പാലാ: പാലാ രൂപതാംഗങ്ങളായ പ്രവാസികൾക്ക് ആവശ്യമായ ആരോഗ്യസേവനങ്ങൾ ഉറപ്പുവരുത്തുവാൻ രൂപതാ പ്രവാസി അപ്പോസ്റ്റലേറ്റ് മാർ ശ്ലീവാ മെഡിസിറ്റിയുമായി ധാരണയിലായി.
അറുപതോളം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന രൂപതാംഗങ്ങളുടെ ഔദ്യോഗിക കൂട്ടായ്മയായ പാലാ ഡയസീഷൻസ് മൈഗ്രന്റ്സ് അപ്പോസ്റ്റ്ലേറ്റ് അംഗങ്ങൾക്കും നാട്ടിലുള്ള അവരുടെ മാതാപിതാക്കൾക്കുമാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
പാലാ ഡയസീഷൻസ് മൈഗ്രന്റ്സ് അപ്പോസ്റ്റ്ലേറ്റ് (പി ഡി എം എ) പ്രവാസി കെയർ സ്കീമിന്റെ ഉദ്‌ഘാടനം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിക്കും.
ജനുവരി 31 ന് ഇന്ത്യൻ സമയം 9.30 ന് നടക്കുന്ന ചടങ്ങിൽ രൂപതാ പ്രോട്ടോ സിൻജുലുസ് മോൺ. ഡോ.ജോസഫ് തടത്തിൽ , മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ മോൺസിഞ്ഞോർ ഡോ.ജോസഫ് കണിയോടിയ്ക്കൽ,
പി ഡി എം എ ഡയറക്ടർ ഫാ.കുര്യാക്കോസ് വെള്ളച്ചാലിൽ,പി ഡി എം എ മിഡിൽ ഈസ്റ്റ് കോർഡിനേറ്റർ സിവി പോൾ, പ്രവാസി കെയർ സ്കീം കോർഡിനേറ്റർ മനോജ് മാത്യു,വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള പി ഡി എം എ അംഗങ്ങൾ എന്നിവർ സംബന്ധിക്കും.
പ്രവാസി കെയർ പദ്ധതിയുടെ രൂപരേഖ മെഡിസിറ്റി പ്രതിനിധികൾ ഉദ്‌ഘാടന ചടങ്ങിൽ അവതരിപ്പിക്കും.