റോഡിൽ പൊലിയുന്നത് നിരവധി ജീവനുകൾ. മരണം വിതയ്ക്കുന്ന റോഡ് അപകടങ്ങളിൽ കാരണമായ നിയമ ലംഘനങ്ങൾക്ക് എതിരെ കർശന നടപടി വേണം. നിയമ ലംഘനങ്ങൾക്കെതിരെ സെൻറർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ നിയമ പോരാട്ടത്തിലേക്ക്

മുണ്ടാങ്കല്‍ അപകട പശ്ചാത്തലത്തില്‍ 21 പേജുള്ള വിശദമായ പരാതി ചീഫ് സെക്രട്ടറി, പോലീസ് മേധാവി, ഗതാഗത, പൊതുമരാമത്ത്, ആരോഗ്യ സെക്രട്ടറിമാര്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് ഡയറക്ടര്‍ എന്നിവര്‍ക്ക് സെന്ററിന്റെ മാനേജിംഗ് ട്രസ്റ്റി ജയിംസ് വടക്കന്‍ നൽകി കഴിഞ്ഞു.

New Update
accident

പാലാ: മരണം വിതയ്ക്കുന്ന റോഡപകടങ്ങള്‍ കുറയ്ക്കാന്‍ സെന്റര്‍ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ എന്ന സംഘടന നിയമ നടപടികളിലേയ്ക്ക് നീങ്ങുന്നു.

Advertisment

നിരവധി പൊതുതാല്പര്യ ഹര്‍ജികളിലൂടെ കേരളത്തിലെ പൊതുഗതാഗത രംഗത്തും റോഡപകടങ്ങള്‍ കുറക്കുന്ന കാര്യത്തിലും 1997 മുതല്‍ ശ്രദ്ധേയമായ നിരവധി ഇടപെടലുകള്‍ നടത്തിയ പാലാ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യൂക്കേഷന്‍ പാലാ- തൊടുപുഴ സംസ്ഥാന പാതയിൽ മുണ്ടാങ്കലിലുണ്ടായ അതിദാരുണമായ റോഡപകടത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും നിയമപോരാട്ടത്തിന് നടപടി സ്വീകരിച്ചിരിക്കുകയാണ്. 


മുണ്ടാങ്കല്‍ അപകട പശ്ചാത്തലത്തില്‍ 21 പേജുള്ള വിശദമായ പരാതി ചീഫ് സെക്രട്ടറി, പോലീസ് മേധാവി, ഗതാഗത, പൊതുമരാമത്ത്, ആരോഗ്യ സെക്രട്ടറിമാര്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് ഡയറക്ടര്‍ എന്നിവര്‍ക്ക് സെന്ററിന്റെ മാനേജിംഗ് ട്രസ്റ്റി ജയിംസ് വടക്കന്‍ നൽകി കഴിഞ്ഞു.


കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ 300 അപകടങ്ങളിലൂടെ 50-ല്‍പരം മരണങ്ങളുണ്ടായ ''പാലാ നെല്ലാപ്പാറ'' ഹൈവേയിലെ ഗതാഗത സുരക്ഷയെക്കുറിച്ച് അടിയന്തിര വിദഗ്ധ പരിശോധന ഉണ്ടാവണം. 

25.4 കിലോമീറ്റര്‍ ദൂരമുള്ള കോലാനി-പാലാ റോഡില്‍ 13.1 കിലോമീറ്റര്‍ ദൂരം ഓവര്‍ടേക്ക് ചെയ്യാനാവാത്ത റോഡാണെങ്കില്‍ 12.3 കിലോമീറ്റര്‍ മാത്രമാണ് ഓവര്‍ടേക്ക് ചെയ്യാവുന്ന ദൂരം എന്ന ഗൗരവമേറിയ വിഷയം സ്‌കൂള്‍ സോണുകള്‍ ആരംഭിക്കുന്നിടത്തും അവസാനിക്കുന്നിടത്തും മഞ്ഞ റംബിള്‍ സ്ട്രിപ്പുകള്‍, പെഡസ്ട്രിയന്‍ ക്രോസിംഗില്‍ നിര്‍ബന്ധിത വേഗ നിയന്ത്രണം, വാഹനങ്ങളുടെ വര്‍ദ്ധനക്കനുസരിച്ച് റോഡുകള്‍ വികസിക്കാത്ത്, കേരളത്തിലെ ആകെ 30304.68 കിലോമീറ്റര്‍ പൊതുമരാമത്ത് റോഡില്‍ സുരക്ഷിതമായി ഓവര്‍ടേക്കിംഗ് സാധിക്കുന്ന ദൂരം (ഡബിള്‍ ലൈന്‍) വെറും 2950.81 കിലോമീറ്റര്‍ (9.74%) മാത്രമാണെന്ന പ്രത്യേകത, ഓവര്‍ടേക്ക് ചെയ്യാന്‍ സാധിക്കാത്ത റോഡിലെ മഞ്ഞ മീഡിയന്‍ വരകള്‍ മാറ്റി വെള്ള വരകള്‍ ആക്കിയതും പാലാ - തൊടുപുഴ റൂട്ടില്‍ അപകടങ്ങല്‍ വര്‍ദ്ധിപ്പിച്ചു. 


ആദ്യഘട്ടത്തില്‍ കോലാനി - പാലാ റൂട്ടിലെ ആകെ 25.4 കി.മീ. ദൂരത്തില്‍ 13.1 കിലോമീറ്ററും മഞ്ഞ വരയായിരുന്നെങ്കില്‍ ഇന്നത് വെള്ളവര ആക്കിയതും അപകടം വര്‍ദ്ധിപ്പിക്കാന്‍ കാരണമായി എന്ന് പരാതിയില്‍ വിശദാംശങ്ങള്‍ സഹിതം ചൂണ്ടിക്കാണിക്കുന്നു.


1975-ലെ 1,19,720 വാഹനങ്ങളില്‍ നിന്നും 2024-ല്‍ 1,13,58,699 വാഹനങ്ങള്‍ എന്ന 14,441% വര്‍ദ്ധനവിന്റെ സ്ഥാനത്ത് പൊതുമരാമത്ത് റോഡുകളുടെ ദൂരം 14870 കിലോമീറ്ററില്‍ നിന്നും 30121 കിലോമീറ്റര്‍ മാത്രമായി 102.6% മാത്രം വര്‍ദ്ധിച്ച സാഹചര്യത്തില്‍ വേഗത നിയന്ത്രണം കര്‍ശനമാക്കേണ്ടതിന്റെ ആവശ്യകത. 

രണ്ട് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കാത്ത 90.26% റോഡുകളാണ് കേരളത്തിലുള്ളതെന്ന കാര്യം വിസ്മരിച്ചുകൊണ്ട് എല്ലാ റോഡിലും ഒരേ വേഗത നിയന്ത്രണം, ഒരു കിലോമീറ്റര്‍ പൊതുമരാമത്ത് റോഡില്‍ 1975-ല്‍ 8 വാഹനങ്ങള്‍ (വാഹന സാന്ദ്രത) ഉണ്ടായിരുന്ന സ്ഥാനത്ത് 2024-ല്‍ അത് 578 ആയി ഉയര്‍ന്നിട്ടും കര്‍ശനമായ വേഗത നിയന്ത്രണം ഏര്‍പ്പെടുത്താത്ത്. 


അലക്ഷ്യമായും അമിത വേഗതയിലും വാഹനമോടിച്ച് മരണം സൃഷ്ടിക്കുന്നവരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന കര്‍ശന നിബന്ധന പുതിയ ക്രമിനല്‍ നിയമത്തിലുണ്ടായിട്ടും ജാമ്യം ലഭിക്കാവുന്ന ലഘുവായ കുറ്റങ്ങള്‍ ചുമത്തി വാഹനാപകട മരണ കേസുകളില്‍ കേസെടുക്കുന്നതിലെ പൊതുജന വിരുദ്ധത. 


2013 മാര്‍ച്ച് മാസത്തില്‍ സെന്ററിന്റെ കേസില്‍ ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റീസ് വിനോദ് ചന്ദ്രന്‍, 2015 ഓഗസ്റ്റില്‍ ചീഫ് ജസ്റ്റീസ് അശോക് ഭൂഷണ്‍, ജസ്റ്റീസ് എ.എം. ഷഫീക്ക്, 2022 ഫെബ്രുവരി മാസത്തില്‍ ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി, 2004-ല്‍ തന്നെ ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍, ജസ്റ്റീസ് ഹരുണ്‍ അല്‍ റഷീദ് എന്നിവരുടെ വിവിധ ഡിവിഷന്‍ ബെഞ്ചുകള്‍ റോഡ് സുരക്ഷ നിലനിര്‍ത്താന്‍ റോഡരുകുകളിലെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ അടിയന്തിരമായി നീക്കം ചെയ്യണമെന്നും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടും ഒന്നും സംഭവിച്ചില്ല. 

കേരളത്തിലെ റോഡപകടങ്ങളുടെ പ്രധാന കാരണമായ ഫ്‌ളക്‌സ് വയ്ക്കുന്നവര്‍ക്കെതിരെ കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി ആക്ട് 1957 പ്രകാരം 10,000 രൂപാ ഫൈന്‍, കേരള പോലീസ് ആക്ടിലെ 42, 120(സി) വകുപ്പുകള്‍ പഴയ ഇന്ത്യന്‍ പീനല്‍ കോഡിലെ (ഐ.പി.സി.) 425-ാം വകുപ്പ്, 283, 290, 291 വകുപ്പുകള്‍, മുനിസിപ്പാലിറ്റി ആക്ടിലെ 550-ാം വകുപ്പ്, പഞ്ചായത്ത് ആക്ടിലെ 252-ാം വകുപ്പ് ഒക്കെ ഉപയോഗിച്ച് ഇല്ലാതാക്കാവുന്ന വിപത്താണ് സര്‍ക്കാര്‍ നിസ്സംഗതയോടെ നോക്കി നില്‍ക്കുന്നതെന്ന് നിരവധി തവണ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 


ആലുവാ, കളമശ്ശേരി മുനിസിപ്പല്‍ സെക്രട്ടറിമാര്‍ ഹൈക്കോടതിയെ 2022 ഒക്‌ടോബറില്‍ അറിയിച്ചത് ഹൈക്കോടതി സംരക്ഷണം നല്‍കുകയും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയും ചെയ്താല്‍ കേരളത്തിലെ മുഴുവന്‍ അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകളും ഒരാഴ്ചക്കുള്ളില്‍ നീക്കാന്‍ സാധിക്കും എന്ന് തന്നെയായിരുന്നു എന്നും വിശദമായി പരാതിയില്‍ സെന്റര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു.


2013-നും 2025-നും ഇടയില്‍ റോഡുകളില്‍ അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്ന ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് കേരള ഹൈക്കോടതി 40-ലധികം ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടും അപകടകരമായ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാത്ത സാഹചര്യത്തില്‍ റോഡിലെ വേഗത ചൂണ്ടിക്കാണിക്കുന്നതടക്കമുള്ള ട്രാഫിക് അടയാളങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലെ പോലെ റോഡിന് മുകളില്‍ തന്നെ രേഖപ്പെടുത്തല്‍, റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവരെ പണം നല്‍കാതെ തന്നെ കേരളത്തിലെ ഏത് സ്വകാര്യ ആശുപത്രിയിലും ചികിത്സിക്കണമെന്ന നിര്‍ദ്ദേശം നല്‍കല്‍, റോഡരുകുകളിലെ എല്ലാത്തരത്തിലുള്ള പാര്‍ക്കിംഗ് നിരോധനം തുടങ്ങി റോഡപകട വിഷയത്തില്‍ നിര്‍ണ്ണായക ഇടപെടലുകള്‍ക്കുള്ള നീക്കങ്ങളാണ് ഇന്ന് സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യൂക്കേഷന്‍ ആരംഭിച്ചിരിക്കുന്നത്. 


1975 മുതലുള്ള വിശദമായ കണക്കുകളാണ് പരാതിയില്‍ ജയിംസ് വടക്കന്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.


1997 മുതല്‍ 2015 വരെ റോഡപകട മേഖലയില്‍ സെന്റര്‍ നടത്തിയ ഇടപെടലുകളാണ് സ്വകാര്യ ബസുകളുടെ റണ്ണിംഗ് ടൈം നിയന്ത്രണം, സ്പീഡ് ഗവര്‍ണര്‍, ഡ്രൈവര്‍ ക്യാബിന്‍, ന്യൂമാറ്റിക് ഡോര്‍, റോഡരുകിലെ ഫ്‌ളക്‌സ് ബോര്‍ഡ് നീക്കം ചെയ്യല്‍, സ്പീഡ് ക്യാമറ തുടങ്ങിയ ഹൈക്കോടതി ഉത്തരവുകളില്‍ കലാശിച്ചത്. 

റോഡുമാര്‍ജിനില്‍ നിന്നും 50 മീറ്റര്‍ അകലെയേ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കാവൂ എന്ന ഹൈക്കോടതി വിധിയും ''കേരള സ്റ്റേറ്റ് പോളിസി ഓണ്‍ ഔട്ട് ഡോര്‍ അഡ്‌വര്‍ടൈസിംഗ്'' നയവും സെന്റര്‍ ഫയല്‍ ചെയ്ത കേസിന്റെ ഭാഗമായിട്ടുണ്ടായതാണ്. 


കേരളത്തിലെ മുഴുവന്‍ അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകളും നീക്കം ചെയ്യാന്‍ ഒരു കാലഘട്ടത്തില്‍ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരളയെ വരെ ചുമതലപ്പെടുത്തിയിരുന്നു. 


കേരളത്തിലെ എല്ലാ സ്വകാര്യ ആശുപത്രികളിലും പണം നല്‍കാതെ തന്നെ റോഡപകടങ്ങളില്‍ പരിക്കു പറ്റുന്നവരെ ചികിത്സിക്കണമെന്ന 07.01.2025-ലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനം അടിയന്തിരമായി നടപടികളെടുക്കണമെന്നും സെന്റര്‍ ആവശ്യപ്പെടുന്നു. 

മനോരമ റിപ്പോര്‍ട്ടര്‍ ജയ്ജി പീറ്റര്‍ പാലായില്‍ വാഹനാപകടത്തില്‍ 1997 മേയ് മാസത്തില്‍ മരണമടഞ്ഞതായിരുന്നു 1997 മുതല്‍ റോഡപകടങ്ങള്‍ നിയന്ത്രിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ക്കായി സെന്റര്‍ നിരവധി പൊതുതാല്പര്യ ഹര്‍ജികള്‍ ഫയല്‍ ചെയ്യാന്‍ കാരണമായതെങ്കില്‍ 2025 ഓഗസ്റ്റ് 5-ലെ മുണ്ടാങ്കല്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ പാലാ സെന്റ് മേരീസ് സ്‌കൂളിലെ അന്നാമോളുടെ മരണ പശ്ചാത്തലത്തിലാണ് വാഹനാപകടങ്ങള്‍ തടയാന്‍ കര്‍ശന നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന ആവശ്യവുമായി സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യൂക്കേഷന്‍ മാനേജിംഗ് ട്രസ്റ്റി ജയിംസ് വടക്കന്‍ വീണ്ടും നിയമപോരാട്ടത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

മുണ്ടാങ്കലെ അപകടവും പാലാ നെല്ലാപ്പാറ റോഡ് ഭാഗത്തെ റോഡ് നിര്‍മ്മാണ അപാകതയും പ്രാദേശിക വിഷയമല്ലെന്നും സംസ്ഥാന തലത്തില്‍ തന്നെ പരിഹാരം കാണേണ്ട വിഷയമാണെന്നുമുള്ള നിലപാടാണ് സെന്ററിന്റേത്.

Advertisment