/sathyam/media/media_files/Bh24UTkNIrd2Zjr1vaoT.jpg)
പാലക്കാട് : പീഡനാരോപണങ്ങൾക്കും എതിർപ്പുകൾക്കും വിട നൽകി മണ്ഡലത്തിലെ പരിപാടികളിൽ സജീവമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെത്തി.
ലൈംഗികാരോപണങ്ങൾ നേരിട്ടതിനു പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവയ്ക്കുകയും കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ നിന്നും പുറത്താക്കപ്പെടുകയും ചെയ്ത ശേഷം ആദ്യമായാണ് രാഹുൽ പാലക്കാട് എത്തുന്നത്.
ഇക്കഴിഞ്ഞയിടെ ചേർന്ന നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം രാഹുൽ സഭയിൽ എത്തിയിരുന്നെങ്കിലും പിന്നീട് അടൂരിലേക്ക് മടങ്ങിയിരുന്നു.
നിലവിൽ രാഹുലിന്റെ വരവിനു മുന്നോടിയായി ഇന്ന് രാവിലെയോടെ എം.എൽ.എ ഓഫിസ് തുറക്കുകയും കോൺഗ്രസ് പ്രവർത്തകർ കൂട്ടത്തോടെ അവിടെ എത്തുകയും ചെയ്തിട്ടുണ്ട്.
രാഹുൽ മണ്ഡലത്തിലെത്തിയാൽ തടയുമെന്ന ബി.ജെ.പിയുടെ അവകാശവാദം നിലനിൽക്കുന്നതിനാൽ തന്നെ പൊലീസും അവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്.
പാലക്കാട്ടേക്ക് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ തിരിച്ചു വരുമെന്ന് യുഡിഎഫ് പാലക്കാട് ജില്ലാ ചെയർമാനടക്കം വ്യക്തമാക്കിയിരുന്നു.
രാഹുൽ വിഷയം വോട്ടർമാരെ ബാധിക്കില്ലെന്നും ജനങ്ങൾക്ക് ഇടയിൽ ഈ വിഷയം ചർച്ചയായിട്ടില്ലെന്നും തിരഞ്ഞെടുപ്പിനെ രാഹുൽ വിവാദം ബാധിക്കില്ലെന്നുമാണ് പാലക്കാട്ടെ നേതാക്കൾ വ്യക്തമാക്കുന്നത്.
ഓഗസ്റ്റ് 17നാണ് രാഹുൽ അവസാനമായി പാലക്കാട്ട് എത്തിയത്.
ശനിയാഴ്ച രാഹുൽ പാലക്കാട് എത്തുമെന്നാണ് മുമ്പ് അറിയിച്ചിരുന്നതെങ്കിലും പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും കേരളത്തിൽ ഉള്ളതിനാൽ മണ്ഡലത്തിലേക്കുള്ള മടങ്ങിവരവ് വീണ്ടും മാറ്റുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ വി.ഡി സതീശനും ഇന്ന് രമേശ് ചെന്നിത്തലയും വിവിധ പരിപാടികളുമായി മണ്ഡലത്തിലുണ്ടായിരുന്നു.
അതുകൊണ്ട് തന്നെ ഇതൊന്നും ബാധിക്കാത്ത തരത്തിലാണ് രാഹുൽ ഇന്ന് മണ്ഡലത്തിലെത്തിയത്.
മണ്ഡലത്തിലെ മരണവീടുകൾ സന്ദർശിക്കുന്ന തിരക്കിലാണ് അദ്ദേഹം.
പൊതുപരിപാടികളിൽ പങ്കെടുക്കുന്ന കാര്യങ്ങൾ നിലവിൽ വ്യക്തമാക്കിയിട്ടില്ല. രാഹുൽ എത്തിയതോടെ പ്രാദേശിക തലത്തിൽ പ്രതിഷേധവുമായി സി.പി.എമ്മും ബിജെപിയും രംഗത്തെത്തുമോ എന്നതിലും ആകാംക്ഷയുണ്ട്.
രാഹുലിനെ തടയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ എം.എൽ.എ ഓഫീസിൽ രാഹുൽ എത്തിയാൽ തടയുമെന്നാണ് ബി.ജെ.പിയുടെ അവകാശവാദം.