തമിഴ്നാട് മന്ത്രി പളനിവേൽ ത്യാഗരാജനും തനിക്കുമുണ്ടായത് സമാനമായ അനുഭവമെന്ന് പി രാജീവ്.  'കേരളവും ഇന്ത്യയും ലോകത്തിന് മുന്നിൽ ശ്രദ്ധിക്കപ്പെടുമായിരുന്ന അവസരം ഇല്ലാതാക്കുകയാണ്.' പ്രത്യേകമായ ഒരു കാരണവും ചൂണ്ടിക്കാട്ടാതെയാണ് വിദേശ യാത്രാ  അനുമതി നിഷേധിക്കപ്പെടുന്നതെന്നും പി രാജീവിന്റെ വിമർശനം

സംസ്ഥാന മന്ത്രിമാരുടെ വിദേശ സന്ദർശന ലക്ഷ്യത്തെ തടസ്സപ്പെടുത്തുന്ന കേന്ദ്രത്തിന്റെ ചില സമീപനങ്ങളും ഉയർത്തിക്കാട്ടുകയാണ് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉൾപ്പടെയുള്ളവർ

New Update
p rajeev neee.jpg

തിരുവനന്തപുരം: കേന്ദ്ര  സർക്കാരും കേരളം,തമിഴ്നാട് ഉൾപ്പടെയുള്ള ചില സംസ്ഥാന സർക്കാരുകളും തമ്മിലുള്ള അസ്വാരസ്യങ്ങൾ ദിനംപ്രതി വർധിച്ചു വരുന്നത് രാജ്യത്തെ ഫെഡറൽ തത്വങ്ങളെ തന്നെ ബാധിക്കുന്ന നിലയിലേക്ക് മാറുമെന്ന വിലയിരുത്തൽ പൊതുവെ ഉയരുകയാണ്.

Advertisment

അതേസമയം, നിയമസഭ പാസ്സാക്കുന്ന ബില്ലുകൾ സംബന്ധിച്ച് ഗവർണർമാർക്ക് സമയപരിധി നിശ്ചയിച്ചു കൊണ്ടുള്ള സുപ്രീംകോടതിയുടെ ഉത്തരവ് അഭിപ്രായ ഭിന്നതകൾക്ക് പുതിയ മാനം കൈവരുന്ന സാഹചര്യവും സൃഷ്ടിച്ചു. 


ഇതിനൊക്കെ പുറമെ  സംസ്ഥാന മന്ത്രിമാരുടെ വിദേശ സന്ദർശന ലക്ഷ്യത്തെ തടസ്സപ്പെടുത്തുന്ന കേന്ദ്രത്തിന്റെ ചില സമീപനങ്ങളും ഉയർത്തിക്കാട്ടുകയാണ് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉൾപ്പടെയുള്ളവർ. കേരളത്തിനു പുറമെ തമിഴ്‌നാടിനും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്.

തമിഴ്നാട് ഐടി മന്ത്രി പളനിവേൽ ത്യാഗരാജന് അമേരിക്കയിലെ സർവകലാശാലകളിൽ അവരുടെ ക്ഷണം സ്വീകരിച്ച് ക്ലാസെടുക്കുന്നതിനായി പോകാൻ യൂണിയൻ ഗവണ്മെൻ്റ് സന്ദർശനാനുമതി നിഷേധിച്ച സംഭവം പരാമർശിച്ചു കൊണ്ടാണ് മന്ത്രി പി രാജീവിന്റെ ,കേന്ദ്രത്തോടുള്ള വിമർശനം. 

p rajeev minister

പി രാജീവിന്റെ വാക്കുകളിങ്ങനെ- 

" എം.ഐ.ടി, ഹാർവാർഡ്, കെന്നഡി സ്കൂൾ ഓഫ് ഗവണ്മെൻ്റ്, ബ്രൗൺ തുടങ്ങിയ ഏറ്റവും വലിയ എട്ടോളം സർവകലാശാലകളിൽ പ്രഭാഷണം നടത്താൻ ഇന്ത്യയിലെ ഒരു മന്ത്രിയെ തെരഞ്ഞെടുക്കുക എന്നത് നമുക്കെല്ലാവർക്കും അഭിമാനകരമായ ഒരു കാര്യമല്ലേ. എന്നാൽ ഒരു കാരണവുമില്ലാതെ അനുമതി നിഷേധിക്കാനാണ് യൂണിയൻ ഗവണ്മെൻ്റ് ഈ അവസരം ഉപയോഗപ്പെടുത്തിയത്."  

ഈ വിഷയത്തെ ചൂണ്ടിക്കാട്ടി, കേരളത്തിനും ലഭിച്ച ഒരു അവസരത്തെ കേന്ദ്രം അനുമതി നിഷേധിച്ചതിനാൽ കൈവിടേണ്ടി വന്നതായി പി രാജീവ് പറയുന്നു. 

" 87 വർഷത്തിനിടെ ലോകത്തിലെ ഏറ്റവും വലിയ പബ്ലിക് അഡ്മിനിസ്ട്രേഷൻ സംഘടനയായ അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്ട്രേഷൻ ഇന്ത്യയിലെ ഒരു പദ്ധതിക്ക് അവാർഡ് നൽകുന്നത് 2025ലാണ്.


കേരളത്തിൻ്റെ സംരംഭക വർഷം പദ്ധതി നോവൽ ഇന്നവേഷൻ ഇൻ പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്ന നിലയിൽ ആ സംഘടനയുടെ അംഗീകാരം നേടുകയും ഈ പദ്ധതിയെക്കുറിച്ച് സംസാരിക്കാൻ വ്യവസായ മന്ത്രി എന്ന നിലയിൽ എന്നെയും വ്യവസായവകുപ്പ് ഉദ്യോഗസ്ഥരെയും ക്ഷണിക്കുകയും ചെയ്തിരുന്നു.


എന്നാൽ പ്രത്യേകമായ ഒരു കാരണവും ചൂണ്ടിക്കാട്ടാതെ അനുമതി നിഷേധിക്കുകയാണ് യൂണിയൻ ഗവണ്മെൻ്റ് ചെയ്തത്. കേരളവും ഇന്ത്യയും ലോകത്തിന് മുന്നിൽ ശ്രദ്ധിക്കപ്പെടുമായിരുന്ന ഒരവസരം ഇല്ലാതാക്കുകയാണ് ഇതിലൂടെ യൂണിയൻ ഗവണ്മെൻ്റ് ചെയ്തത്".

P RAJEEV22

ബിജെപി ഇതര പാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ ഏത് വിധേനയും താഴ്ത്തിക്കെട്ടാനും അവർ സ്വന്തം നിലയ്ക്ക് പോലും മറ്റിടങ്ങളിൽ ശ്രദ്ധിക്കപ്പെടാതിരിക്കാനുമാണോ ഇത്തരം നടപടികളെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായും പി രാജീവ് കുറ്റപ്പെടുത്തുന്നു. 

കേരളത്തിൽ പ്രളയമുണ്ടായപ്പോഴും ലോകരാഷ്ട്രങ്ങളുടെ സഹായം കേരളത്തിന് ലഭിക്കാതിരിക്കാനുള്ള ഇടപെടൽ യൂണിയൻ ഗവണ്മെൻ്റിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നതായും  ബിജെപി ഇതര സംസ്ഥാനങ്ങളോടും അവിടങ്ങളിൽ അധികാരത്തിലുള്ള മന്ത്രിമാരോടും യൂണിയൻ ഗവണ്മെൻ്റ് സ്വീകരിക്കുന്ന ഇത്തരം നിലപാടുകൾ ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും പി രാജീവ് കൂട്ടിച്ചേർത്തു.

ഫേസ്ബുക്കിലെ കുറിപ്പിലാണ് മന്ത്രിയുടെ ഇതുസംബന്ധിച്ച പ്രതികരണം.