തിരുവനന്തപുരം: ഓൺലൈനിലെ വായ്പാ തട്ടിപ്പിൽ കുരുങ്ങരുതെന്ന ശക്തമായ മുന്നറിയിപ്പുമായി കേരളാ പോലീസ്. പ്രത്യേക മാനദണ്ഡങ്ങളൊന്നും കൂടാതെ പൊതുജനങ്ങള്‍ക്ക് ഇൻസ്റ്റന്റ് ലോൺ വാഗ്ദാനം നല്‍കി തട്ടിപ്പു നടത്തുന്ന നിരവധി സംഘങ്ങള്‍ ഇന്ന് സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്.
ബ്ലാക്ക് ലൈന്‍ എന്ന കമ്പനിയുടെ പേരിലാണ് ഇപ്പോള്‍ പുതിയ ലോണ്‍ തട്ടിപ്പ് വ്യാപകമായിക്കൊണ്ടിരിക്കുന്നത്. ലോണ്‍ ആവശ്യപ്പെടുന്നവരില്‍ നിന്നും പ്രോസസ്സിംഗ് ഫീ, ടാക്സ് മുതലായവ ആവശ്യപ്പെടുകയും അധികമായി അടച്ച ഈ തുക ലോണ്‍ തുകയോടൊപ്പം മടക്കി നല്‍കി വിശ്വാസം നേടിയെടുത്താണ് തട്ടിപ്പു നടത്തുന്നത്.
ഇത്തരത്തില്‍ വിശ്വാസ്യത നേടിയെടുത്തശേഷം ലോണ്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഫോണില്‍ നിന്നും ശേഖരിക്കുന്ന സ്വകാര്യ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കുകയും ഈ ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും അയച്ചുകൊടുക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി കൂടുതല്‍ പണം ആവശ്യപ്പെടുന്നതാണ് തട്ടിപ്പുരീതി.
/sathyam/media/media_files/bP6nYVUFrcTgGYldSX3h.jpg)
സാമൂഹിക മാധ്യമങ്ങളിലൂടെ ലഭിക്കുന്ന ഇത്തരം ലോണ്‍ ആപ്പുകളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് അഭികാമ്യം. അംഗീകൃത ബാങ്കുകളില്‍ നിന്ന് മാത്രം ആവശ്യമെങ്കില്‍ ലോണ്‍ സ്വീകരിക്കുക.
നിങ്ങളുടെ ഫോണിന്‍റെ നിയന്ത്രണം ആവശ്യപ്പെടുന്ന വിശ്വാസയോഗ്യമല്ലാത്ത ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക. ഇത്തരത്തിലുള്ള സംശയകരമായ ലോണ്‍ ആപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ സൈബര്‍ ഹെല്‍പ്പ് ലൈന്‍ നമ്പരായ 1930ല്‍ അറിയിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു.
ഓൺലൈൻ വായ്പാ ആപ്പുകളും വെബ്സൈറ്റുകളും സമൂഹത്തിന് ഗുരുതര ഭീഷണിയാണ്. പണം അടച്ചില്ലെങ്കിൽ സ്ത്രീകളുടെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് വായ്പാ ആപ്പിന്റെ ഭീഷണി പോലും ഉണ്ടായിട്ടുണ്ട്. പണമടച്ചില്ലെങ്കിൽ മോർഫ് ചെയ്ത ചിത്രം ഫോണിൽ സേവ് ചെയ്തിട്ടുള്ള നമ്പറുകളിലേക്കെല്ലാം അയയ്ക്കുമെന്ന് വിദേശനമ്പറിൽ നിന്നാണ് സന്ദേശമെത്തുക.
ഓൺലൈൻ തട്ടിപ്പിലൂടെ ജനങ്ങളെ മരണക്കെണിയിലേക്ക് തള്ളിവിടുന്ന 232 ചൈനീസ് ആപ്പുകൾ കേന്ദ്രം നിരോധിച്ചെങ്കിലും 200ഓളം ആപ്പുകൾ അവശേഷിക്കുന്നുണ്ട്. നിരോധനത്തിന് മുൻപ് പരമാവധി ആളുകളിൽ നിന്ന് പണംതട്ടാനാണ് ആപ്പുകളുടെ ശ്രമം. നൂറിലേറെ പരാതികളാണ് എല്ലാദിവസവും പൊലീസിന് ലഭിക്കുന്നത്.
റിസർവ് ബാങ്കിന്റെ നിയന്ത്രണമില്ലാതെയും മണിലെൻഡേഴ്സ് ആക്ടിന് വിരുദ്ധമായുമാണ് ആപ്പുകളുടെ പ്രവർത്തനം. വിദേശികളും അന്യസംസ്ഥാനക്കാരുമാണ് പിന്നിൽ. വേഗത്തിൽ വായ്പ ലഭിക്കുമെന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ ആപ്പുകൾ രഹസ്യമായി ഫോണിലെത്തും.
തുടക്കത്തിലേ ഫോണിലെ കോൺടാക്ട് ലിസ്റ്റ്, കാമറ, ഗ്യാലറി തുടങ്ങിയവയിലേക്ക് ആപ്പിന് കടന്നുകയറാം. ഫോണിലെ ഫോട്ടോകളും സ്വകാര്യവിവരങ്ങളുമടക്കം ചോർത്തിയെടുക്കും. ആധാർ-പാൻ ചിത്രങ്ങൾ ഫോൺഗാലറിയിലുണ്ടെങ്കിൽ വൻതുക വായ്പയെടുത്തതായി രേഖയുണ്ടാക്കും.
പിന്നാലെ തിരിച്ചടവ് മുടങ്ങിയെന്നുകാട്ടി സൈബർ ഗുണ്ടായിസം തുടങ്ങും. ഓൺലൈൻഗെയിം കളിക്കാൻ വായ്പയെടുത്ത നിരവധിപേർ കടംകയറി ജീവനൊടുക്കി. ഒരുലക്ഷം വായ്പയെടുത്ത് നാലരലക്ഷം അടച്ചിട്ടും കടം തീരാത്തവരുണ്ട്.
/sathyam/media/media_files/4Lx1JEZJd9RXttpQ191t.webp)
വായ്പാ തിരിച്ചടവ് മുടക്കിയെന്നും സാമ്പത്തിക തട്ടിപ്പുകാരനാണെന്നുമുള്ള സന്ദേശം കോണ്ടാക്ട് ലിസ്റ്റിലുള്ളവർക്കെല്ലാം അയയ്ക്കുകയാണ് തട്ടിപ്പിന്റെ ആദ്യരീതി. സുഹൃത്തുക്കളെയും ബന്ധുക്കളെയും ജാമ്യക്കാരാക്കിയാണ് വായ്പയെടുത്തെന്ന വ്യാജ സന്ദേശങ്ങൾ അവരുടെ ഫോണുകളിലേക്ക് അയയ്ക്കും.
ഫോണിൽ സേവ് ചെയ്ത നമ്പറുകളിലേക്ക് വായ്പാത്തട്ടിപ്പുകാർ രാവും പകലും തുടരെത്തുടരെ വിളിച്ച് പണമടയ്ക്കാനാവശ്യപ്പെടും. തട്ടിപ്പിനിരയായ ആളുടെ പേരിൽ ഡിഫോൾട്ടർ എന്ന വാട്സാപ് ഗ്രൂപ്പ് തുടങ്ങിയും സന്ദേശങ്ങളയയ്ക്കും. ഗ്യാലറിയിലെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീലചിത്രങ്ങളും അശ്ലീല ചുവയുള്ള സന്ദേശങ്ങളും അയയ്ക്കും.
പണമടച്ചില്ലെങ്കിൽ മൂന്നാംകക്ഷിക്ക് കേസ് കൈമാറുമെന്നും അവർ മോശം കാര്യങ്ങൾ ചെയ്യുമെന്നും വായ്പാആപ്പുകാർ സന്ദേശമയയ്ക്കും. സുഹൃത്തുക്കൾക്ക് മോശം ചിത്രങ്ങളും സന്ദേശങ്ങളും അയയ്ക്കും.
ഗാലറിയിലെ ചിത്രങ്ങൾ എഡിറ്റ് ചെയ്ത് ഫേസ്ബുക്ക്, വാട്സ്ആപ്പ്, ട്വിറ്റർ എന്നിവയിൽ പ്രചരിപ്പിക്കും. വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങി നഗ്നചിത്രങ്ങൾ അയച്ചുകൊടുക്കും. വേണ്ടെങ്കിൽ വേഗം പണമടച്ചോളൂ- ഇതാണ് ആപ്പുകളുടെ ഭീഷണി.