് യെന്നിനെതിരെ ഡോളറിന്റെ മൂല്യം ഇടിച്ചതുമാണ് സ്വർണ്ണത്തിലേക്ക് നിക്ഷേപം മാറാൻ ഇടയാക്കിയത്.
തിങ്കളാഴ്ച 3620 ഡോളറായിരുന്ന സ്വർണ്ണവില അന്താരാഷ്ട്ര വിപണിയിൽ ഇന്നലെ 3645ലെത്തി.ഇത് ഒന്നോരണ്ടോ ദിവസത്തിനുള്ളിൽ 3670 കടന്ന് മുന്നോട്ട് പോയാൽ 3700 ഡോളറും കടന്ന് 3800 ഡോളറിലേക്ക് എത്തുമെന്നുള്ള സൂചനകൾ ആണ് വരുന്നത്. ഡോളറിന്റെ വിലയിടിവ് പിടിച്ചുനിറുത്താൻ യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകൾ നടപ്പായാൽ സ്വർണ്ണവിലെ അന്താരാഷ്ട്ര വിപണിയിൽ 4000ഡോളറിലെത്തിക്കും. അങ്ങനെയുണ്ടായാൽ സ്വർണ്ണവില പവന് ഒരുലക്ഷത്തിലെത്തും. മലയാളികളെല്ലാം ഏറെ ആശങ്കയോടെ കാണുന്ന സാഹചര്യമാണിത്.
സ്വർണം പുതിയ റെക്കോർഡുകൾ സൃഷ്ടിച്ച സാഹചര്യത്തിൽ സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ വില കേട്ട് തലകറങ്ങും. ആഭരണത്തിന് നാട്ടിലെ ഏറ്റവും കുറഞ്ഞ പണിക്കൂലി 5% ആണ്. നെക്കലേസ് പോലുള്ള ആഭരണങ്ങൾക്ക് പണിക്കൂലി 10മുതൽ 18% വരെ വരും. ഡിസൈനുകൾ കുറവുള്ള വളകൾക്ക് പണിക്കൂലിയായ 5%ഉം 3% നികുതിയും കണക്കാക്കിയാൽ തന്നെ ഒരുപവൻ തൂക്കമുള്ള ആഭരണം വാങ്ങിയാൽ 82000 രൂപ നൽകണം. പവൻവിലയും സർവ്വീസ്ചാർജ്ജ് ഉൾപ്പെടെ 8.5% ചേർത്ത് 6874.80രൂപ ഉൾപ്പെടെ ആഭരണവില 88000 രൂപയാകും. ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം കൈവശമുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്തെ മൊത്തം സ്വർണത്തിൽ 803.58 ടൺ ആർബിഐയുടെ കയ്യിലാണ്. ഇന്ത്യയിൽ ജനങ്ങളുടെ കൈവശം ഏകദേശം 25,000 ടൺ സ്വർണമുണ്ടെന്നുമാണ് കണക്ക്.