Advertisment

പി. രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍. മുതിര്‍ന്ന നേതാവ് കെ.ഇ ഇസ്മായിലിനെതിരെ നടപടിക്കൊരുങ്ങി സി.പി.ഐ. തീരുമാനം ഇന്നലെ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തില്‍. തനിക്ക് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നും പാര്‍ട്ടി വിരുദ്ധമായി താനൊന്നും പറഞ്ഞിട്ടില്ലെന്നും ഇസ്മായില്‍

ഇസ്മയിലിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ജില്ലാ കമ്മിറ്റി നല്‍കിയ പരാതി പരിഗണിച്ചാണ് സംസ്ഥാന നിര്‍വ്വാഹക സമിതി തീരുമാനമെടുത്തത്.

New Update
p raju and ke ismayil

തിരുവനന്തപുരം: മുന്‍ എം.എല്‍.എയും സി.പി.ഐ എറണാകുളം ജില്ല സെക്രട്ടറിയുമായിരുന്ന പി. രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാവ് കെ.ഇ. ഇസ്മയില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ സി.പി.ഐ നടപടിക്കൊരുങ്ങുന്നു. ഇന്നലെ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനുമുണ്ടായത്. 

Advertisment

മാധ്യമങ്ങളോട് അദ്ദേഹം നടത്തിയ പ്രതികരണത്തില്‍ പാര്‍ട്ടിവിരുദ്ധ പരാമര്‍ശങ്ങള്‍ ഉണ്ടായെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തല്‍.  


പ്രാഥമികമായി കെ.ഇ. ഇസ്മയിലില്‍നിന്ന് വിശദീകരണം തേടും. ഇസ്മയിലിന്റെ പ്രതികരണത്തിനെതിരെ സി.പി.ഐ എറണാകുളം ജില്ല കമ്മിറ്റി പരാതി നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ വിശദീകരണം അടുത്ത എക്സിക്യൂട്ടിവില്‍ ചര്‍ച്ച ചെയ്ത് ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് എക്സിക്യൂട്ടിവിലുണ്ടായ ധാരണ.


പി. രാജുവിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ കുടുംബം പാര്‍ട്ടിക്കെതിരെ രംഗത്തെത്തിയിരുന്നു. ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെയ്ക്കേണ്ടന്ന കുടുംബത്തിന്റെ തീരുമാനം പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയിരുന്നു. രാജുവിനെ പിന്നില്‍ നിന്നും കുത്തിയവര്‍ മൃതദേഹം കാണാന്‍പോലും വരരുതെന്നും കുടുംബം നിലപാട് സ്വീകരിച്ചിരുന്നു.  

p raju cpi

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തന്നെ സംസ്‌ക്കാരച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയിട്ടും കുടുംബം നിലപാട് മാറ്റിയില്ല. ഇല്ലാത്ത പ്രശ്നങ്ങളുടെ പേരില്‍ രാജുവിനെ വ്യക്തിഹത്യ നടത്തിയെന്നായിരുന്നു ഇസ്മയിലിന്റെ തുറന്നുപറച്ചില്‍. 

തുടര്‍ന്ന് ഇസ്മയിലിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ജില്ലാ കമ്മിറ്റി നല്‍കിയ പരാതി പരിഗണിച്ചാണ് സംസ്ഥാന നിര്‍വ്വാഹക സമിതി തീരുമാനമെടുത്തത്.


വിഷയത്തില്‍ ഇസ്മയിലിന്റെ ആരോപണം പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയെന്നും ഒരു മുതിര്‍ന്ന അംഗത്തിന്റെ ഭാഗത്തുനിന്നും അത്തരത്തിലൊരു പ്രതികരണം ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്തതാണെന്നും സംസ്ഥാന കൗണ്‍സില്‍ യോഗം വിലയിരുത്തി. ഇതേ തുടര്‍ന്നാണ് ഇസ്മായിലിന് കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ തീരുമാനിച്ചത്.


ആറ് മാസം മുമ്പ് പാലക്കാട് ജില്ലാ കമ്മിറ്റി സംസ്ഥാന കൗണ്‍സിലിന് നല്‍കിയ പരാതിയില്‍ കെ.ഇ ഇസ്മയില്‍ പാര്‍ട്ടിയില്‍ വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ആരോപണം ഉന്നയിച്ചിരുന്നത്. തുടര്‍ന്ന് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന നീക്കങ്ങള്‍ ഉണ്ടാവരുതെന്ന് സംസ്ഥാന കൗണ്‍സില്‍ ഇസ്മയിലിനോട് ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍ തനിക്ക് ഇതുസംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കെ.ഇ ഇസ്മയില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ അമ്പത് കൊല്ലമായി രാജുവിനെ അറിയാം. അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് ഞാന്‍ പറഞ്ഞതില്‍ പാര്‍ട്ടി വിരുദ്ധതയുണ്ടെന്ന് തോന്നുന്നില്ല. 


മാദ്ധ്യമങ്ങളുടെ ക്ലിപ്പിങ്ങുകള്‍ തന്റെ കൈവശമുണ്ട്. താനത് എല്ലാവര്‍ക്കും അയച്ച് നല്‍കിയിട്ടുമുണ്ട്. ഇനി അതില്‍ പാര്‍ട്ടി വിരുദ്ധതയുണ്ടായെന്ന് പരിശോധിക്കേണ്ടതും നടപടിയെടുക്കണമോ എന്ന് തീരുമാനിക്കേണ്ടതും സംസ്ഥാന നേതൃത്വമാണെന്നും അദ്ദേഹം സത്യം ഓണ്‍ലൈനിനോട് വ്യക്തമാക്കി. 


പി.രാജുവിനെതിരെ അഴിമതിയാരോപണം ഉന്നയിച്ച് പാര്‍ട്ടിയില്‍ നിന്നും തരംതാഴ്ത്തിയ നടപടി അദ്ദേഹത്തെ മാനസികമായി തളര്‍ത്തിയെന്നും കണ്‍ട്രോള്‍ കമ്മീഷന്റെ അന്വേഷണത്തില്‍ കുറ്റക്കാരനെല്ലെന്ന് കണ്ടെത്തിയിട്ടും യാതൊരു ദയയും പി രാജുവിനോട് പാര്‍ട്ടി നേതൃത്വം കാണിച്ചില്ലെന്നുമായിരുന്നു ഇസ്മായില്‍ വ്യക്തമാക്കിയത്. 

ke ismail

രാജു തന്നോട് ഈ വിഷയം പറഞ്ഞിരുന്നുവെന്നും രോഗം ഭേദപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ സജീവമാവാന്‍ രാജു തീരുമാനിച്ചുവെങ്കിലും അദ്ദേഹത്തെ നേതാക്കള്‍ പരിഗണിച്ചില്ലെന്നും ഇത് രോഗം മൂര്‍ച്ഛിക്കാനും മരണത്തിനും കാരണമായെന്നായിരുന്നു ഇസ്മായില്‍ മാദ്ധ്യമങ്ങേളാട് വ്യക്തമാക്കിയത്. 

കോട്ടയം സമ്മേളനത്തില്‍ കാനം രാജേന്ദ്രനും കെ.ഇ ഇസ്മായിലും ഇരുവിഭാഗമായി മാറിയതും സംസ്ഥാന സെക്രട്ടറി സ്ഥാനത്തക്ക് മത്സരിക്കാന്‍ നീക്കം നടക്കുകയും ചെയ്തിരുന്നു.

പി.രാജു ഇസ്മായില്‍ പക്ഷത്തായിരുന്നു നിലകൊണ്ടിരുന്നത്. ഇതാണ് രാജുവിനെതിരെയുള്ള ഔദ്യോഗിക പക്ഷത്തിന്റെ നീക്കത്തിന് കാരണമെന്നാണ് എതിര്‍വിഭാഗം ഉന്നയിക്കുന്ന ആരോപണം.

Advertisment