അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്തതില്‍ ഒരു വിരോധവുമില്ലെന്നും പക്ഷെ പിണറായിയെയും ചോദ്യം ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ; ശബരിമലയിലെ സ്വര്‍ണം കട്ട സി.പി.എം നേതാക്കളാണ് ജയിലില്‍ കിടക്കുന്നതെന്ന് മറക്കേണ്ട; അന്വേഷണം മുന്നോട്ട് പോയാല്‍ ക്യൂവില്‍ നില്‍ക്കുന്ന സി.പി.എം നേതാക്കളും ജയിലിലാകുമെന്നും വിഡി സതീശൻ

New Update
adoor prakash

തലശ്ശേരി : ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം ഫോട്ടോ വന്നതിന്റെ പേരിലാണ് അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്തതെങ്കില്‍ ഞങ്ങള്‍ക്ക് അതില്‍ ഒരു വിരോധവുമില്ല. ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം ഫോട്ടോയുള്ള പിണറായി വിജയനെ കൂടി ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. മൂന്ന് സി.പി.എം നേതാക്കളാണ് അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നതിന് ജയിലില്‍ കിടക്കുന്നത്. 

Advertisment

പയ്യന്നൂര്‍ ധനരാജ് രക്തസാക്ഷി ഫണ്ട് എം.എല്‍.എ ഉള്‍പ്പെടെയുള്ള നേതാക്കള്‍ തട്ടിയെടുത്തെന്ന് ആരോപണം ഉന്നയിച്ച പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ നടപടി എടുത്തവരാണ് തട്ടിപ്പ് നടത്തി ജയിലില്‍ കിടക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാത്തത്. ഇത് എന്തൊരു പാര്‍ട്ടിയാണ് എന്ന് വിഡി സതീശൻ ചോദിച്ചു . എസ്.ഐ.ടിക്ക് മേല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. എത്ര തവണ വേണമെങ്കിലും ചോദ്യം ചെയ്യട്ടെ. 2019-ലാണ് മോഷണം നടന്നത്. അന്ന് പിണറായി വിജയനാണ്  മുഖ്യമന്ത്രി. 

അന്നത്തെ സര്‍ക്കാര്‍ നിയോഗിച്ച രണ്ട് ദേവസ്വം പ്രസിഡന്റുമാരാണ് കളവ് നടത്തിയതിന് ജയിലില്‍ കിടക്കുന്നത്. അയ്യപ്പന്റെ സ്വര്‍ണം കട്ടത് സി.പി.എമ്മും സി.പി.എം നേതാക്കളുമാണ്. എന്നിട്ടും പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. പോറ്റി കള്ളനാണെന്ന് അറിയുന്നതിന് മുന്‍പ് എടുത്ത ഫോട്ടോകളാണ് പുറത്ത് വന്നിരിക്കുന്നത്.

adoor prakash congress

ഇയാള്‍ കള്ളനാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ അയാള്‍ക്കൊപ്പമുള്ള ഫോട്ടോയ്ക്ക് മുഖ്യമന്ത്രി നില്‍ക്കുമോ , സോഷ്യല്‍ മീഡിയയിലൂടെ പ്രചരണം നടത്തി സി.പി.എം പെട്ടിരിക്കുന്ന അബദ്ധത്തില്‍ നിന്നും രക്ഷപ്പെടാമെന്നു കരുതേണ്ട. സ്വര്‍ണം കട്ടത് ആരാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. സ്വര്‍ണം കട്ടതിനാണ് മൂന്ന് സി.പി.എം നേതാക്കള്‍ ജയിലില്‍ കിടക്കുന്നത്. 

അന്വേഷണം മുന്നോട്ട് പോയാല്‍ ക്യൂവില്‍ നില്‍ക്കുന്ന സി.പി.എം നേതാക്കളും ജയിലിലാകും. സ്വര്‍ണംകട്ടവന്‍ പിണറായി വിജയനൊപ്പം നില്‍ക്കുന്നുണ്ടല്ലോ. പിണറായിയെ ചോദ്യം ചെയ്യണമെന്ന് ഞങ്ങള്‍ പറഞ്ഞില്ല. ടൂറിസം പ്രചരണത്തിന് കേരളത്തില്‍ എത്തിയ വ്‌ളോഗര്‍ പിന്നീട് ചാരക്കേസില്‍ അറസ്റ്റിലായി. അന്ന് ടൂറിസം മന്ത്രി റിയാസിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നുവന്ന പ്രതിഷേധങ്ങള്‍ ശരിയല്ലെന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. എന്നാല്‍ ആ അന്തസും മര്യാദയും സി.പി.എമ്മിനില്ല. രാഷ്ട്രീയ നേതാക്കള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കുമൊപ്പം എല്ലാവരും ഫോട്ടോയെടുക്കും. 

അവരില്‍ ആരെങ്കിലും പിന്നീട് കേസുകളില്‍ പ്രതികളായാല്‍ ഭയങ്കര ബന്ധമാണെന്ന് പറയും. അതൊക്കെ പറയുന്നതില്‍ മര്യാദയും അന്തസും വേണം. അത് സി.പി.എമ്മിനില്ല. നിയമസഭയില്‍ ചര്‍ച്ച ചെയ്യുമെന്ന് പറയുന്നവര്‍ തിരുവഞ്ചൂര്‍ നല്‍കിയ നോട്ടീസ് അംഗീകരിക്കാതിരുന്നത് എന്തുകൊണ്ടാണ്? 2019 ലെ കളവ് ആരും അറിയാത്തതു കൊണ്ടാണ് 2024-ല്‍ വീണ്ടും മോഷണത്തിന് ശ്രമിച്ചതെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. 

vd satheesan-2

അന്ന് ദേവസ്വം മന്ത്രി വാസവനും പ്രസിഡന്റ് പ്രശാന്തുമായിരുന്നു. തിരുവാഭരണം കമ്മിഷണറുടെ എതിര്‍പ്പ് മറികടന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തേ മതിയാകൂവെന്ന് പറഞ്ഞ ആളാണ് പ്രശാന്ത്. അയ്യപ്പന്റെ ദ്വാരപാലക ശില്‍പം കോടീശ്വരന് വിറ്റെന്ന് പറഞ്ഞത് കോടതിയാണ്. അത് കട്ട സി.പി.എം നേതാക്കളാണ് ജയിലില്‍ കിടക്കുന്നതെന്ന് മറക്കേണ്ട എന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു

Advertisment