കോട്ടയം: യേശുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓര്‍മയില്‍ ക്രൈസ്തവ ലോകം പീഡാനുഭവ വാരത്തിലേക്ക് പ്രവേശിച്ചു. വലിയ നോമ്പിലെ ഏറ്റവും പുണ്യമേറിയ ദിനങ്ങളുമാണ് ഇനി കടന്നു വരുന്നത്.
യേശുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മ പുതുക്കി ഇന്നു നടന്ന ഓശാന ശുശ്രൂഷകളുടെ ഭാഗമായി കുരുത്തോല വിതരണവും പ്രദക്ഷിണവും പ്രത്യേക തിരുക്കര്‍മങ്ങളും നടന്നു.
കുരിശിലേറ്റപ്പെടുന്നതിനു മുന്‍പു ജറുസലേമിലേക്കു കഴുതപ്പുറത്തേറി വന്ന യേശുവിനെ, സൈത്തിന്‍ കൊമ്പ് വീശി, ദാവീദിന്‍ സുതന് ഓശാന എന്നു ജയ് വിളിച്ചു കൊണ്ടാണു ജനക്കൂട്ടം എതിരേറ്റത്. ഈശോ നടന്നു വരുന്ന വഴിയില്‍ ഒലിവ് മരച്ചില്ലകളും, ഈന്തപ്പനയോലകളും വിരിച്ചിരുന്നു.
/sathyam/media/media_files/2025/04/13/NwPyVjuxhsaNMLVTqmdi.jpg)
ഈ സംഭവം പുതിയ നിയമത്തിലെ നാലു സുവിശേഷകരും ഒരുപോലെ രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവ പുത്രന്റെ രാജകീയ പ്രവേശനത്തിന് തെരഞ്ഞെടുത്തത്, പൊതുവെ പരിഹാസ പാത്രമായ കഴുതക്കുട്ടിയെയാണ്.
ഓശാന ഞായറാഴ്ച പ്രത്യേക പ്രാര്‍ഥനകളാണു ക്രൈസ്തവ ദേവാലയങ്ങളിൽ. വെഞ്ചിരിച്ച കുരുത്തോലകള്‍ വിശ്വാസികള്‍ക്ക് നല്‍കുന്നു. ഈ കുരുത്തോലയുമേന്തിയുളള പ്രദക്ഷിണമാണു പ്രധാന ചടങ്ങ്.
കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്റെ മുഖ്യ കാര്‍മികത്വത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കത്തീഡ്രൽ പള്ളിയിൽ വിശുദ്ധവാര കര്‍മ്മങ്ങള്‍ നടന്നു.
ചങ്ങനാശേരി സെൻ്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിലെ ഓശാനാ ശുശ്രൂഷകൾക്ക് മാർ തോമസ് തറയിൽ കാർമികത്വം വഹിച്ചു. പാലാ സെൻ്റ് തോമസ് കത്തീഡ്രലിൽ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടും വിശുദ്ധവാര തിരുക്കർമ്മക്കൾക്ക് കാർമികത്വം വഹിച്ചു.
/sathyam/media/media_files/2025/04/13/i49rtxhybbmrWLhVuH6v.jpg)
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവ മാതൃ ഇടവകയായ വാഴൂര്‍ സെന്റ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്‌സ് പള്ളിയിൽ ഓശാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.
ആഗോള മരിയന്‍ തീര്‍ത്ഥാന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ഓശാന ശുശ്രൂഷകള്‍ക്ക് ശ്രേഷ്ഠ കാതോലിക്കാ മോര്‍ ബസേലിയോസ് ജോസഫ് ബാവ മുഖ്യ കാര്‍മികത്വം വഹിച്ചു.
/sathyam/media/media_files/2025/04/13/bgZF1ZMpNbZv9vWM95qn.jpg)
ക്രിസ്തുരാജാ കത്തീഡ്രല്‍ ദൈവാലയത്തില്‍ വിശുദ്ധവാര കര്‍മ്മങ്ങള്‍ക്ക് അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടും കോട്ടയം വിമലഗിരി കത്തീഡ്രലിലെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്കു ബിഷപ്പ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരിലും മുഖ്യകാര്‍മ്മികത്വം വഹിച്ചു.