തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ 'മഴവില്‍ സഖ്യ' പരാമര്‍ശത്തില്‍ മറുപടിയുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പാലക്കാട്ടെ രാഹുലിന്റെ തകര്‍പ്പന്‍ ജയത്തെ ചെറുതാക്കാനുള്ള ശ്രമമാണ് എം വി ഗോവിന്ദന്‍ നടത്തിയത്.
ജനവിധിയെ മോശമാക്കുന്ന പ്രതികരണമാണത്, മഴവില്‍ സഖ്യമെന്നത് വിചിത്രമായ പ്രതികരണമാണെന്നും ആളുകള്‍ കേട്ടാല്‍ ചിരിക്കുമെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു.
ചേലക്കരയില്‍ എല്‍ഡിഎഫ് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്, കുത്തനെ വോട്ടുകള്‍ കുറഞ്ഞിട്ടുണ്ട്. ഭരണവിരുദ്ധ തരംഗമുണ്ട്. ചേലക്കരയില്‍ യുഡിഎഫിന് വിജയത്തില്‍ എത്താന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് പരിശോധിക്കണം. ഈ ട്രെന്‍ഡില്‍ വിജയിക്കാമായിരുന്നു. മൂന്നാം സര്‍ക്കാര്‍ വരുമെന്ന് പറയാന്‍ സിപിഐഎമ്മിന് കഴിയില്ലെന്നും അതൊക്കെ പിടിച്ചുനില്‍ക്കാന്‍ പറയുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ സുപ്രഭാതത്തിലെ പരസ്യം ചര്‍ച്ച ചെയ്യുമോ എന്ന ചോദ്യത്തിന്, പരസ്യം കൊടുത്തിട്ടും കാര്യമില്ലെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. പത്രപരസ്യം വിഷലിപ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.