/sathyam/media/media_files/5oI0pQPTOFE8x1CNqHWg.jpg)
പാലാ: മേജര്‍ ആര്‍ച്ച് ബിഷപ്പ് അധ്യക്ഷനായ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയക്ക് അല്‍പ സമയത്തിനകം തുടുക്കമാകുമ്പോള്‍ വേദിയാകുന്ന പാലായ്ക്ക് ഇതു ധന്യ മുഹൂര്‍ത്തമാണ്. മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകളുടേയും പരിശ്രമങ്ങളുടേയും പ്രാര്‍ഥനകളുടേയും ഫലമാണ് അസംബ്ലിയുടെ സുഗമമായ നടത്തിപ്പ്.
സഭയിലെ മെത്രാന്‍മാരുടെയും പുരോഹിതരുടേയും സമര്‍പ്പിത, അല്മായ പ്രതിനിധികളുടെയും സംയുക്തയോഗമായ അസംബ്ലിക്കായി സഭാകാര്യാലയത്തിലും ആതിഥേയരായ പാലാ രൂപത കാര്യാലയത്തിലും മാസങ്ങള്‍ നീണ്ട ഒരുക്കങ്ങള്‍ നടത്തിയത്.
സഭയിലെ എല്ലാ ദേവാലയങ്ങളിലും സന്യസ്ത, സന്യാസിനി ഭവനങ്ങളിലും പ്രത്യേക പ്രാര്‍ഥനകളും ആത്മീയ ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചാണു സഭയുടെ പ്രതിനിധികള്‍ സഭായോഗത്തിലേക്കു പ്രവേശിക്കുന്നത്.
സഭയില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കേണ്ടിവരുമ്പോള്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിനെയും മെത്രാന്‍ സിനഡിനെയും സഹായിക്കാനുള്ള ആലോചനായോഗമായാണ് അസംബ്ലി ക്രമീകരിച്ചിട്ടുള്ളത്. സഭായോഗത്തിലേക്കു മെത്രാന്മാര്‍ പ്രവേശിക്കുന്നത് സിനഡ് സമ്മേളനത്തില്‍ നിന്നാണെന്നതു തന്നെ ഇതിന്റെ പ്രത്യേകതയും ഗൗരവവും വ്യക്തമാക്കുന്നു.
മെത്രാന്‍ സിനഡിനോടു ചേര്‍ന്ന് ഓരോ രൂപതയിലെയും സന്യാസസമൂഹങ്ങളിലെയും വിവിധ ഭക്തസംഘടനകളിലെയും പ്രസ്ഥാനങ്ങളിലെയും പ്രതിനിധികളാണ് അസംബ്ലിയില്‍ പങ്കെടുക്കുന്നത്. അസംബ്ലി പഠനവിധേയമാക്കുന്ന വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് 2023 ജൂലൈയില്‍ പുറത്തിറക്കിയ പഠനരേഖ എല്ലാ രൂപതകളിലും സമര്‍പ്പിത സമൂഹങ്ങളിലും വിവിധ തലങ്ങളില്‍ പഠനം നടത്തിയിരുന്നു.
ദക്ഷിണേന്ത്യന്‍ രൂപതകളില്‍നിന്നുള്ള പ്രതിനിധികള്‍ കാക്കനാട് മൗണ്ട് സെന്റ് തോമസിലും ഉത്തരേന്ത്യന്‍ രൂപതകളില്‍നിന്നുള്ള പ്രതിനിധികള്‍ ഉജ്ജയിന്‍ പാസ്റ്ററല്‍ സെന്ററിലും സംഗമിച്ചു. ഇന്ത്യയ്ക്ക് പുറത്തുള്ള രൂപതകളുടെയും അപ്പസ്‌തോലിക്ക് വിസിറ്റേഷന്റെയും മറ്റു പ്രവാസി സമൂഹങ്ങളുടെയും പ്രതിനിധികള്‍ ഓണ്‍ലൈനായും സമ്മേളിച്ചിരുന്നു.
യുവജനങ്ങളുടേയും വിശ്വാസപരിശീലകരുടെയും പ്രതിനിധികള്‍ ഒരുമിച്ച് ചേര്‍ന്ന് പഠനരേഖ ചര്‍ച്ച ചെയ്തു. രൂപതാ അസംബ്ലികളിലും അസംബ്ലി നടത്തുവാന്‍ സാധിക്കാത്ത രൂപതകളിലെ കാനോനിക സമിതികളിലും സമര്‍പ്പിത സമൂഹങ്ങളിലും പഠന രേഖ ചര്‍ച്ചചെയ്തതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച ആശയങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ചു പ്രവര്‍ത്തനരേഖ രൂപീകരിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് അസംബ്ലിയില്‍ പ്രബന്ധാവതരണങ്ങളും പഠനങ്ങളും ചര്‍ച്ചകളും നടത്തുന്നത്. അസംബ്ലിയില്‍ നടക്കുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ രൂപംകൊള്ളുന്ന ആശയങ്ങള്‍ സീറോമലബാര്‍സഭയുടെ പഠനത്തിനും പ്രായോഗികതയ്ക്കും ഉതകുംവിധം ഒരു പ്രബോധനരേഖയായി മേജര്‍ ആര്‍ച്ചു ബിഷപ്പ് പുറത്തിറക്കുന്ന കീഴ്‌വഴക്കവുമുണ്ട്. കാലാനുസൃതമായ സഭാജീവിതവും ദൗത്യവും സീറോമലബാര്‍സഭയില്‍ എന്നതാണ് അസംബ്ലിയുടെ പ്രധാന പ്രമേയം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us