മലമ്പുഴയിൽ മദ്യം നൽകി അധ്യാപകൻ വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവംത്തിൽ പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ. പീഡന വിവരം പൊലീസിൽ അറിയിക്കുന്നതിൽ വീഴ്ച

സംഭവത്തിൽ സ്കൂള്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ച പറ്റിയെന്നനാണ് സ്‌പെഷ്യൽ ബ്രാഞ്ചിന്‍റെ കണ്ടെത്തല്‍

New Update
suspension

 പാലക്കാട്: പാലക്കാട് മലമ്പുഴയിൽ സ്കൂള്‍ വിദ്യാർത്ഥിയെ അധ്യാപകൻ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ. 

Advertisment

പീഡന വിവരം പൊലീസിൽ അറിയിക്കുന്നതിൽ വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രധാനാധ്യാപികയ്ക്കെതിരെ നടപടി സ്വീകരിച്ചത്. അധ്യാപികയ്ക്ക് ഉണ്ടായത് കുറ്റകരമായ വീഴ്ചയെന്നാണ് കണ്ടെത്തൽ. 

പ്രതിയായ അധ്യാപകനെ പുറത്താക്കാൻ എഇഒ ശുപാർശ നൽകും. സ്കൂള്‍ മാനേജരെ അയോഗ്യനാക്കും. ഇതിനുള്ള നടപടികൾ ഒരാഴ്ചക്കകം തുടങ്ങും.

സംഭവത്തിൽ സ്കൂള്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ച പറ്റിയെന്നനാണ് സ്‌പെഷ്യൽ ബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. പീഡന വിവരം അറിഞ്ഞിട്ടും സ്കൂള്‍ അധികൃതര്‍ ദിവസങ്ങളോളം സംഭവം മറച്ചുവെച്ചു. 

പൊലീസ് അന്വേഷിച്ച് എത്തിയപ്പേഴാണ് ചൈൽഡ് ലൈനിൽ പരാതി നൽകിയത്. ഡിസംബർ 18നാണ് വിദ്യാർത്ഥി സഹപാഠിയോട് പീഡന വിവരം തുറന്നുപറഞ്ഞത്. 

അന്നേ ദിവസം തന്നെ സ്‌കൂൾ അധികൃതർ വിവരമറിഞ്ഞിരുന്നു. തുടര്‍ന്ന് 19 ന് അധ്യാപകനെതിരെ മാനേജ്മെൻറ് മുഖേന നടപടിയെടുക്കുകയും ചെയ്തു. 

എന്നാൽ, സംഭവം പൊലീസിലോ ബന്ധപ്പെട്ട അധികൃതരെയോ അറിയിക്കാൻ വൈകിയെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തൽ. പീഡന വിവരം മറച്ചുവെച്ചതിനും അധ്യാപകനെ സംരക്ഷിക്കാൻ ശ്രമിച്ചതിനുമടക്കം സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയുണ്ടാകും.

Advertisment