/sathyam/media/media_files/2024/10/16/w1zqt1nSGVYgpu4xUu5l.jpg)
കോട്ടയം: അന്‍വര്‍ 2.0 ആകുമോ സരിന്‍, പാലക്കാട് ഇടതു സ്ഥാനാര്‍ഥിയായി സരിനെ പരിഗണിക്കുന്നത് സജീവ ചര്‍ച്ചയായതോടെയാണ് അന്‍വറിനെപ്പോലെ സരിനും സി.പി.എമ്മിനു ഭാവിയില്‍ തലവേദനയാകുമോയെന്ന ചോദ്യം ഉയരുന്നത്.
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചതോടെ യൂത്ത് കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ കണ്‍വീനറുമായ പി. സരിന്‍ അതൃപ്തി പരസ്യമാക്കി രംഗത്തു വന്നിരുന്നു.
എ.ഐ.സി.സി. തീരുമാനത്തെ പരസ്യമായി വാര്‍ത്താ സമ്മേളനം വിളിച്ചു ചോദ്യം ചെയ്ത സരിനെതിരെ കെ.പി.സി.സി. കടുത്ത അച്ചടക്ക നടപടിക്കു തുടക്കമിട്ടുകഴിഞ്ഞു. ഇതോടെ സരിന്‍ പാര്‍ട്ടി വിടുമെന്നു ഏറെക്കുറേ ഉറപ്പായി.
കോണ്‍ഗ്രസിലെ പടലപ്പിണക്കം മുതലാക്കി പാലക്കാട് ഇടത് സ്വതന്ത്രനായി സരിനെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കം സി.പി.എമ്മില്‍ നിന്നും ഉണ്ടായതായാണു ലഭിക്കുന്ന വിവരം. പാലാക്കാട് സരിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വ്യക്തമായ മറുപടി പറഞ്ഞില്ലെന്നു മാത്രമല്ല പാലക്കാട് ജയിക്കാന്‍ എന്തും ചെയ്യുമെന്നും കൂടി ഗോവിന്ദന്‍ പറഞ്ഞുവെക്കുന്നു. ഇതോടെ സ്ഥാനാര്‍ഥിയായി സരിന്‍ എത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്.
അതേ സമയം, സരിന്‍ മറ്റൊരു പി.വി. അന്‍വറാകുമോയെന്ന ആശങ്കയും സി.പി.എമ്മിലുണ്ട്.
പഴയ കോണ്‍ഗ്രസുകാരനായ അന്‍വര്‍ കോണ്‍ഗ്രസ് വിട്ടശേഷമാണ് 2016ല്‍ നിലമ്പൂരില്‍ നിന്നു ജയിക്കുന്നതും സി.പി.എം സഹയാത്രികനായതും. തുടക്കകാലത്ത് കോണ്‍ഗ്രസിനെതിരായ സി.പി.എമ്മിന്റെ കുന്തമുനയായിരുന്നു അന്‍വര്‍.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വരെ അഴിമതി ആരോപണങ്ങളും ഉന്നയിച്ചും രാഹുല്‍ ഗാന്ധിയെ പരിഹസിച്ചുമെല്ലാം സി.പി.എമ്മിനു പ്രിയങ്കരനായി അന്‍വര്‍ മാറി. ചുരുങ്ങിയ കാലംകൊണ്ട് സി.പി.എമ്മിന്റെ സോഷ്യല്‍മീഡിയ ഹാന്‍ഡിലുകളുടെ മുഖചിത്രമായി മാറാനും മുഖ്യമന്ത്രിയുടെ വിശ്വസ്ഥനാകാനുമൊക്കെ അന്‍വറിന് സാധിച്ചു.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിനെയും 2021ല്‍ വി.വി. പ്രകാശിനെയും തോല്‍പ്പിച്ചാണ് അന്‍വര്‍ നിയമസഭയിലേക്കെത്തിയത്.
പക്ഷേ, രണ്ടു മാസം മുന്‍പു എ.ഡി.ജി.പി. എം.ആര്‍. അജിത്ത് കുമാര്‍, പി.ശശി, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്കെതിരെ ആരോപണം ഉന്നയിച്ചു രംഗത്തുവരുകയും ഇടതു ബന്ധം ഉപേക്ഷിക്കുകയും ചെയ്തു.
സമാന അവസ്ഥിലാണ് ഇപ്പോള്‍ സരിനുമുള്ളത്. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ കണ്‍വീനര്‍, യുവ നേതാവ്, സരിനെ ഇടതു പാളയത്തില്‍ എത്തിച്ചാല്‍ നേട്ടമെന്നു കരുതുന്നവരുമുണ്ട്. പാലക്കാട് സരിനുള്ള സ്വീകാര്യതയും സി.പി.എം പരിഗണിക്കുന്നുണ്ട്.
പത്തനംതിട്ട ജില്ലക്കാരനും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വം സരിന്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇന്നലെ രാത്രി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരുന്നത് വരെ പ്രതീക്ഷയിലായിരുന്നു സരിന്‍. യൂത്ത് കോണ്‍ഗ്രസ് നേതാവെന്നതും പാലക്കാട് ജില്ലയില്‍ നിന്നുള്ള യുവ നേതാവെന്നതും തനിക്ക് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.
ഷാഫി പറമ്പിലില്‍ എം.പിയുടെ പിന്തുണയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് തുണയായതെന്നു സരിന്‍ ആരോപിക്കുന്നു. എ.ഐ.സി.സി നിര്‍ദ്ദേശപ്രകാരം നടത്തിയ സര്‍വേയില്‍ മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനാണ് ജയസാധ്യത പ്രവചിക്കപ്പെട്ടത്.
എന്നാല്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്ന പാലക്കാട് മണ്ഡലത്തില്‍ ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളി കൂടി മറികടക്കാന്‍ പാലക്കാട് ജില്ലക്കാരായ സ്ഥാനാര്‍ത്ഥി തന്നെ വേണമെന്ന ആവശ്യം ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ തന്നെ ഉയര്‍ത്തിയിരുന്നു. എന്നാല്‍ അത് സംസ്ഥാന നേതൃത്വം ചെവിക്കൊണ്ടില്ലെന്നും സരിന്‍ പറഞ്ഞുവെക്കുന്നു.
കോൺഗ്രസ് അച്ചടക്കനടപടിയിലേക്ക് ഉടന്‍ കടക്കുമെന്നതിനാൽ സരിന്റെ നിലപാട് കാത്തിരിക്കുകയാണ് സി.പി.എം. പാര്‍ട്ടി സ്ഥാനാര്‍ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സരിന്‍ ഇടത് സ്വതന്ത്രനായി പാലക്കാട് മത്സരത്തിനിറങ്ങുമോയെന്നാണ് ഇനി അറിയാനുള്ളത്.