കോട്ടയത്ത് ഓൺലൈൻ ട്രേഡിങ്ങിലൂടെ 18 ലക്ഷം തട്ടിയ പ്രതികൾ അറസ്റ്റിൽ. തട്ടിപ്പിനായി പ്രതികൾ പരാതിക്കാരനുമായി ബന്ധം സ്ഥാപിച്ചത് വാട്സാപ്പ് ഗ്രൂപ്പ്‌ വഴി

New Update
C

കോട്ടയം: ഓൺലൈൻ ട്രേഡിങ്ങിന്‍റെ പേരിൽ 18 ലക്ഷം രൂപ തട്ടിയെടുക്കാൻ സഹായിച്ച പ്രതികൾ അറസ്റ്റിൽ. മൂന്നാം പ്രതി കാസർകോട് സ്വദേശി ബി. റസിയ (40), സഹോദരൻ നാലാം പ്രതി അബ്ദുൽ റഷീദ് (38) എന്നിവരെയാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisment

2024 സെപ്റ്റംബറിലാണ് എരുമേലി ചേനപ്പാടി സ്വദേശിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. വാട്സാപ്പ് ഗ്രൂപ്പ്‌ വഴിയാണ് പ്രതികൾ പരാതിക്കാരനുമായി ബന്ധം സ്ഥാപിച്ചത്. വിവിധ ബാങ്കുകളിലെ അക്കൗണ്ടിലേക്ക് പല തവണയായി 18,24,000 രൂപയാണ് പ്രതികൾ തട്ടിയത്.

കേസിലെ ഒന്നും രണ്ടും പ്രതികളുടെ അക്കൗണ്ടിൽ നിന്നും മൂന്നും നാലും പ്രതികളുടെ അക്കൗണ്ടിലേക്ക് 5,20,000 രൂപ വീതം അയച്ചു കൊടുത്തിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 

പ്രതിഫലം വാങ്ങി തങ്ങളുടെ അക്കൗണ്ടിലേക്ക് പണം സ്വീകരിച്ച് സഹോദരങ്ങളായ പ്രതികൾ തട്ടിപ്പിന് കൂട്ടുനിൽക്കുകയായിരുന്നു.

എരുമേലി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രാജേഷ്, അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർമാരായ വിനീത്, റോഷ്ന, സിവിൽ പൊലീസ് ഓഫിസർമാരായ ശ്രീരാജ്, ബോബി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.