അമ്മമാർ പാടുന്ന താരാട്ട് പാട്ട് ഏറെ കേട്ടിട്ടുണ്ട് നമ്മൾ. എന്നാൽ ഒരച്ഛൻ പാടുന്ന താരാട്ട് പാട്ട് അധികമാരും കേട്ടിട്ടില്ല. കേട്ട ഒരേയൊരണം മാത്രമാണ് മനസ്സിൽ എന്നും തങ്ങി നിൽക്കുന്നതും.
ഒഎൻവി എഴുതി പി ജയചന്ദ്രൻ പാടിയ ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ എന്ന ഗാനമാണത്. ആ പാട്ടിന് ഒരു കുഞ്ഞിനെ ഉറക്കാൻ പോന്നതലമുണ്ട്.
അതുതന്നെയാണ് ജയചന്ദ്രനെ ഭാവ ഗായകൻ എന്ന് സ്നേഹപൂർവ്വം വിളിക്കുന്നതും. അതെ, പി ജയചന്ദ്രനെ പോലെ മൗനാനുരാഗത്തിൻ ലോലഭാവം പാട്ടിൽ ലയിപ്പിച്ച മറ്റൊരു ഗായകൻ ഇല്ല.
പ്രണയഗാനങ്ങളിലാണ് ജയചന്ദ്രന്റെ പ്രതിഭ പൂത്തുലയാറുള്ളത്. "ഇന്ദുമുഖീ ഇന്ന് രാവിൽ എന്തു ചെയ്‌വൂ നീ" എന്ന് ചോദിക്കുന്ന "മുത്തശ്ശി"യിലെ യുവകാമുകൻ തലമുറകൾ പിന്നിട്ടപ്പോൾ "ഏകാന്തസന്ധ്യ വിടർന്നൂ സ്നേഹയമുനാനദിക്കരയിൽ ഇന്നും അവൾ മാത്രം വന്നില്ല" എന്ന് പാടി പരിഭവിച്ചു.
ഉള്ളിലെ പ്രണയം ഈ പ്രായത്തിലും കെടാതെ സൂക്ഷിക്കുന്നതെങ്ങനെ എന്ന് ചോദിച്ചിട്ടുണ്ട് പലരും. ഒരു തിങ്കൾ ചന്തമുള്ള ചിരിയാവും അതിനുള്ള മറുപടി.
പാട്ടെഴുത്തുകാരനോ സംഗീത സംവിധായകനോ ഉദ്ദേശിക്കുന്ന ഭാവതലത്തിനപ്പുറത്തേക്ക് വരികളേയും വാക്കിനേയും അക്ഷരത്തെയും വരെ അനായാസം ഉയർത്തിക്കൊണ്ടുപോകാൻ അദ്ദേഹത്തിനാകും. അധികം ഗായകരിൽ കണ്ടിട്ടില്ല ആ സവിശേഷത.
ജയചന്ദ്രനാദത്തിലെ കാൽപ്പനിക ഭാവം ഔചിത്യബോധത്തോടെ പ്രയോജനപ്പെടുത്തിയിട്ടുള്ള സംഗീത സംവിധായകരുടെ പാട്ടുകൾ എല്ലാം ഹിറ്റായിട്ടുണ്ട്.
അതിന് കാലം ഒരു അതിർവരമ്പുകളും നിശ്ചയിച്ചിരുന്നില്ല. ഒരു പുഴയായി മനസ്സിനെ തഴുകുന്ന ഗായകൻ്റെ ശബ്ദ ഗരിമ. കളിത്തോഴനിലെ "മഞ്ഞലയിൽ മുങ്ങിത്തോർത്തി പാടാത്ത മലയാളികൾ ഉണ്ടോ?
മലയാളികൾ ഹൃദയത്തിലേറ്റുവാങ്ങിയ ഒരു കാലഘട്ടത്തിലെ ഭാവ ഗാനങ്ങൾ. ജയചന്ദ്രൻ ഭാവഗായകനായി മാറിയതും ആ പാട്ടുകളിലൂടെയാണ്.
പിന്നീട് കാലം മാറിയെങ്കിലും ഗായകൻ്റെ ശബ്ദഭാവത്തിന് മാത്രം മാറ്റങ്ങൾ വന്നില്ല. അത് കൂടുതൽ മധുരതരമാവുകയായിരുന്നു എന്ന് പുതിയ കാലവും തെളിയിച്ചു.
നന്ദനത്തിലെ ആരും ആരും കാണാതെ, രാവണ പ്രഭുവിലെ അറിയാതെ അറിയാതെ, ഫാൻ്റത്തിലെ വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ, ചന്ത്രോത്സവത്തിലെ ആരാരും കാണാതെ, ഗൗരിശങ്കരത്തിലെ ഉറങ്ങാതെ രാവുറങ്ങീ അങ്ങനെയങ്ങനെ പുതു തലമുറ മനസ്സിൽ ഓർക്കുന്ന എത്രയെത്ര പാട്ടുകൾ.
ജയചന്ദ്രന്റെ ശബ്ദം ഒരിക്കലെങ്കിലും കാതിൽ വന്നുവീഴാത്ത ദിനങ്ങളുണ്ടാവില്ല ജീവിതത്തിൽ. അനുഗ്രഹീത ഗായകൻ മാത്രം മണ്ണിലേയ്ക്ക് മടങ്ങുമ്പോൾ മണ്ണിൻ്റെ മണമുള്ള ആ പാട്ടുകൾ മലയാളികൾ എന്നും പാടും. ഭാവഗായകൻ മലായാളികളുടെ ഹൃദയത്തിൽ എന്നും അനശ്വരൻ തന്നെ.