കല്‍പ്പറ്റ: ലഹരി മാഫിയക്കെതിരെ നിരന്തര പരിശോധനകളും കര്‍ശന നടപടികളും തുടര്‍ന്ന് വയനാട് പൊലീസ്. 2023 മുതല്‍ ഇതുവരെ 3180 കേസുകളിലായി 3399 പേരെയാണ് പിടികൂടിയത്. ഇതില്‍ 38 കോമേര്‍ഷ്യല്‍ കേസുകളും ഉള്‍പ്പെടുന്നു.
3.287 കിലോയോളം എം ഡി എം എ, 60 കിലോയോളം കഞ്ചാവ്, 937 ഗ്രാം മെത്താഫിറ്റാമിന്‍, 2756 കഞ്ചാവ് നിറച്ച സിഗരറ്റ് എന്നിവക്ക് പുറമെ കൂടാതെ മറ്റു ലഹരി ഉല്‍പ്പന്നങ്ങളായ ഹാഷിഷ്, ബ്രൗണ്‍ ഷുഗര്‍, എല്‍ എസ് ഡി, ചരസ്, ഒപ്പിയം, ടാബ്ലെറ്റുകള്‍ തുടങ്ങിയവയും പിടികൂടിയിട്ടുണ്ട്.
ഈ വര്‍ഷം രണ്ട് മാസത്തിനകം ഇതുവരെ 284 എന്‍ ഡി പി എസ് കേസുകളില്‍ 304 പേരെയാണ് പിടികൂടിയത്. 194 ഗ്രാം എം ഡി എം എ, 2.776 കിലോ ഗ്രാം കഞ്ചാവ്, 260 കഞ്ചാവ് നിറച്ച സിഗരറ്റ്, 0.44 ഗ്രാം മെത്താഫിറ്റാമിന്‍ എന്നിവ പിടികൂടിയവരില്‍ നിന്നായി പിടിച്ചെടുത്തുവെന്നും പൊലീസ് അറിയിച്ചു.
ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും തടയുന്നതിനായി ഫെബ്രുവരി 22 ന് തുടങ്ങിയ പൊലിസിന്റെ ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ഒരാഴ്ച്ചയ്ക്കിടെ മാത്രം ജില്ലയില്‍ 106 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 102 പേരെ പിടികൂടുകയും ചെയ്തു.
ഒരാഴ്ചക്കിടെ ലഹരിക്കടത്തുമായി ബന്ധപ്പെട്ട 1053 പേരെയാണ് പരിശോധിച്ചത്. 94.41 ഗ്രാം എം ഡി എം എയും, 173.4 ഗ്രാം കഞ്ചാവും, 93 കഞ്ചാവ് നിറച്ച സിഗരറ്റുകളും, 7071 പാക്കറ്റ് ഹാന്‍സും പിടിച്ചെടുത്തിട്ടുണ്ട്.