വി.എസിന് നൽകിയ പത്മവിഭൂഷൺ സ്വീകരിച്ചേക്കില്ല. പുരസ്‌ക്കാരത്തിന് നന്ദി പറഞ്ഞ് നിരസിക്കുമെന്ന് സൂചന. മുൻ കീഴ്‌വഴക്കമനുസരിച്ച് പ്രവർത്തിക്കണമെന്ന് സി.പി.എം നേതൃത്വത്തിൽ പൊതുവികാരം. പാർട്ടി തീരുമാനം കാത്ത് കൂടുംബം

2022ല്‍ തന്നെ കെ.കെ ശൈലജയും തനിക്ക് കിട്ടിയ മഗ്‌സസെ അവാര്‍ഡ് പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം നിരസിക്കുകയായിരുന്നു.  

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
vs achuthanandan-10

തിരുവനന്തപുരം: കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ മുന്‍ മുഖ്യമന്ത്രിയും സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവുമായ വി.എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി നല്‍കിയ പത്മവിഭൂഷണ്‍ പുരസ്‌ക്കാരം സ്വീകരിച്ചേക്കില്ല.

Advertisment

ഇതുവരെ മുതിര്‍ന്ന തേനതാക്കളെല്ലാം തന്നെ ഇത്തരം പുസ്‌ക്കാരം തള്ളിക്കളഞ്ഞ കീഴ്വഴക്കം നിലനില്‍ക്കുന്നതാണ് കാരണമായി പറയുന്നത്. ഇതേപ്പറ്റി വിശദമായ ആലോചനകളാണ് സി.പി.എം നേതൃത്വത്തില്‍ നടക്കുന്നത്. പാര്‍ട്ടിയോട് ആലോചിച്ച് മാത്രമാവും കുടുംബവും പുരസ്‌ക്കാരം സ്വീകരിക്കുന്നതില്‍ നിലപാട് തീരുമാനിക്കുക.


വി.എസ് ജീവനോടെ ഉണ്ടായിരുന്നുവെങ്കില്‍ പുരസ്‌ക്കാരത്തിന് നന്ദി പറഞ്ഞ് നിരസിച്ചേനെ എന്ന് കഴിഞ്ഞ ദിവസം സി.പി.എം ജനറല്‍ സെക്രട്ടറി എം.എ ബേബി പ്രതികരിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇത്തരമൊരു പുരസ്‌ക്കാരം നല്‍കിയതിലും സി.പി.എമ്മിന് സംശയങ്ങളുണ്ട്. 


vs achuthanandan-13

തന്നെയുമല്ല കേരളം നല്‍കിയ പട്ടികയില്‍ ഇവിടെ നിന്നും വി.എസിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നുമില്ല. അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി വി.എസ് കേസ് കൊടുത്ത വെള്ളാപ്പള്ളി നടേശനും വി.എസിനൊപ്പം പുരസ്‌ക്കാരം നല്‍കിയതിലെ വിരോധാഭാസവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. 

നിലവിലെ പത്മവിഭൂഷണ്‍ സ്വീകരിച്ചാല്‍ സി.പി.എം ബംഗാള്‍ ഘടകം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാനാവില്ല. 2006ല്‍ അന്നത്തെ സി.പി.എം മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവിന് ഭാരതരത്നവും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന് പത്മവിഭൂഷണും നല്‍കാമെന്ന് അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അന്ന് അത് നിരസിക്കുകയാണ് ഉണ്ടായത്. 


പിന്നീട് 2022 ജനുവരി 25നാണ് ബുദ്ധദേബ് ഭട്ടാചാര്യ രാജ്യം അദ്ദേഹത്തിന് നല്‍കിയ പത്മഭൂഷണ്‍ ബഹുമതി വേണ്ടെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നത്. പൊതുമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് ആഭ്യന്തര വകുപ്പാണ് അദ്ദേഹത്തെ പത്മ പുരസ്‌കാര പട്ടികയിലേക്ക് പരിഗണിച്ചിരുന്നത്. 


ബംഗാളിലെ അവസാനത്തെ സിപിഎം മുഖ്യമന്ത്രിയായ ബുദ്ധദേബ് ഭട്ടാചാര്യയുടെ വസതിയിലേക്ക്, ജനുവരി 25ന് ഉച്ചയ്ക്ക് ശേഷം ഫോണിലൂടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ വിവരം ഔദ്യോഗികമായി അറിയിക്കുന്നത്. ഇതിന് ശേഷമാണ് ബുദ്ധദേബിന്റെ ഭാര്യയായ മീര സിപിഎം നേതൃത്വത്തെ മുന്‍ മുഖ്യമന്ത്രിയുടെ തീരുമാനം അറിയിക്കുന്നത്. പത്മഭൂഷണ്‍ പുരസ്‌കാരം ബുദ്ധദേബ്ജി സ്വീകരിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നാണ് അവര്‍ നേതൃത്വത്തെ അറിയിച്ചത്.

1992ലാണ് ഇ.എം.എസ് തനിക്ക് ലഭിച്ച പത്മവിഭൂഷണ്‍ നിരസിക്കുന്നത്. അന്നത്തെ നരസിംഹ റാവു സര്‍ക്കാരാണ് ഇ.എം.എസിന് അവാര്‍ഡ് പ്രഖ്യാപിച്ചത്. 'സിപിഎം നേതാക്കള്‍ സര്‍ക്കാര്‍ പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്ന കീഴ്വഴക്കമില്ല,' എന്നായിരുന്നു അന്നത്ത ഇ.എം.എസിന്റെ പ്രതികരണം. 

vs achuthanandan-3


2022ല്‍ തന്നെ കെ.കെ ശൈലജയും തനിക്ക് കിട്ടിയ മഗ്‌സസെ അവാര്‍ഡ് പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം നിരസിക്കുകയായിരുന്നു.  നിപാ, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തതിന്റെ പേരിലാണ് മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയെ മാഗ്സസെ പുരസ്‌കാരത്തിന് പരിഗണിച്ചത്. 


എന്നാല്‍ കോവിഡ് ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒരു കൂട്ടായ പ്രവര്‍ത്തനമായിരുന്നെന്നും, പാര്‍ട്ടി നല്‍കിയ ചുമതല മാത്രമാണ് ശൈലജ നിര്‍വ്വഹിച്ചത് എന്നും. അതിന്റെ പേരില്‍ ഒരു വ്യക്തി മാത്രം അവാര്‍ഡ് സ്വീകരിക്കേണ്ടതില്ല എന്നും സി.പി.എം നിലപാടെടുത്തതിന്റെ പേരിലാണ് ശൈലജ ടീച്ചര്‍ അവാര്‍ഡ് സ്വീകരിക്കാത്തത്.

Advertisment