ഇടുക്കി: കടുത്ത വരൾച്ചയിൽ സംസ്ഥാനത്ത് 257 കോടി രൂപയുടെ കൃഷി നാശം സംഭവിച്ചതായി കൃഷിമന്ത്രി പി. പ്രസാദ്. കൃഷിനാശം പരിഹരിക്കാനായി കേന്ദ്രസർക്കാരിനോട് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെടുമെന്ന് മന്ത്രി പറഞ്ഞു.
കൃഷിനാശമുണ്ടായതിൽ 175 കോടിയുടെനഷ്ടവും ഇടുക്കിയിലാണ്. ഏറ്റവും അധികം നശിച്ചത് ഏലം കൃഷിയാണ്. ഏലത്തട്ടകൾ കിട്ടാനില്ലാത്തതിനാൽ വീണ്ടും കൃഷി നടത്താൻ കഴിയാത്ത അവസ്ഥയിലാണ് കർഷകർ.
ഇടുക്കി ജില്ലക്കായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യമാണ് കർഷകർ ഉന്നയിക്കുന്നത്. സ്പൈസസ് ബോർഡ് അടക്കമുള്ള ബോർഡുകൾ പ്രശ്നത്തിൽ ഇടപെടുന്നില്ലെന്ന ആരോപണവും ഉയർന്നു.
ഇടുക്കിയിൽ കൃഷിനാശം സംഭവിച്ച സ്ഥലം സന്ദർശിക്കുകയായിരുന്നു മന്ത്രി. കൃഷി വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.