/sathyam/media/media_files/2025/04/24/yqWnxOSKdyGYDM95OTQW.jpg)
പാലക്കാട്: മുസ്ലീം ലീഗ് വര്‍ഗീയ നിലപാടുകളുള്ള പാര്‍ട്ടിയെന്ന് ആക്ഷേപവുമായി സിപിഎം നേതാവ് പി സരിന്‍. നാടിന് നരകം സമ്മാനിച്ച് ഏതോ സ്വര്‍ഗ്ഗത്തിന് വേണ്ടി കാത്തിരിക്കുന്നവരാണ് ലീഗുകാര്‍.
ജനിച്ചമതം ഏതാണെന്ന് നോക്കിയാണ് സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി വെട്ടിയിരിക്കുന്നത് എന്നാണ് പ്രചരിപ്പിക്കുന്നത് എന്നും പാലക്കാട് തിരുവേഗപ്പുറയില്‍ സിപിഎം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ജനകീയ പ്രതിഷേധ മാര്‍ച്ചില്‍ സരിന്‍ ആരോപിച്ചു.
മുസ്ലിം ലീഗിനെ വര്‍ഗീയമായി ചിത്രീകരിച്ചുകൊണ്ടായിരുന്നു സരിന്റെ പ്രസംഗം. മലപ്പുറം ജില്ലയുടെ സെക്യുലര്‍ രാഷ്ട്രീയത്തിന്റെ മുഖം തകര്‍ത്ത് ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ ശ്രമിക്കുന്നു.
ഈ നീക്കം ലീഗിന് തനിച്ച് കഴിയില്ലെന്ന് കണ്ടപ്പോല്‍ ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഎയും കൂട്ട് പിടിക്കുന്നു. ഇവര്‍ക്ക് ആളുകളെ ചേര്‍ത്ത് നല്‍കുകയാണ് ലീഗ് ചെയ്യുന്നത് എന്നിങ്ങനെ നീളുന്നു സരിന്റെ ആരോപണങ്ങൾ.
കേരളത്തില്‍ യുഡിഎഫിന്റെയും ദേശീയ തലത്തില്‍ ഇന്ത്യ സഖ്യത്തിന്റെയും ഭാഗമാകുന്ന ലീഗ് തങ്ങള്‍ക്ക് സ്വാധീനമുള്ള പ്രദേശത്ത് കേവലം മതഭ്രാന്ത്രിന്റെ തലത്തിലേക്ക് മാറുന്നു. ലീഗുള്ളിടത്ത് ന്യൂന പക്ഷ വര്‍ഗീയത വളരില്ലെന്ന വാദത്തിന്റെ മറപറ്റി വര്‍ഗീയത പ്രചരിപ്പിക്കുന്നു. ആര്‍എസ്എസിന് വളരാന്‍ ഇടനല്‍കി അവര്‍ വളരുന്നു എന്ന് പറഞ്ഞ് വര്‍ഗീയത വളര്‍ത്തുകയാണ് മുസ്ലീം ലീഗ് ചെയ്യുന്നത്.
ലീഗിന് പണ്ട് ഉണ്ടായിരുന്ന രാഷ്ട്രീയ പ്രബുദ്ധത ഇല്ലാതായി. ഭരണം ഇല്ലാതായതാണ് ലീഗിന്റെ ഇത്തരം പ്രചാരണങ്ങള്‍ക്ക് കാരണം. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ ലീഗിന് ഭരണത്തില്‍ നിന്നും മാറിനില്‍ക്കാന്‍ സാധിക്കില്ല.
60 മാസമാണ് ലീഗിന് പരമാവധി മാറിനില്‍ക്കാന്‍ കഴിയുക. അപ്പോഴേക്കും കീശ കാലിയാകും. പിന്നീട് ഖജനാവില്‍ നിന്നും കയ്യിട്ട് വാരണം. കോണ്‍ഗ്രസ് കള്ളന്‍മാരെങ്കില്‍ ലീഗ് കള്ളന് കഞ്ഞി വച്ചുകൊടുക്കുന്നവരാണ്. കക്കാന്‍ വേണ്ടി ഭരണത്തില്‍ കേറാന്‍ കാത്തിരിക്കുകയാണ് ലീഗ് എന്നും സരിന്‍ ആരോപിച്ചു.