കേരള സര്‍വകലാശാലയുടെ ജോയിന്റ് രജിസ്ട്രാര്‍ പി. ഹരികുമാറിനെ ചുമതലകളില്‍ നിന്ന് ഒഴിവാക്കി

വൈകുന്നേരം സര്‍വകലാശാലയിലെത്തി കെ.എസ്. അനില്‍ കുമാര്‍ വീണ്ടും ചുമതല ഏറ്റെടുത്തു. ഇത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് താല്‍ക്കാലിക വി.സി.

New Update
Untitledncrrain

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ ജോയിന്റ് രജിസ്ട്രാര്‍ പി. ഹരികുമാറിനെ ചുമതലകളില്‍ നിന്ന് ഒഴിവാക്കി. താല്‍ക്കാലിക വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസാണ് നടപടി സ്വീകരിച്ചത്. പുതിയ നിയമനമായി ഡോ. മിനി കാപ്പനെ രജിസ്ട്രാറായും ഹേമാനന്ദിനെ ജോയിന്റ് രജിസ്ട്രാറായും നിയമിച്ചു.

Advertisment

കഴിഞ്ഞ ദിവസം വി.സി. പിരിച്ചുവിട്ടതിനു ശേഷവും, തുടര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ പി. ഹരികുമാര്‍ പങ്കെടുത്തിരുന്നു. ഈ വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ടെങ്കിലും ഹരികുമാര്‍ മറുപടി നല്‍കിയില്ല.


ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ചുമതലകളില്‍ നിന്ന് നീക്കിയതെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ ഹരികുമാര്‍ അവധിയിലാണ്. അനില്‍ കുമാറിന്റെ സസ്‌പെന്‍ഷന്‍ കഴിഞ്ഞതിനു ശേഷം രജിസ്ട്രാര്‍ ചുമതല ഹരികുമാറിനായിരുന്നു.

സിന്‍ഡിക്കേറ്റ് യോഗത്തിന് ശേഷം സര്‍വകലാശാലയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. രജിസ്ട്രാര്‍ കെ.എസ്. അനില്‍ കുമാറിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കുന്നതിനെക്കുറിച്ച് ചര്‍ച്ചയ്ക്കിടെ താല്‍ക്കാലിക വി.സി. സിസ തോമസ് യോഗം വിട്ട് ഇറങ്ങിപ്പോയി.


തുടര്‍ന്ന് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ നേതൃത്വത്തില്‍ അനില്‍ കുമാറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതായി അറിയിക്കപ്പെട്ടു. എന്നാല്‍, സസ്‌പെന്‍ഷന്‍ റദ്ദാക്കിയിട്ടില്ലെന്നും, അന്തിമ തീരുമാനം കോടതിയുടേതാണെന്നുമാണ് ഡോ. സിസ തോമസിന്റെ നിലപാട്.


വൈകുന്നേരം സര്‍വകലാശാലയിലെത്തി കെ.എസ്. അനില്‍ കുമാര്‍ വീണ്ടും ചുമതല ഏറ്റെടുത്തു. ഇത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് താല്‍ക്കാലിക വി.സി.

Advertisment