പാലക്കാട്: എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ.പി. സരിനെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല.
പാലക്കാട് വിജയിച്ച ശേഷം നേരെ യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ആഫീസില്‍ എത്തുമെന്നറിയിച്ച പി. സരിനെയും കാത്ത് എന്നാണ് ജ്യോതികുമാർ ഫേസ്ബുക്കില്‍ കുറിച്ചത്. യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നില്‍ നില്ക്കുന്ന ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
പാലക്കാട് ത്രില്ലടിപ്പിച്ച് ലീഡ് നില മാറിമറിഞ്ഞെങ്കിലും ഒടുവില്‍ വമ്പൻ വിജയത്തിലേക്ക് രാഹുല്‍ എത്തി. ഷാഫിയുടെ ഭൂരിപക്ഷം മറികടന്നാണ് രാഹുലിന്റെ വിജയം. പാലക്കാട് ഷാഫി പറമ്പിലിന്റെ പിൻഗാമിയായി എത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ മികച്ച വിജയം നേടുമെന്നു തന്നെയായിരുന്നു യുഡിഎഫിന്റെ പ്രതീക്ഷ.
കോണ്‍ഗ്രസ് വിട്ടു വന്ന പി.സരിനിലൂടെ ഏറെക്കാലത്തിനുശേഷം മണ്ഡലം പിടിക്കാമെന്ന എല്‍ഡിഎഫ് കണക്കുകൂട്ടലകള്‍ പിഴച്ചു. നേമത്തിനുശേഷം കൃഷ്ണകുമാറിലൂടെ പാലക്കാട് രണ്ടാമത്തെ അക്കൗണ്ട് തുറക്കാനാകുമെന്ന ബിജെപിയുടെ പ്രതീക്ഷയും തെറ്റി.