/sathyam/media/media_files/CwRA7kOfnvFTU59BZZUc.jpg)
തിരുവനന്തപുരം: ഒന്നാം ചരമവാർഷികത്തിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. അവിശ്രമം എന്ന പദത്തിന് പര്യായമായി മാറിയ ജീവിതമായിരുന്നു ഉമ്മൻചാണ്ടിയുടേതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. ജനങ്ങളെ സ്പർശിക്കുന്ന വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്നവർക്ക് മാത്രമെ പൊതു പ്രവർത്തനത്തിൽ മികവുണ്ടാക്കാനാകു. അതിന് നല്ല ഉദാഹരണമായിരുന്നു ഉമ്മൻചാണ്ടിയെന്നും പിണറായി അഭിപ്രായപ്പെട്ടു.
വൈവിധ്യങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷിയിലടക്കം പല കാര്യങ്ങളിൽ ഉമ്മൻചാണ്ടിയോട് യോജിപ്പും ചില കാര്യങ്ങളിൽ വിയോജിപ്പും ഉണ്ടായിരുന്നു. സി.പി.എമ്മും ഉമ്മൻചാണ്ടിയോട് അതേ രീതിയിലാണ് ഇടപെട്ടത്. രാഷ്ട്രീയമായി ഇരു ചേരികളിൽ ആയിരുന്നെങ്കിലും സൗഹൃദത്തിന് ഒരു കോട്ടവും ഉണ്ടായിരുന്നില്ല.എൽ.ഡി.എഫ് തന്നെ മുഖ്യമന്ത്രിയായി തീരുമാനിച്ചപ്പോൾ ആദ്യം കണ്ടത് ഉമ്മൻചാണ്ടിയെ ആയിരുന്നുവെന്നും പിണറായി വിജയൻ ഓർത്തെടുത്തു.
'' ഉമ്മൻ ചാണ്ടിയോട് പല കാര്യങ്ങളിലും തനിക്ക് യോജിപ്പുണ്ടായിരുന്നു. ചിലതിൽ വിയോജിപ്പും.അദ്ദേഹത്തിനും അങ്ങനെ തന്നെയായിരുന്നു. യോജിപ്പും വിയോജിപ്പും തുറന്നു പറഞ്ഞവരായിരുന്നു തങ്ങൾ. ഇപ്പോൾ വിയോജിപ്പിനെ അടിച്ചമർത്താൻ ശ്രമിക്കുന്നു. രാഷ്ട്രീയമായി ഇരു ചേരികളിൽ നിൽക്കുമ്പോഴും തങ്ങൾ തമ്മിലുള്ള സൗഹൃദത്തിന് ഒരു കോട്ടവും ഉണ്ടായില്ല. രോഗത്തിന്റെ മൂർദ്ധന്യ അവസ്ഥയിലും ചിരിയോടു കൂടെയാണ് ഉമ്മൻചാണ്ടി ഇടപെട്ടത്''-പൊതു പ്രവർത്തകൻ എന്ന നിലയിലും ഭരണ കർത്താവ് എന്ന നിലയിലും ഉമ്മൻചാണ്ടി പ്രകടിപ്പിച്ച മികവിനെയും മുഖ്യമന്ത്രി പ്രകീർത്തിച്ചു.
''ജനങ്ങളെ സ്പർശിക്കുന്ന വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്നവർക്ക് മാത്രമെ പൊതു പ്രവർത്തനത്തിൽ മികവുണ്ടാക്കാനാകു. ഇതിന് നല്ല ഉദാഹരണമായിരുന്നു ഉമ്മൻചാണ്ടി.
അവിശ്രമം എന്ന പദത്തിന് എല്ലാ അർത്ഥത്തിലും പാര്യായമായി മാറിയ ജിവിതമായിരുന്നു അത്. പ്രളയകാലത്ത് നമ്മൾ രാഷ്ട്രീയം മറന്ന് ഒന്നിച്ചു. അതിജീവനത്തിന്റെ മികച്ച മാതൃക കൂടിയായിരുന്നു ഉമ്മൻചാണ്ടി'' പിണറായി അനുസ്മരിച്ചു.
ഓർമ്മയിൽ ഉമ്മൻചാണ്ടി എന്ന പരിപാടിയിൽ ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ , ഉമ്മൻചാണ്ടിയെ പുകഴ്ത്തി സംസാരിച്ചത്. ചടങ്ങിൽ സംസാരിച്ച ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും പിതാവും പിണറായിയും തമ്മിലുളള വ്യക്തിബന്ധത്തെ കുറിച്ച് സംസാരിച്ചു.
പിതാവിനെ ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയപ്പോൾ പിണറായി വിജയൻ പ്രത്യേക താൽപര്യം കാണിച്ച് ഒരുപാട് ഇടപെടലുകൾ നടത്തിയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾക്ക് ഇടയിലും വ്യക്തിപരമായ അടുപ്പം കാത്തുസൂക്ഷിച്ചവരായിരുന്നു പിണറായി വിജയനും ഉമ്മൻചാണ്ടിയുമെന്ന് ചാണ്ടി ഉമ്മൻ അനുസ്മരിച്ചു.
സോളാർ ലൈംഗിക പീഡന പരാതിയിൽ ഇടതുമുന്നണിയിൽ നിന്ന്, പ്രത്യേകിച്ച് സി.പി.എം നേതാക്കളിൽ നിന്ന് ഹീനമായ ആക്രമണം നേരിട്ടയാളായിരുന്നു ഉമ്മൻചാണ്ടി. കേസിലെ പ്രതിയായ വനിതയുടെ ആരോപണം ഉയർത്തിപ്പിടിച്ച് ഉമ്മൻ ചാണ്ടിയെ വ്യക്തിഹത്യ ചെയ്യാൻ സി.പി.എം നേതാക്കൾ അക്കാലത്ത് മത്സരിക്കുകയായിരുന്നു. സോളാർ കേസ് അന്വേഷിച്ച ജസ്റ്റീസ് ശിവരാജൻ കമ്മീഷൻെറ റിപ്പോർട്ട് പുറത്തുവന്നപ്പോൾ സി.പി.എം മുഖപത്രമായ ദേശാഭിമാനിയും പാർട്ടിയുടെ ചാനലായ കൈരളി പീപ്പിളും അധിക്ഷേപകരമായ വാർത്തകളാണ് ഉമ്മൻചാണ്ടിക്കെതിരെ പുറത്ത് വിട്ടത്.
സി.പി.എം രീതി പിന്തുടർന്ന് പത്രം കത്തിക്കാനോ ചാനൽ ബഹിഷ്കരിക്കാനോ ഒന്നും ഉമ്മൻ ചാണ്ടിയോ അദ്ദേഹത്തിൻെറ അനുയായികളോ പോയില്ല. ജനാധിപത്യ സമൂഹത്തിൽ പുലർത്തേണ്ട സഹിഷ്ണുത ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ഉമ്മൻ ചാണ്ടി ഈ അധിക്ഷേപങ്ങളെയെല്ലാം നേരിട്ടത്.
കാലം തന്നെ തെറ്റുകാരനെന്ന് വിധിക്കില്ല എന്ന ഉറച്ച വിശ്വാസമായിരുന്നു ഉമ്മൻചാണ്ടിക്ക് ആക്ഷേപങ്ങളെ സധൈര്യം നേരിടാൻ ഉമ്മൻചാണ്ടിക്ക് കരുത്ത് നൽകിയത്. ഒടുവിൽ ആരോപണം ഉന്നയിച്ചവർക്കെല്ലാം സി.ബി.ഐ അന്വേഷണ റിപോർട്ട് പുറത്ത് വന്നപ്പോൾ പറഞ്ഞത് വിഴുങ്ങേണ്ടി വന്നു. അതും ഉമ്മൻചാണ്ടി ജീവിച്ചിരിക്കുമ്പോൾ തന്നെ സംഭവിച്ചു എന്നതായിരുന്നു അദ്ദേഹത്തിൻെറ സുകൃതം. മരണശേഷവും രാഷ്ട്രീയ എതിരാളികളിൽ നിന്ന് നല്ലവാക്കുകൾ കേൾക്കാൻ കഴിയുന്നത് ഉമ്മൻചാണ്ടി എന്ന ജന സേവകൻെറ കർമ്മഫലമാണ്.