കോഴിക്കോട്: പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെക്കുറിച്ചുള്ള പരാമര്‍ശം കൊണ്ട് വിവാദമായ പി. ജയരാജന്റെ 'കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന തൻ്റെ പുസ്തകം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു.
പുസ്തക രചയിതാവിന് അദ്ദേഹത്തിന്റെതായ അഭിപ്രായങ്ങൾ ഉണ്ടാകുമെന്നും പ്രസ്ഥാനത്തിന്റെ രാഷ്ട്രീയം പ്രകടിപ്പിക്കുന്ന അഭിപ്രായത്തോടാണ് യോജിപ്പെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമൂഹത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾക്ക് സ്ഥാനമുണ്ട്. പുസ്തകത്തിലേത് ജയരാജന്റെ അഭിപ്രായമായി കണ്ടാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പുസ്തകത്തിലെ എല്ലാ നിലപാടുകളും പാര്‍ട്ടി നിലപാടുകളല്ലെന്നും പിണറായി വ്യക്തമാക്കി.
വസ്തുതകൾക്ക് നിരക്കാത്ത ഒന്നും എഴുതിയിട്ടില്ലെന്ന് ജയരാജന്‍ വ്യക്തമാക്കി. മദനിയുടെ പ്രസംഗത്തിൽ വിമർശനം ഉണ്ടായിരുന്നു എന്നത് വസ്തുത ആണ്. പിൽക്കാലത്തു മദനി നിലപാടിൽ മാറ്റം വരുത്തി. ഇതൊക്കെയാണ് പുസ്തകത്തിൽ ഉള്ളതെന്നും ജയരാജന്‍ വിശദീകരിച്ചു.
അതേസമയം, പുസ്തകത്തില്‍ മദനിക്കെതിരായ പരാമര്‍ശത്തില്‍ പിഡിപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പുസ്തക പ്രകാശനത്തിന് ശേഷം മുഖ്യമന്ത്രി മടങ്ങിയതിന് ശേഷമായിരുന്നു പ്രതിഷേധം. വേദിക്ക് സമീപം പുസ്തകം കത്തിച്ചായിരുന്നു പ്രതിഷേധം.