ഒറ്റ രാത്രികൊണ്ടു മറുകണ്ടം ചാടിയ സരിനല്ല, ഒരിക്കല്‍ തോറ്റിട്ടും ഹൃദയം കൊടുത്ത് തോറ്റ അതേ മണ്ഡലത്തില്‍ പ്രവര്‍ത്തിച്ച മഹേഷാണു തങ്ങളുടെ ഹീറോയെന്നു കോണ്‍ഗ്രസുകാര്‍. സരിന്‍ മറുകണ്ടം ചാടിയതോടെ ചര്‍ച്ചയായി കഠിനാധ്വാനം കൊണ്ട് എതിരാളികളുടെ കോട്ട പിടിച്ചടക്കിയ സി.ആര്‍. മഹേഷ് എം.എല്‍.എ

സ്ഥാനമോഹത്താല്‍ ഒറ്റ രാത്രികൊണ്ടു അതുവരെ പറഞ്ഞ ആദര്‍ശവും പ്രത്യയശാസ്ത്രവും മറന്നു മറുകണ്ടം ചാടുന്ന പി. സരിനെ പോലുള്ളര്‍ക്കിടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തോടെ പറയുന്നൊരു പേരുണ്ട്

New Update
p sarin cr mahesh

കോട്ടയം: സ്ഥാനമോഹത്താല്‍ ഒറ്റ രാത്രികൊണ്ടു അതുവരെ പറഞ്ഞ ആദര്‍ശവും പ്രത്യയശാസ്ത്രവും മറന്നു മറുകണ്ടം ചാടുന്ന പി. സരിനെ പോലുള്ളര്‍ക്കിടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തോടെ പറയുന്നൊരു പേരുണ്ട്. കരുനാഗപ്പള്ളി എം.എല്‍.എ സി.ആര്‍ മഹേഷ്.

Advertisment

എം.എല്‍.എ എന്ന പദവിയുടെ യാതൊരു അഹന്തയുമില്ലാതെ സാധാരണക്കാരില്‍ ഒരാളായി തുടരുന്നതിന്റെ ആര്‍ജവമാണ് ഈ യുവ രാഷ്ട്രീയ നേതാവിന്റെ സവിശേഷത. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐയുടെ സിറ്റിങ് എം.എല്‍.എയെ 29208 വോട്ടിന്റെ മൃഗീയ ഭൂരിപക്ഷത്തിനു കടപുഴക്കിയതോടെയാണു രാഷ്ട്രീയ കേരളം സി.ആര്‍.മഹേഷിനെ ശ്രദ്ധിച്ചു തുടങ്ങുന്നത്.


 2016 ലെ തെരഞ്ഞെടുപ്പില്‍ തോറ്റ അതേ കരുനാഗപ്പള്ളിയില്‍ പിന്നീടുള്ള അഞ്ചു വര്‍ഷവും പ്രവര്‍ത്തിച്ചു തന്റെതായ ഇടം ജനമനസുകളില്‍ നേടിയെടുക്കാന്‍ മഹേഷിനു സാധിച്ചു എന്നിനു തെളിവായിരുന്ന മുപ്പതിനായിരത്തിനടുത്തെത്തിയ ഭൂരിപക്ഷം.


അതു ജനങ്ങള്‍ക്കു കോണ്‍ഗ്രസ് എന്ന സംഘടനയോടുള്ള സ്‌നേഹം കൊണ്ടു മാത്രം ലഭിച്ചതല്ല, രാപ്പകലില്ലാതെ ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചതുകൊണ്ടു കൂടിയാണ്.

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ തഴവയില്‍ കൈതവന വീട്ടില്‍ രാജന്‍ പിള്ളയുടെയും ലക്ഷ്മിയമ്മയുടെയും മകനായി ജനിച്ച മഹേഷ് കോളജ് പഠനകാലത്ത് കെ.എസ്.യുവിലൂടെ രാഷ്ട്രീയ രംഗത്ത് എത്തി. മഹേഷ് 2005ല്‍ നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ തഴവ പഞ്ചായത്തിലേക്കു കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചു വിജയിച്ചു.

തുടര്‍ന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മഹേഷ് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2013 ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷനായി തെരഞ്ഞെടുത്തു. 2016ല്‍ കേരള നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളിയില്‍ നിന്നും യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി മത്സരിച്ച മഹേഷ് എല്‍.ഡി.എഫിലെ ആര്‍. രാമചന്ദ്രനോട് പരാജയപ്പെട്ടു. 


തുടര്‍ന്നു കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചിരുന്നെങ്കിലും ദേശീയ നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നു തിരിച്ചെത്തി. 2018ല്‍ എ.ഐ.സി.സി അംഗമായി തെരഞ്ഞെടുത്തു.


പിന്നീട് 2021ല്‍ കരുനാഗപ്പള്ളിയില്‍ നിന്നു നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. വിജയ രഹസ്യം എന്തെന്നു അദ്ദേഹത്തോട് ചോദിച്ചവര്‍ക്കു മഹേഷ് നല്‍കിയ മറുപടി ''എന്തു ചെയ്യുന്നതാലും ഹൃദയം കൊടുത്തു ചെയ്യണ''മെന്നുള്ളതായിരുന്നു.

എന്നാല്‍, മഹേഷിന്റെ സമകാലീനനായ പി. സരിനാകട്ടെ അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ പാര്‍ട്ടിയെ തള്ളിപ്പറയുകയാണു ചെയ്തത്. കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ആയിരുന്ന സരിന്‍ എന്തുകൊണ്ടു മഹേഷിന്റെ മാതൃക പിന്തുടര്‍ന്നില്ലെന്നുള്ള ചോദ്യവും ഉയരുന്നുണ്ട്.


പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിനെ തീരുമാനിച്ചതിനു പിന്നാലെയാണ് അതൃപ്തി പ്രകടമാക്കി സരിന്‍ പാര്‍ട്ടി വിട്ടത്.


പുറത്താകലിനു മുന്‍പു തന്നെ സരിനും സി.പി.എമ്മും സജീവ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു എന്ന വിവരവും പുറത്തുവന്നിരുന്നു. സിവില്‍ സര്‍വീസ് രാജിവച്ചു യൂത്ത് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലേക്കു കടന്നയാളാണു പാലക്കാട് ഒറ്റപ്പാലം സ്വദേശി ഡോ.പി സരിന്‍.

2008 ലെ സിവില്‍ സര്‍വീസ് പരീക്ഷയിൽ  555-ാം റാങ്ക് നേടിയ സരിൻ ഇന്ത്യന്‍ അക്കൗണ്ടസ് ആന്‍ഡ് ഓഡിറ്റ് സര്‍വീസില്‍ പ്രവേശിച്ചു. ആദ്യ പോസ്റ്റിങ് തിരുവനന്തപുരത്ത്. പിന്നെ നാലു വര്‍ഷം കര്‍ണ്ണാടകത്തിലും ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലായി സേവനം ചെയ്തു.


2016ലാണു സരിന്‍ രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. സര്‍വീസിലുള്ള ഏതൊരാളെ പോലെയും താനും രാഷ്ട്രീയത്തിലൂടെ രാഷ്ട്ര നിര്‍മാണത്തിലാണന്നാണു സരിന്‍ അന്നു പറഞ്ഞത്.


കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചു പരാജയപ്പെട്ട യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കൂടിയായ സരിനു രണ്ടു വര്‍ഷത്തിനു ശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്തു നിന്നു വീണ്ടും മത്സരിക്കാന്‍ അവസരം ഉണ്ടായിരുന്നു.

തുടക്കത്തിൽ ഒറ്റപ്പാലം കേന്ദ്രീകരിച്ചു പ്രവർത്തിച്ച സരിൻ പിന്നീട് പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാനുള്ള ചരടുവലികൾ നടത്തുകയായിരുന്നു.

പക്ഷേ, പാലക്കാട് സീറ്റ് സരിനെ തഴഞ്ഞ് രാഹുൽ മാങ്കൂട്ടത്തിന് നൽകിയതോടെ
സരിൻ സ്വന്തം പാര്‍ട്ടിയില്‍ അവഗണന നേരിട്ടു എന്നാരോപിച്ചും പ്രതിപക്ഷ നേതാവും ഷാഫി പറമ്പിൽ എംപി തന്നെ ഒതുക്കാൻ ഒത്തുകളിച്ചെന്നാരോപിച്ചും കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച്‌ എതിര്‍ പാളയത്തില്‍ അഭയം തേടുകയായിരുന്നു. ഇതോടെ  സരിനെപോലുള്ളവരല്ല തങ്ങളുടെ മാതൃക മഹേഷിനെപ്പോലുള്ളവരണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞുവെക്കുന്നു.

Advertisment