പാലക്കാട്: പാലക്കാട് നിയമസഭമണ്ഡലത്തിൽ ബി.ജെ.പിയുടെ അടിവേര് യു.ഡി.എഫ് മാന്തിയിരിക്കുകയാണെന്ന് ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ. ബി.ജെ.പിയുടെ പരാജയത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണെന്നും അദ്ദേഹം പറഞ്ഞു.
‘സുരേന്ദ്രൻ രാജിവെക്കാതെ, അയാളെ പുറത്താക്കാതെ ബി.ജെ.പി രക്ഷപ്പെടില്ല. കെ. സുരേന്ദ്രനെയും അദ്ദേഹത്തിന്റെ സംഘാംഗങ്ങളെയും മാരാർജി ഭവനിൽനിന്ന് അടിച്ച് പുറത്താക്കി ചാണകവെള്ളം തളിക്കാതെ ആ പാർട്ടി കേരളത്തിൽ രക്ഷപ്പെടില്ല. എന്നാൽ, ഞാൻ ആഗ്രഹിക്കുന്നത് അയാൾ ഒരിക്കലും രാജിവെക്കരുത് എന്നാണ്’ -സന്ദീപ് പറഞ്ഞു.
‘സന്ദീപ് വാര്യർ ഏതുവരെ പോകുമെന്ന് നോക്കാം, സന്ദീപ് ചീള് കേസാണ്, ഒരു സന്ദീപ് പോയാൽ 100 സന്ദീപ് വരും എന്നുപറഞ്ഞ് വെല്ലുവിളിച്ചവർക്കുള്ള മറുപടിയാണിത്. എനിക്ക് പാലക്കാട്ടെ ജനങ്ങളിൽ വിശ്വാസമുണ്ട്. അവർ തന്ന സ്നേഹത്തിന് ഒരുപാട് നന്ദിയുണ്ട്. കെ.പി.സി.സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, ഡി.സി.സി പ്രസിഡന്റ്, ഷാഫി പറമ്പിൽ, ശ്രീകേണ്ഠട്ടൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഉജ്വലമായ തെരഞ്ഞെടുപ്പ് പ്രവർത്തനം വിജയത്തിന് കാരണമാണ്.
ഇവർ വഞ്ചിച്ചത് ബലിദാനികളെയാണ്. ഈ പരാജയത്തിന്റെ ഉത്തരവാദിത്തം കെ. സുരേന്ദ്രനാണ്. സുരേന്ദ്രൻ രാജിവെക്കാതെ, അയാളെ പുറത്താക്കാതെ ബി.ജെ.പി രക്ഷപ്പെടില്ല. ഞാൻ ആഗ്രഹിക്കുന്നത് അയാൾ രാജിവെക്കരുത് എന്നാണ്. കൃഷ്ണകുമാർ സ്ഥാനാർഥിയായത് കൊണ്ടാണ് ഇത്രവലിയ തിരിച്ചടി ബി.ജെ.പി നേരിട്ടത്.
പാൽ സൊസൈറ്റിയിൽ തെരഞ്ഞെടുപ്പ് നടന്നാൽ കൃഷ്ണകുമാർ, പഞ്ചായത്തിൽ തെരഞ്ഞെടുപ്പ് നടന്നാൽ കൃഷ്ണകുമാർ, നഗരസഭയിലാണെങ്കിലും കൃഷ്ണകുമാർ, ലോക്സഭയിൽ കൃഷ്ണകുമാർ, നിയമസഭയിൽ തെരഞ്ഞെടുപ്പ് നടന്നാലും കൃഷ്ണകുമാർ എന്ന തരത്തിൽ കൃഷ്ണകുമാറും ഭാര്യയുമാണ് പാലക്കാട്ടെ ബി.ജെ.പി എന്ന് എഴുതിക്കൊടുത്ത ബി.ജെ.പി നേതൃത്വം തന്നെയാണ് ഈ പരാജയത്തിന്റെ ഉത്തരവാദി.
പാലക്കാട്ട് സന്ദീപിന്റെ എഫക്ടാണെന്ന് ഞാൻ ഒരിക്കലും പറയില്ല, യു.ഡി.എഫ് പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ തെരഞ്ഞെടുപ്പിൽ രാഹുൽ നേടിയ വിജയം’ -സന്ദീപ് വാര്യർ മാധ്യമങ്ങളോട് പറഞ്ഞു.