ഒരു ലക്ഷം രൂപയ്ക്ക് ആയിരം രൂപ കമ്മീഷന്‍. നിങ്ങളുടെ അക്കൗണ്ടില്‍ കുറച്ചു പണം വരും. നോട്ടിഫിക്കേഷന്‍ വരുമ്പോള്‍ തന്നെ ആ പണം കൈമാറിയാല്‍ കമ്മീഷന്‍ കിട്ടും. ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പിന് അക്കൗണ്ടുകള്‍ വാടകയ്ക്ക്

ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവാന്‍മാരല്ലാത്ത യുവതീയുവാക്കള്‍ തങ്ങള്‍ അറിയാതെ തന്നെ തട്ടിപ്പുസംഘത്തിലെ അംഗമായി മാറുന്നു.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
d

കോട്ടയം: ഇന്നു സംസ്ഥാനത്തു സജീവമായിരിക്കുകയാണ് ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പുകള്‍. മുന്‍പു ഇതര സംസ്ഥാനക്കാരാണു തട്ടിപ്പിനു മുന്നിലെങ്കില്‍ ഇന്നു വൻ ലാഭം മുന്നിൽക്കണ്ട്  മലയാളികളാണു തട്ടിപ്പിനു നേതൃത്വം കൊടുക്കുന്നത്. തട്ടിപ്പിനായി സാധാരണക്കാരുടെ അക്കൗണ്ടുകള്‍ വാടകയ്‌ക്കെടുക്കുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്.

Advertisment

ഒരു ലക്ഷം രൂപയ്ക്ക് ആയിരം രൂപ കമ്മീഷന്‍ നിരക്കില്‍ അക്കൗണ്ട് വാടകയ്ക്കു എടുക്കും. അക്കൗണ്ടില്‍ പണം വന്നാല്‍ ഉടന്‍ വിവരം തട്ടിപ്പുകാരെ അറിയിക്കുകയും പണം അവര്‍ക്കു കൈമാറുകയും ചെയ്യുണം.


ചെറിയ ലാഭത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ അക്കൗണ്ടുകള്‍ വാടകയ്ക്ക് എടുക്കുന്ന പതിവ് മലബാറിലാണ് വ്യാപകം. സാമ്പത്തിക തട്ടിപ്പിന് ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കെതിരെയും കേസെടുക്കുമെന്നു സൈബര്‍ പോലീസ് പറയുന്നു.


കഴിഞ്ഞ ദിവസം കോട്ടയത്ത് ഓണ്‍ലൈന്‍ ട്രേഡിങിന്റെ പേരില്‍ ചങ്ങനാശേരി സ്വദേശിയുടെ 1.06 കോടി രൂപയോളം തട്ടിയ കേസിലെ പ്രതി അറസ്റ്റിലായിരുന്നു. കോഴിക്കോട് നടുവണ്ണൂര്‍ കീഴന്‍പറമ്പത്തു കെ.പി ഗോബിഷ്(36)ആണു അറസ്റ്റിലായത്.

ഇയാളും സമാനമായി അക്കൗണ്ടുകള്‍ പ്രതിഫലം നല്‍കി സ്വന്തമാക്കുകയായിരുന്നു. ഒരു ലക്ഷം രൂപ കൈമാറിയാല്‍ ആയിരം രൂപ കമ്മീഷനായി നൽകും. പലരുടെ പക്കല്‍ നിന്നും ഇയാള്‍ ഇത്തരത്തില്‍ ബാങ്ക് അക്കൗണ്ടുകള്‍ വാടകയ്ക്കു ഉപയോഗിച്ചിരുന്നു.


ഇന്നു സാമൂഹികമാധ്യമങ്ങളില്‍ പാര്‍ട്ട് ടൈം-ഓണ്‍ലൈന്‍ ജോലികള്‍ തിരയുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ സൈബര്‍ തട്ടിപ്പുസംഘങ്ങളുടെ വലയില്‍ അകപ്പെടുന്നതും വ്യാപകമാണ്. ഫേസ്ബുക്കില്‍ വരുന്ന പരസ്യം കണ്ടു വീഴുന്ന വീട്ടമ്മമാരും ഏറെ.


സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിള്‍ പേ അക്കൗണ്ടും ഉള്ളവര്‍ക്ക് ജോലി നല്‍കുന്നതാണ് തട്ടിപ്പു സംഘത്തിന്റെ പ്രധാന രീതി. അവരുടെ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് എത്തുന്ന പണം ഒരു ലക്ഷം രൂപ കടക്കുമ്പോള്‍ കമീഷന്‍ എടുത്തശേഷം ബാക്കി തുക തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്ന അക്കൗണ്ടില്‍ അയച്ചു നല്‍കുകയെന്നതാണ് ജോലി.

ഉയര്‍ന്ന കമീഷനാണ് തട്ടിപ്പുകാര്‍ വാഗ്ദാനം ചെയ്യുന്നത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ അക്കൗണ്ടുകള്‍ മ്യൂള്‍ അക്കൗണ്ട് (വാടക അക്കൗണ്ട്) ആയി സൈബര്‍ തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം.


ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവാന്‍മാരല്ലാത്ത യുവതീയുവാക്കള്‍ തങ്ങള്‍ അറിയാതെ തന്നെ തട്ടിപ്പുസംഘത്തിലെ അംഗമായി മാറുന്നു.


സ്വന്തം അക്കൗണ്ടിലൂടെ പണം കൈമാറ്റം നടത്തുന്നതിന് അപരിചിതരായ ആരെയും അനുവദിക്കരുതെന്നും, ഇത്തരം തട്ടിപ്പുകള്‍ ശ്രദ്ധയിപ്പെട്ടാല്‍ വിവരം 1930 എന്ന നമ്പരിലോ www.cybercrime.gov.in എന്ന വെബ്‌സൈറ്റ് വഴിയോ പരാതികള്‍ രജിസ്റ്റര്‍ ചെയ്യണമെന്നും സൈബര്‍ പോലീസ് പറയുന്നു. അല്ലാത്തപക്ഷം അക്കൗണ്ട് ഉടമയും കേസില്‍ പ്രതിയാകുമെന്നും പോലീസ് പറഞ്ഞു.

Advertisment