Advertisment

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന് പിന്നാലെ എസ്.സി - എസ്.ടി വിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചു. ലൈഫ് പദ്ധതിയില്‍ നിന്നും 180 കോടി വെട്ടിച്ചുരുക്കി. വിദ്യാര്‍ത്ഥികളുടെ ലാപ്പ് ടോപ്പ് പദ്ധതിയിലും 2 കോടി വെട്ടിക്കുറച്ചു. അനുകൂല്യങ്ങള്‍ പുനസ്ഥാപിച്ചില്ലെങ്കില്‍ തെരുവിലിറങ്ങുമെന്ന് വി.ഡി സതീശന്‍. അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ്

ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പിനു പിന്നാലെ പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളുടെ പദ്ധതി വിഹിതവും ധനപ്രതിസന്ധിയുടെ പേരില്‍ വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

New Update
satheeshan 1

തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പിനു പിന്നാലെ പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളുടെ പദ്ധതി വിഹിതവും ധനപ്രതിസന്ധിയുടെ പേരില്‍ വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

Advertisment

പട്ടിക വിഭാഗത്തിനു വേണ്ടിയുള്ള വിവിധ പദ്ധതികളുടെ വിഹിതത്തില്‍ നിന്നും 500 കോടി രൂപയാണ് വെട്ടിക്കുറച്ചത്. ലൈഫ് മിഷന്റെ പേരില്‍ വീമ്പ് പറയുന്ന സര്‍ക്കാര്‍ പട്ടികജാതി വിഭാഗക്കാര്‍ക്ക് ലൈഫ് മിഷന്‍ വഴി വീട് നല്‍കുന്ന പദ്ധതിയിലും വെട്ടിക്കുറവ് നടത്തിയിട്ടുണ്ട്. 


ലൈഫ് ഭവന പദ്ധതിക്ക് ബജറ്റില്‍ വകയിരുത്തിയ 300 കോടി 120 കോടിയായാണ് വെട്ടിക്കുറച്ചത്. പെണ്‍കുട്ടികളുടെ വിവാഹ ധനസഹായ പദ്ധതി 86 ലക്ഷമായിരുന്നത് 50 ലക്ഷമായി വെട്ടിക്കുറച്ചു. വാത്സല്യനിധി പദ്ധതിക്ക് നീക്കിവച്ച 10 കോടി പൂര്‍ണമായും ഒഴിവാക്കി.


പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുവേണ്ടിയുള്ള പദ്ധതികളില്‍ നിന്നും 112 കോടി രൂപയുടെ വെട്ടികുറവാണ് നടത്തിയത്. ഉന്നത വിദ്യാഭ്യാസ കോഴ്സുകളിലെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ് ടോപ്പ് വിതരണം ചെയ്യാന്‍ ബജറ്റില്‍ 4.50 കോടി വകയിരുത്തിയത് 2.50 കോടിയായി വെട്ടിക്കുറച്ചു. 


വീടുകളുടെ അറ്റകുറ്റ പണിക്ക് വേണ്ടി 70 കോടി വകയിരുത്തിയത് 53 കോടിയായി വെട്ടിക്കുറച്ചു. ഭൂരഹിതരായ പട്ടിക വര്‍ഗക്കാരുടെ പുനരധിവാസത്തിന് വകയിരുത്തിയ 42 കോടി 22 കോടിയായി കുറച്ചു. ഇടമലക്കുടി സമഗ്ര വികസന പാക്കേജിന് 5 കോടി ബജറ്റില്‍ വകയിരുത്തിയതും 2 കോടിയായി വെട്ടിക്കുറച്ചു.


അഴിമതിയും ധൂര്‍ത്തും പിന്‍വാതില്‍ നിയമനങ്ങളുമാണ് സംസ്ഥാനത്തെ കടുത്ത ധനപ്രതിസന്ധിയിലാക്കിയത്. പ്രത്യേക പരിഗണന വേണ്ട ദുര്‍ബല ജനവിഭാഗങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ പേരുമാണ് സര്‍ക്കാര്‍ ഉണ്ടാക്കിയ ധനപ്രതിസന്ധിക്ക് ഇപ്പോള്‍ വിലകൊടുക്കേണ്ടി വരുന്നത്. അപകടകരമായ അവസ്ഥയിലേക്കാണ് സംസ്ഥാനത്തെ ഈ സര്‍ക്കാര്‍ തള്ളിവിടുന്നത്.


പട്ടിക ജാതി പട്ടിക വര്‍ഗ ന്യൂനപക്ഷ വിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതിലൂടെ സി.പി.എമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും ന്യൂനപക്ഷ ദളിത് സ്‌നേഹത്തിലെ കപടത കൂടിയാണ് പുറത്തു വന്നിരിക്കുന്നത്. 

വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ അടിയന്തരമായി പുനസ്ഥാപിക്കണം. സര്‍ക്കാര്‍ അതിന് തയാറായില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു

 

Advertisment