/sathyam/media/media_files/2024/10/16/hf7JJpKUmDHsIV78QIvB.jpg)
പാലക്കാട്: കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ വിങ് കണ്‍വീനറായിരുന്ന ഡോ. പി.സരിന്‍ പാലക്കാട് ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് സൂചന. സംസ്ഥാന നേതൃത്വം വ്യാഴാഴ്ച പ്രഖ്യാപനം നടത്തിയേക്കും. ഇടത് സ്വതന്ത്രനാകാന്‍ സരിന്‍ സമ്മതം മൂളിയെന്നാണ് വിവരം.
സരിനെ ഒപ്പം നിർത്താനുളള നീക്കത്തിന് ഇന്ന് ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പൂര്‍ണ സമ്മതം അറിയിച്ചിരുന്നു. ഡോ. പി. സരിനെ പാലക്കാട് സീറ്റിൽ മത്സരിപ്പിച്ചാൽ ഗുണകരമാകുമെന്നാണ് സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റിൻെറ വിലയിരുത്തൽ.
പത്തനംതിട്ട ജില്ലക്കാരനായ രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് സ്ഥാനാർത്ഥിയാക്കുന്നതിൽ മണ്ഡലത്തിലെയും ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിലെ പലർക്കും കടുത്ത എതിർപ്പുണ്ട്.
കോൺഗ്രസിനുളളിലെ ഈ അസംതൃപ്തി രാഷ്ട്രീയമായി പ്രയോജനപ്പെടുത്തണമെങ്കിൽ പി. സരിനെ സ്ഥാനാർത്ഥിയാക്കുന്നതാണ് ഉചിതം. സരിൻ സ്ഥാനാർത്ഥിയായാൽ നിലവിലുളള രാഷ്ട്രീയ സാഹചര്യത്തിൽ അനുകൂല സ്ഥിതി ഉണ്ടാകുമെന്നാണ് ജില്ലാ സെക്രട്ടേറിയേറ്റിലെ വികാരം.
പാർട്ടി ഒരു തീരുമാനത്തിലേക്ക് പോകണമെങ്കിൽ ആദ്യം പി. സരിൻ നിലപാട് വ്യക്തമാക്കേണ്ടതുണ്ടെന്നും സരിൻെറ തുടർനീക്കങ്ങൾ നിരീക്ഷിച്ച ശേഷം അടുത്ത തീരുമാനത്തിലേക്ക് പോകാമെന്നായിരുന്നു ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിൻെറ മറുപടി.
എതിർപാളയത്തിലേക്ക് പോകാനുളള സാധ്യത മുന്നിൽ കണ്ട് കോൺഗ്രസ് നേതൃത്വവും കരുതലോടെയാണ് നീങ്ങുന്നത്. അതുകൊണ്ടാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തിൽ ഹൈക്കമാൻഡ് അംഗീകരിച്ച് പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ ചോദ്യം ചെയ്യുകയും നേതൃത്വത്തിന് എതിരെ ഗുരുതരമായ വിമർശനങ്ങൾ നടത്തുകയും ചെയ്തിട്ടും പി. സരിനെതിരെ നടപടി എടുക്കാത്തത്.
അച്ചടക്ക നടപടി സ്വീകരിക്കാൻ പര്യാപ്തമായ തെറ്റാണ് സരിൻെറ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് നേതാക്കൾക്ക് ബോധ്യമുണ്ട്. എന്നാൽ ഇപ്പോൾ നടപടി സ്വീകരിച്ചാൽ അതിൻെറ പേരിലാകും സരിൻ സി.പി.എം പാളയത്തിലെത്തി സ്ഥാനാർത്ഥിയാകുക. പാർട്ടി വിട്ട് പുറത്ത് പോകാൻ സരിന് കാരണം ഉണ്ടാക്കി കൊടുക്കേണ്ടതില്ലെന്ന ധാരണയിലാണ് അച്ചടക്ക നടപടിയിൽ നിന്ന് പിൻവാങ്ങി നിൽക്കുന്നത്.
എന്നാൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നടപടി വേണമെന്ന അഭിപ്രായക്കാരനാണ്. പത്രസമ്മേളനത്തിന് മുൻപ് സരിനുമായി ഫോണിൽ ബന്ധപ്പെട്ട സതീശൻ മാധ്യമങ്ങളെ കാണുന്നത് ഒഴിവാക്കണെമന്ന് ആവശ്യപ്പെട്ടിരുന്നു. അത് ചെവിക്കൊളളാതെയാണ് സരിൻ പാലക്കാട് പ്രസ് ക്ലബിൽ വെച്ച് പത്ര സമ്മേളനം നടത്തിയത്.
പ്രതിപക്ഷ നേതാവിൽ നിന്നുണ്ടായ മോശം പ്രതികരണമാണ് രാഹുൽ മാങ്കൂട്ടത്തിലിൻെറ സ്ഥാനാർത്ഥിത്വത്തെ ചോദ്യം ചെയ്ത് പരസ്യമായി രംഗത്ത് വരാൻ കാരണമെന്നാണ് പി. സരിൻ അടുപ്പമുളളവരോട് പറഞ്ഞിരിക്കുന്നത്.
രാഹുലിനെ സ്ഥാനാർത്ഥിയാക്കരുതെന്ന് ആവശ്യപ്പെട്ടപ്പോൾ പ്രതിപക്ഷ നേതാവ് പരിഹസിക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്തതെന്നാണ് സരിൻെറ പരാതി. ഇതിൽ പ്രകോപിതനായാണ് സരിൻ പരസ്യമായി രംഗത്തിറങ്ങിയത്.
പാലക്കാട്ടെ കോൺഗ്രസിൽ സംഭവിക്കുന്ന നീക്കങ്ങളെ സി.പി.എം സംസ്ഥാന നേതൃത്വവും കൗതുക പൂർവം നിരീക്ഷിക്കുന്നുണ്ട്. ഡോ.പി.സരിനെ ഒപ്പം നിർത്താനുളള നീക്കത്തിൽ സംസ്ഥാന നേതൃത്വത്തിലുളളവരും പങ്കാളികളാവുന്നുണ്ട്. പാർട്ടി സ്ഥാനാർത്ഥിയാക്കുക ലക്ഷ്യമിട്ട് മുതിർന്ന നേതാവ് എ.കെ.ബാലൻ സരിനുമായി ആശയവിനിമയം നടത്തി.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതൽ ഇടത് മുന്നണി മൂന്നാം സ്ഥാനത്തേക്ക് പോകുന്ന പാലക്കാട് സീറ്റിൽ സി.പി.എമ്മിന് കിട്ടിയ അപ്രതീക്ഷിത രാഷ്ട്രീയാവസരമാണ് ഡോ. പി. സരിൻെറ വിമതനീക്കം. രാഹുൽ മാങ്കൂട്ടത്തിലിൻെറ സ്ഥാനാർത്ഥിത്വത്തിന് എതിരെ പാലക്കാട്ടെ കോൺഗ്രസിൽ എതിർപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് പ്രതീക്ഷിച്ചിരുന്നു.
എന്നാൽ കോൺഗ്രസ് നേതൃത്വത്തെ പരസ്യമായി ചോദ്യം ചെയ്തുകൊണ്ട് പി. സരിനെ പോലൊരു യുവനേതാവ് പരസ്യമായി രംഗത്തിറങ്ങുമെന്ന് കരുതിയില്ല. എന്നാൽ സരിൻ വിമത സ്വരം പ്രകടിപ്പിച്ചപ്പോൾ തന്നെ ഒപ്പം കൂട്ടാനുളള ഇടപെടലുമായി സി.പി.എം ചാടിവീഴുകയായിരുന്നു.
ജയിക്കാനുളള എല്ലാ സാധ്യതകളും തേടണമെന്ന സമീപനം സ്വീകരിച്ച പാർട്ടി ജില്ലാ നേതൃത്വവും നീക്കത്തെ പിന്തുണച്ചു. വിദ്യാസമ്പന്നനും സിവിൽ സർവീസ് ഉദ്യോഗം രാജിവെച്ച് രാഷ്ട്രീയത്തിലിറങ്ങിയ നേതാവുമായ സരിനെ കൂടെക്കൂട്ടന്നത് സി.പി.എമ്മിന് ഗുണം ചെയ്യു. ഉപതിരഞ്ഞെടുപ്പിൽ വിജയിക്കുമോ പരാജയപ്പെടുമോ എന്നതിനേക്കാൾ കോൺഗ്രസിനുളളിൽ അന്തഛിദ്രങ്ങൾ രൂക്ഷമാണെന്ന് പുറത്തെത്തിക്കാനായി എന്നതാണ് നേട്ടം.