കേരളത്തിന്റെ പൂങ്കുയില്‍ പി ലീല വിടപറഞ്ഞിട്ട് 18 വര്‍ഷം. നാടകത്തിലും സിനിമയിലുമായി പാടിയ ഒട്ടേറെ ഭക്തി സാന്ദ്രമായ ഗാനങ്ങളിലൂടെ ആസ്വാദകരുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ഇന്ത്യയുടെ പ്രിയപ്പെട്ട പിന്നണി ഗായികയാണ് പുറയത്ത് ലീല എന്ന
പി ലീല.
1934 മേയ് 19 ന് പാലക്കാട് ജില്ലയിലെ ചിറ്റൂരില്‍ ജനിച്ചു. 1946 ല്‍ എച്ച്ആര്‍ പത്മനാഭ ശാസ്ത്രിയുടെ സംഗീതത്തില്‍ 'കങ്കണം' എന്ന തമിഴ് ചിത്രത്തില്‍ ''ശ്രീവരലക്ഷ്മി ദിവ്യ'' എന്ന ഗാനം ആലപിച്ചുകൊണ്ടാണ് തുടക്കം.
മലയാളത്തില്‍ 'നിര്‍മ്മല' എന്ന ചിത്രത്തിലാണ് ആദ്യമായി പാടിയത്. ആ ചിത്രത്തില്‍ ജി.ശങ്കരക്കുറുപ്പ് രചിച്ച ''പാടുക പൂങ്കുയിലേ കാവുതോറും'' എന്നു തുടങ്ങുന്ന ഗാനം ഗോവിന്ദ റാവുവിനോടൊപ്പം പാടിക്കൊണ്ട് ലീല ഒരു ജൈത്രയാത്രയ്ക്ക് തുടക്കം കുറിച്ചു.
മലയാളത്തില്‍ പിന്നീട് നിരവധി ഗാനങ്ങള്‍ക്ക് അവര്‍ ശബ്ദം പകര്‍ന്നു. അവസാനമായി 1998 ല്‍ 'തിരകള്‍ക്കപ്പുറം' എന്ന സിനിമയിലെ 'കരയുടെ മാറില്‍ തലോടി' എന്ന ഗാനം യേശുദാസിനൊപ്പം പാടി. അരനൂറ്റാണ്ടോളം നീണ്ട സംഗീത സപര്യയില്‍ 600 ല്‍ പരം ഗാനങ്ങള്‍ ലീല പാടിയിട്ടുണ്ട്.
ലീലയുടെ ഏറ്റവും പ്രശസ്ത ഗാനമായി ഗണിക്കാവുന്നത് 'ഓമനക്കുട്ടന്‍' എന്ന ചിത്രത്തിലെ 'കണികാണും നേരം കമലനേത്രന്റെ ' എന്ന ഗാനമാണ്. പി. ലീലയും രേണുകയും പൂന്താനത്തിന്റെ ഈരടികള്‍ സുന്ദരമായി ആലപിച്ചു.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി, ഹിന്ദി, മറാത്തി ഭാഷകളിലെല്ലാം ശബ്ദ വിസ്മയം പകര്‍ന്നു. ഗാനമണി, ഗാനകോകിലം, സംഗീത സരസ്വതി, കലാരത്‌നം, ഭക്തിഗാന തിലകം തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചു.
ആദ്യത്തെ കേരള സംസ്ഥാന അവാര്‍ഡ് 1969 ല്‍ 'കടല്‍പ്പാലം' എന്ന ചിത്രത്തിലെ 'ഉജ്ജയിനിയിലെ ഗായിക' എന്ന ഗാനത്തിനു ലഭിച്ചു. കമുകറ അവാര്‍ഡ്, കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ്, എന്നിവയും ലഭിച്ചു. 2006 ല്‍ പത്മഭൂഷണ്‍ നേടി.
പ്രശസ്തിയുടെ കൊടുമുടിയിലിരിക്കെ കുളിമുറിയില്‍ വീണ് തലക്കു പരിക്കേറ്റ് 2005 ഒക്ടോബര്‍ 31 ന് 71 ആം വയസ്സില്‍ അനുഗ്രഹീത ഗായിക അരങ്ങൊഴിഞ്ഞു.