/sathyam/media/media_files/2025/12/20/maya-rahul-punu-diya-biju-pulikkakandam-2025-12-20-20-27-55.jpg)
പാലാ: പുളിക്കക്കണ്ടം കുടുംബത്തിലെ സ്വതന്ത്ര അംഗങ്ങള്‍ പിടിവാശി തുടരുന്നതോടെ പാലാ നഗരസഭാ ഭരണം ഏറ്റെടുക്കുന്ന കാര്യത്തില്‍ യുഡിഎഫില്‍ അനിശ്ചിതത്വം തുടരുന്നു. 3 വര്‍ഷം ചെയര്‍പേഴ്സണ്‍ പദവിയും അതേ കാലയളവില്‍ തന്നെ വൈസ് ചെയര്‍മാന്‍ പദവിയുമാണ് സ്വതന്ത്രരുടെ ആവശ്യം.
എന്നാല്‍ ആദ്യ 2 വര്‍ഷം ചെയര്‍പേഴ്സണ്‍ പദവി നല്‍കാന്‍ കോണ്‍ഗ്രസ് ഒരുക്കമാണ്. പക്ഷേ വൈസ് ചെയര്‍മാന്‍ പദവി അവസാന 3 വര്‍ഷത്തേയ്ക്ക് നല്‍കാമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം. ഇത് സ്വതന്ത്രര്‍ക്ക് സ്വീകാര്യമല്ല.
മകള്‍ ദിയ ബിനുവിനെ ചെയര്‍പേഴ്സണാക്കിയ ശേഷം ചെയര്‍പേഴ്സണെ കൊണ്ട് അനുവദനീയമാകുന്ന കാലത്തോളം അവധി എടുപ്പിച്ച് ആക്ടിങ്ങ് ചെയര്‍മാനായി വിലസാനാണ് ബിനു പുളിക്കക്കണ്ടം അതേ കാലയളവില്‍ വൈസ് ചെയര്‍മാന്‍ പദവിയും ആവശ്യപ്പെടുന്നത്. ഈ തന്ത്രം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്ക് കൃത്യമായും അറിയാം.
അത്തരത്തില്‍ സ്വതന്ത്രര്‍ ആവശ്യപ്പെടുന്ന മുഴുവന്‍ പദവികളും തുടക്കത്തില്‍ തന്നെ അവര്‍ക്ക് നല്‍കിയാല്‍ പിന്നീടുള്ള കാലാവധിയില്‍ കോണ്‍ഗ്രസിന് പദവികള്‍ ലഭിക്കുന്ന കാര്യത്തില്‍ ഗ്യാരണ്ടിയില്ല.
മാത്രമല്ല, നാലാമത്തെ സ്വതന്ത്രയായ മായാ രാഹുലും ഒരു വര്‍ഷം ചെയര്‍പേഴ്സണ്‍ പദവി ആവശ്യപ്പെടുന്നുണ്ട്. യുഡിഎഫും ഈ നാല് സ്വതന്ത്രരും ചേര്‍ന്നാല്‍ മാത്രമേ യുഡിഎഫിന് കേവല ഭൂരിപക്ഷം ലഭിക്കുകയുള്ളു. അതിനാല്‍ തന്നെ മായാ രാഹുലിന്‍റെ ആവശ്യവും പരിഗണിക്കപ്പെടാതെ തരമില്ല.
തന്നെയുമല്ല, 26 അംഗ നഗരസഭയില്‍ 12 അംഗങ്ങളുള്ള എല്‍ഡിഎഫിന് രണ്ടംഗങ്ങളുടെ മാത്രം ഭൂരിപക്ഷം കിട്ടിയാല്‍ ഭരണം നടത്താം. മായ മാത്രം പിന്തുണച്ചാല്‍ കക്ഷിനില ഒപ്പത്തിനൊപ്പമാകും. അത് മറ്റൊരു പ്രതിസന്ധിയാകും സൃഷ്ടിക്കുക.
യുഡിഎഫിന് 10 അംഗങ്ങളും യുഡിഎഫ് പിന്തുണയോടെ മല്‍സരിച്ച പുളിക്കക്കണ്ടം സ്വതന്ത്രര്‍ക്ക് 3 അംഗങ്ങളുമാണുള്ളത്. അതിനാല്‍ തന്നെ യുഡിഎഫിനെ പിന്തുണക്കാനുള്ള ധാര്‍മ്മികത അവര്‍ക്കുണ്ട്.
അതേസമയം കോണ്‍ഗ്രസ് റിബലായി മല്‍സരിച്ച മായാ രാഹുല്‍ ഒറ്റയ്ക്ക് പൊരുതിയാണ് വിജയം കരസ്ഥമാക്കിയത്. അതുകൊണ്ട് മായയ്ക്ക് ഏത് നിലപാടും സ്വീകരിക്കുന്നതില്‍ കുഴപ്പമില്ല. പാലായില്‍ കോണ്‍ഗ്രസിന്‍റെ ഏറ്റവും ശക്തനായ നേതാവ് പ്രൊഫ. സതീഷ് ചെള്ളാനിയെയാണ് മായ പരാജയപ്പെടുത്തിയത്.
ചുരുക്കത്തില്‍ യുഡിഎഫും സ്വതന്ത്രരും ചേര്‍ന്നാലും മായയുടെ പിന്തുണ ലഭിച്ചാലേ യുഡിഎഫിന് ഭരണം കിട്ടുകയുള്ളു. യുഡിഎഫിനെ പിന്തുണയ്ക്കുന്നതിലാണ് മായയുടെ താല്‍പര്യവും. പക്ഷേ മറ്റ് സ്വതന്ത്രരുടെ നിലപാടാണ് നിര്‍ണായകം.
കോട്ടയത്തെ കോണ്‍ഗ്രസ് നേതൃത്വം ഇന്ന് പാലാ നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുമായി നടത്തിയ ചര്‍ച്ചയിലും ധാരണയായില്ല. കോണ്‍ഗ്രസിന്‍റെ അഭിമാനം പണയം വച്ചുകൊണ്ടുള്ള ഒരു നീക്കത്തിനും തയ്യാറല്ലെന്നാണ് കൗണ്‍സിലര്‍മാരുടെ നിലപാട്. എന്നാല്‍ വിട്ടുവീഴ്ച ആകാം എന്നതാണ് ജില്ലാ നേതൃത്വത്തിന്‍റെ നിലപാട്. അതിനോട് കൗണ്‍സിലര്‍മാര്‍ക്ക് യോജിപ്പില്ല.
അതേസമയം, പുറത്തുനിന്ന് കളി കാണുന്നതാണ് കേരള കോണ്‍ഗ്രസ് എമ്മിന്‍റെ തന്ത്രം. ഇനി കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍, ഭരണ പ്രതിസന്ധി ഒഴിവാക്കാന്‍ കോണ്‍ഗ്രസിനെ നഗരസഭയില്‍ പിന്തുണയ്ക്കുന്നതുപോലും കേരള കോണ്‍ഗ്രസ് - എം ആലോചിച്ചേക്കുമെന്നാണ് സൂചന.
അങ്ങനെ വന്നാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ കോളിളക്കം സൃഷ്ടിക്കുന്ന മറ്റൊരു അസാധാരണ നീക്കമായും ഇത് മാറിയേക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us