/sathyam/media/media_files/2025/10/09/photos142-2025-10-09-19-57-31.png)
പാലക്കാട്: പാലക്കാട് വാണിയംകുളത്ത് ഫേസ്ബുക്കിൽ കമന്റിട്ടതിന് യുവാവിനെ ഡിവൈഎഫ്ഐ നേതാക്കൾ ക്രൂരമായി മർദിച്ചു. പനയൂർ സ്വദേശി വിനേഷിനെയാണ് ഡിവൈഎഫ്ഐ ഷൊർണൂർ ബ്ലോക്ക് സെക്രട്ടറി രാകേഷിന്റെ നേതൃത്വത്തിൽ ക്രൂരമായി മർദിച്ചത്.
ആക്രമണത്തിനിടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിനീഷിനെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം ഉൾപ്പെടെ മൂന്നുപേരെ പൊലീസ് പിടികൂടി.
മുൻ ഡിവൈഎഫ്ഐ മേഖല കമ്മിറ്റി അംഗവും സിപിഎമ്മിന്റെ സജീവ പ്രവർത്തകനുമായ വിനേഷിനാണ് സ്വന്തം പ്രസ്ഥാനത്തിലെ പ്രവർത്തകരുടെ മർദനമേറ്റത്.
ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കമന്റ് ഇട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് വിവരം.
ഇത്തരം പരിപാടികൾ കൊണ്ട് ജനങ്ങൾക്ക് എന്തുപകാരം എന്ന് ചോദിച്ച് പനയൂർ സ്വദേശിയും ഡിവൈഎഫ്ഐ മുൻ മേഖല കമ്മിറ്റിയംഗവുമായ വിനേഷ് പോസ്റ്റിനു താഴെ കമന്റിട്ടു.
ഇതിൽ പ്രകോപിതരായാണ് ബ്ലോക്ക് സെക്രട്ടറി രാകേഷിൻ്റെ നേതൃത്വത്തിൽ ആറംഗ സംഘം വിനേഷിനെ ക്രൂരമായി മർദിച്ചത്.
വാണിയംകുളം ചന്തയ്ക്ക് സമീപത്ത് വച്ച് മർദിച്ചു. പിന്നീട് പനയൂരിൽ വെച്ച് തലക്ക് ഉൾപ്പെടെ അടിച്ചു. ഗുരുതരമായി പരിക്കേറ്റ വിനേഷിനെ വീട്ടുമുറ്റത്ത് നിന്നാണ് ബന്ധുക്കൾ കണ്ടെത്തുന്നത്.
ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ നേതൃത്വത്തിൽ മർദിച്ചുവെന്ന് വിനീഷ് ബന്ധുക്കളോട് പറഞ്ഞു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിനേഷ് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ തുടരുകയാണ്. തലയിൽ രക്തം കട്ടപിടിച്ചതിനാൽ അടിയന്തിര ശസ്ത്രക്രിയ നടത്തി.
സംഭവത്തിൽ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയേറ്റംഗം ഹാരിസ്, കൂനത്തറ മേഖല കമ്മിറ്റി ഭാരവാഹികളായ സുർജിത്, കിരൺ എന്നിവർ കോഴിക്കോട് വെച്ച് പൊലീസിന്റെ പിടിയിലായി.
ആക്രമണം നേരിട്ട വിനീഷിന്റേത് പാർട്ടി കുടുംബമാണെന്നും സംഭവം പരിശോധിച്ച നടപടി സ്വീകരിക്കുമെന്നും സിപിഐഎം ഏരിയ സെക്രട്ടറി പ്രതികരിച്ചു.
ആക്രമണം നടന്ന വാണിയംകുളത്തും പനയൂരിലും പൊലീസ് പരിശോധന നടത്തി. ആക്രമണത്തിന് നേതൃത്വം കൊടുത്ത ബ്ലോക്ക് സെക്രട്ടറി രാഗേഷിന് വേണ്ടി തിരച്ചിൽ തുടരുകയാണ്.
പരിക്കേറ്റ വിനേഷിനെ നേരത്തെ ഡിവൈഎഫ്എയിൽ നിന്നും പുറത്താക്കിയിരുന്നു. എന്നാൽ സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.