പാലക്കാട് : എൻ.എൻ കൃഷ്ണദാസ് എക്സ് എംപിയുടെ 'പട്ടി' പരാമർശത്തോടെ ഇടഞ്ഞുനിന്ന മാധ്യമപ്രവർത്തകരെ അനുനയിപ്പിക്കാൻ സിപിഎം നേതൃത്വം ഇന്ന് പാലക്കാട് വിളിച്ചുകൂട്ടിയ മീഡിയ പ്രവർത്തകർക്കായുള്ള ബ്രേക്ക്ഫാസ്റ്റ് മീറ്റിംഗിൽ പ്രതിഷേധം അറിയിച്ച് മാധ്യമപ്രവർത്തകർ. മാധ്യമപ്രവർത്തകർക്കായി ഒരുക്കിയ ബ്രേക്ക് ഫാസ്റ്റ് സൽക്കാരവും ഭൂരിപക്ഷം മാധ്യമപ്രവർത്തകരും ബഹിഷ്കരിച്ചു.
യോഗം ആരംഭിച്ച ഉടൻ എഴുന്നേറ്റുനിന്ന് മാധ്യമപ്രവർത്തകരുടെ ഭാഗത്തുനിന്നുള്ള പ്രതിഷേധം അറിയിച്ചത് 24 ചാനലിന്റെ പൊളിറ്റിക്കൽ എഡിറ്ററും മുതിർന്ന മാധ്യമപ്രവർത്തകനുമായ ആർ ശ്രീജിത്ത് ആയിരുന്നു.
കഴിഞ്ഞ ദിവസം എൻ എൻ കൃഷ്ണദാസ് എക്സ് എംപി മാധ്യമപ്രവർത്തകരോട് കാണിച്ച അപ മര്യാദയോടു കൂടിയ പ്രവർത്തികൾ എണ്ണിപ്പറഞ്ഞു 'പട്ടി' പരാമർശം ഉൾപ്പെടെയുള്ള മോശം വാക്കുകൾ സ്ഥാനാർഥി ഡോ. പി സരിൻ ഉൾപ്പെടെയുള്ളവരുടെ മുന്നിൽ അവതരിപ്പിച്ച ശ്രീജിത്ത് സംഭവത്തിൽ തങ്ങളുടെ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായി പറഞ്ഞു.
ജനാധിപത്യത്തിൽ മാധ്യമങ്ങളെ വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. പക്ഷേ അത് ജനാധിപത്യ രീതിയിലും മാന്യമായ ഭാഷയിലും ആകേണ്ടതാണ്. പാലക്കാട് മാധ്യമപ്രവർത്തകരെ അവഹേളിച്ച കൃഷ്ണദാസിന്റെ ഭാഗത്തുനിന്നും അതിന് വിപരീതമായ പ്രതികരണമാണ് ഉണ്ടായത് - ശ്രീജിത്ത് പറഞ്ഞു. /sathyam/media/media_files/2024/10/27/Vy3dp3u4ok6FoViQi5PW.webp)
മന്ത്രി എം ബി രാജേഷ്, പി സരിൻ, സിപിഎം ജില്ലാ സെക്രട്ടറി, ഏരിയ സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കളും ബ്രേക്ക് ഫാസ്റ്റ് മീറ്റിംഗിൽ സന്നിഹിതരായിരുന്നു. സ്ഥാനാർഥി പി സരിൻ ഈ സന്ദർഭത്തിൽ മാധ്യമങ്ങളോട് ഖേദം പ്രകടിപ്പിച്ചു. പാർട്ടി നിലപാടാണ് തങ്ങൾക്കും എന്ന് സരിൻ പറഞ്ഞു.
ഇക്കാര്യത്തിൽ പാർട്ടി സെക്രട്ടറി പറഞ്ഞത് തന്നെയാണ് തങ്ങളുടെയും നിലപാട് എന്ന് മന്ത്രി എംപി രാജേഷും പറഞ്ഞു. അധിക്ഷേപം പാർട്ടി രീതിയല്ല, താനും മാധ്യമങ്ങളെ വിമർശിക്കുന്ന ആളാണ്, പക്ഷേ അതൊരിക്കലും പരിധി വിടാറില്ല - രാജേഷ് പറഞ്ഞു.
നേതാക്കളുടെ വിശദീകരണങ്ങൾക്ക് ശേഷം മാധ്യമ പ്രവർത്തകർക്കായി ഒരുക്കിയിരിക്കുന്ന പ്രഭാത ഭക്ഷണത്തിനായി നേതാക്കൾ ക്ഷണിചെങ്കിലും സ്നേഹപൂർവ്വം അവർ അത് നിരസിച്ച വേദി വിടുകയായിരുന്നു. ഇടത് അനുകൂല മാധ്യമങ്ങളുടെ ചില പ്രതിനിധികൾ മാത്രമാണ് സൽക്കാരത്തിൽ പങ്ക് ചേർന്നത്. ഇന്നലെ പാലക്കാട് പ്രസ് ക്ലബ്ബിൽ വച്ചുതന്നെ സൽക്കാരം സ്വീകരിക്കേണ്ടതില്ലെന്ന കാര്യത്തിൽ മാധ്യമപ്രവർത്തകർ ധാരണയിൽ എത്തിയിരുന്നു.
ഏഷ്യാനെറ്റ്, റിപ്പോർട്ടർ, 24 ന്യൂസ്, മനോരമ, മീഡിയ വൺ എന്നീ മാധ്യമങ്ങളുടെ പ്രതിനിധികളും നേതാക്കളുടെ പ്രസംഗങ്ങൾ റിപ്പോർട്ട് ചെയ്ത ശേഷം പ്രഭാത ഭക്ഷണം ഒഴിവാക്കി വേദി വിടുകയായിരുന്നു.
പാലക്കാട് സൂര്യ കൺവെൻഷൻ സെന്ററിൽ വച്ച് രാവിലെ 8 30 നായിരുന്നു ബ്രേക്ക്ഫാസ്റ്റ് മീറ്റിംഗ് സംഘടിപ്പിച്ചത്. നേരത്തെ എട്ടുമണിക്കാണ് പരിപാടി എന്ന് പറഞ്ഞെങ്കിലും 8 മണിയോടുകൂടിമാധ്യമപ്രവർത്തകർ എത്തിയെങ്കിലുംനേതാക്കൾ വൈകി. 8.15 ഓടെ മന്ത്രി എം പി രാജേഷ് എത്തി. സിപിഎം ജില്ലാ സെക്രട്ടറിയും സ്ഥാനാർത്ഥി ഡോ. സരിനും എട്ടരയോടെ വേദിയിലെത്തി. 9.30 വരെയായിരുന്നു യോഗം.