/sathyam/media/media_files/2025/10/13/a-padmakumar-2025-10-13-18-41-13.jpg)
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. നിലവിൽ പത്തനംതിട്ട ജില്ലാകമ്മറ്റിയംഗവും മുൻ കോന്നി എം.എൽ.എയുമായിരുന്നു. സി.പി.എമ്മുമായി നേരിട്ടുള്ള ബന്ധമാണ് പത്മകുമാറിനുള്ളത്.
മുൻ ബോർഡ് പ്രസിഡന്റിന്റെ അറസ്റ്റിൽ സി.പി.എമ്മിന് ഉത്തരം മുട്ടിയിരിക്കുകയാണ്. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തിൽ കുരുക്കിലാവുന്ന മുതിർന്ന സി.പി.എം നേതാവാണ് പത്മകുമാർ.
2019ൽ നടന്ന തിരിമറി എല്ലാം പ്രസിഡന്റായ പത്മകുമാറിന്റെ അറിവോടെയാണ് നടന്നതെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.
സ്വർണപ്പാളി ചെമ്പെന്ന് രേഖപ്പെടുത്തി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കടത്തി കൊണ്ടുപോകാനുള്ള എല്ലാ ഒത്താശയും ചെയ്തത് പത്മകുമാറാണെന്ന് മൊഴികളിൽ നിന്നും രേഖകളിൽ നിന്നും തെളിഞ്ഞതോടെയാണ് അറസ്റ്റിന് വഴിതെളിഞ്ഞത്.
പത്മകുമാർ അറസ്റ്റിലായതോടെ അന്നിരുന്ന ദേവസ്വം ബോർഡ് അംഗങ്ങൾക്കും കുരുക്ക് മുറുകി. കെ.പി ശങ്കർദാസ് അടക്കമുള്ള പ്രമുഖർ അന്വേഷണ പരിധിയിലേക്ക് വരുമെന്ന കാര്യത്തിൽ സംശയമില്ല.
അന്നത്തെ ദേവസ്വം മരന്തിയായിരുന്ന കടകംപള്ളി സുരേന്ദ്രനിലേക്കും തന്ത്രിയിലേക്കും അന്വേഷണം ചെന്നെത്തുമോ എന്ന കാര്യത്തിലും ഇപ്പോൾ വ്യക്തതയില്ല.
പത്മകുമാർ ദേവസ്വം ബോർഡ് അദ്ധ്യക്ഷനായിരുന്ന കാലയളവിൽ ശബരിമലയിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് വലിയ സ്വാധീനം ഉണ്ടായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
സ്വർണ്ണം ചെമ്പാക്കാൻ പത്മകുമാർ കൂട്ടു നിന്നുവെന്നും ദേവസ്വം ബോർഡംഗം കെ.പി ശങ്കർദാസ് അടക്കമുള്ളവർക്ക് ഇതിൽ പങ്കുണ്ടെന്നും തെളിയിക്കുന്ന മിനിറ്റ്‌സിന്റെ രേഖകൾ അന്വേഷണ സംഘത്തിന് കിട്ടിയെന്നാണ് പുറത്ത് വരുന്ന വിവരം.
/filters:format(webp)/sathyam/media/media_files/2025/10/14/1502350-swarna-kolla-2025-10-14-16-56-32.webp)
പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി നേട്ടങ്ങളുണ്ടാക്കിയെന്നും ബിനാമിയായി പ്രവർത്തിച്ചുവെന്നുമാണ് നിഗമനം. 2019ലെ ബോർഡിന്റെ മിനിറ്റ്‌സ് രേഖയിലാണ് സ്വർണ്ണം ചെമ്പെന്ന് രേഖപ്പെടുത്തി പുറത്ത് കൊണ്ട് പോയിട്ടുള്ളതെന്നാണ് പറയപ്പെടുന്നത്.
തദ്ദേശതിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടയിൽ പത്മകുമാറിനെ ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ അറസ്റ്റ് ചെയ്യുന്നത് സി.പി.എമ്മിന് കടുത്ത തിരിച്ചടി നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് തദ്ദേശതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് കടുത്ത തിരിച്ചടിക്ക് വഴിതെളിക്കുമെന്ന കാര്യത്തിലും സംശയമില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us