/sathyam/media/media_files/2026/01/19/vd-satheesan-press-meet-7-2026-01-19-20-12-10.jpg)
കൊച്ചി: ആദ്യം സിപിഎം നേതാവ് എകെ ബാലന്റെ പ്രസ്താവന. ഇപ്പോള്‍ മന്ത്രി സജി ചെറിയാന്റെ പ്രസ്താവന. എത്ര ആപത്ക്കരവും അപകടകരവുമായ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന പ്രസ്താവനയാണ് ഭരണഘടനാപരമായി അധികാരത്തിലേറിയ മന്ത്രി നടത്തിയിരിക്കുന്നത്. എന്താണ് ഇതിന്റെ ഉദ്ദേശ്യം ?
ഞാന്‍ പറഞ്ഞത് ശരി വയ്ക്കുകയാണ്. ആളുകളെ ഭിന്നിപ്പ്ച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കുകയെന്ന സംഘ്പരിവാറിന്റെ അതേ വഴിയിലൂടെ സിപിഎമ്മും യാത്ര ചെയ്യുന്നത് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.
അതിന് മുഖ്യമന്ത്രി കുടപിടിച്ചു കൊടുക്കുകയാണ്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഈ രണ്ട് പ്രസ്താവനകളും നടന്നിട്ടുള്ളത്. ബാലന്റെ പ്രസ്താവനയെ മുഖ്യമന്ത്രി അനുകൂലിച്ചു. മന്ത്രിസഭയിലെ ഒരു അംഗം കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലൊരു വര്‍ഗീയ പ്രസ്താവന നടത്തിയിട്ടില്ല. ജയിച്ച് വരുന്നവരുടെ മതം നോക്കാനാണ് പറഞ്ഞിരിക്കുന്നത്. എത്രക്രൂരമായ പ്രസ്താവനയാണിത് ?
ഇത് കേരളത്തെ അപകടകരമായ നിലയിലേക്ക് എത്തിക്കും. നമ്മുടെ സംസ്ഥാനം ഉണ്ടാക്കിയ മൂല്യങ്ങള്‍ മുഴുവന്‍ കുഴിച്ച് മൂടപ്പെടും. വര്‍ഗീയത ആളിക്കത്തിക്കുന്നതിനു വേണ്ടി തീപ്പൊരി കാത്തിരിക്കുന്നവരുടെ കയ്യിലേക്ക് തീപ്പന്തമാണ് എറിഞ്ഞ് കൊടുക്കുന്നതെന്ന് ഇവര്‍ തിരിച്ചറിയണം.
പിണറായി വിജയനും വിഡി സതീശനുമൊക്കെ കുറെനാള്‍ കഴിയുമ്പോള്‍ രാഷ്ട്രീയത്തില്‍ ഇല്ലാതാകും. പിന്നെ ഓര്‍മ്മയാകും. പക്ഷേ കേരളം അപ്പോഴും ഉണ്ടാകും. കേരളത്തിന്റെ മതേതര അടിത്തറയ്ക്ക് തീ കൊളുത്തുന്ന പരിപാടിയാണ് ഇപ്പോള്‍ ചെയ്യുന്നത്. വരും തലമുറയോടുള്ള ക്രൂരതയാണ് കാട്ടുന്നത്. അത്തരമൊരു വര്‍ഗീയത കേരളത്തെ എങ്ങോട്ട് കൊണ്ടുപോകുമെന്ന് ചിന്തിക്കണം.
വരാനിരിക്കുന്ന തലമുറയോട് ഇതുപോലുള്ള കടുത്ത അനീതി ചെയ്യരുതെന്നതാണ് എന്റെ അഭ്യര്‍ത്ഥന. ഇതില്‍ കൂടുതല്‍ ഒന്നും പറയാനില്ല. നമ്മളെയെല്ലാം വേദനിപ്പിക്കുന്ന പ്രസ്താവനകളാണ് ഉത്തരവാദികളായ ആളുകളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. സിപിഎമ്മും സംഘ്പരിവാറും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്.
ഭരണകൂടത്തില്‍ ഇരുന്നു കൊണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത് ചെയ്താല്‍ കേരളം എവിടെ എത്തിച്ചേരുമെന്ന് തിരിച്ചറിയണം. പ്രസ്താവനകള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ഇടപെടല്‍ ഉണ്ടോയെന്ന് മാധ്യമങ്ങള്‍ അന്വേഷിക്ക്. നിങ്ങള്‍ എല്ലാം കണ്ടുകൊണ്ടിരിക്കുകയല്ലേ ?
കേരളത്തില്‍ തീപ്പൊരി വീഴാന്‍ കാത്തിരിക്കുന്നവരുടെ കൈകളിലേക്ക് തീപ്പന്തം എറിഞ്ഞു കൊടുക്കുന്ന നടപടിയാണ് സിപിഎം ചെയ്യുന്നത്. അത് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യമാണ്.
കേരളത്തില്‍ സിപിഎമ്മിന്റെ അവസാനത്തിന്റെ ആരംഭം കുറിച്ചിരിക്കുകയാണ്. സിപിഎമ്മിന്റെ വര്‍ഗീയവാദം അവരുടെ അവസാനത്തിന്റെ ആരംഭമായിരിക്കും. ഇത് ചരിത്രത്തില്‍ എഴുതി വച്ചോ എന്ന് വിഡി സതീശൻ കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us