
പാലക്കാട്: ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി വിമർശിച്ച് ഫേസ്ബുക്കിൽ കമന്റിട്ടതിന് യുവാവിനെ മർദിച്ച ഡിവൈഎഫ്‌ഐ നേതാക്കൾക്ക് സസ്‌പെൻഷൻ.
വാണിയംകുളം സ്വദേശി വിനേഷിനെ മർദിച്ച നേതാക്കളെ സിപിഎം മെമ്പർഷിപ്പിൽ നിന്നും സസ്‌പെൻഡ് ചെയ്തു. ഇന്ന് ചേർന്ന സിപിഎം ഒറ്റപ്പാലം ഏരിയ കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം.
ഡിവൈഎഫ്‌ഐ ഷൊർണൂർ ബ്ലോക്ക് സെക്രട്ടറി രാകേഷ്, ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് ഹാരിസ്, കൂനത്തൂർ മേഖല ഭാരവാഹികളായ സുർജിത്ത്, കിരൺ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
ആക്രമണത്തിൽ പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും ഒറ്റപ്പാലം ഏരിയ സെക്രട്ടറി വിശദീകരിച്ചു.
ഒക്ടോബർ എട്ടിന് വൈകിട്ടാണ് പാലക്കാട് വാണിയംകുളം പനയൂർ സ്വദേശി വിനേഷിനെ ഡിവൈഎഫ്‌ഐയുടെ നേതാക്കൾ ചേർന്ന് ക്രൂരമായി ആക്രമിച്ചത്.
ഡിവൈഎഫ്‌ഐ ഷോർണൂർ ബ്ലോക്ക് സെക്രട്ടറി രാഗേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ വിമർശിച്ച് കമന്റിട്ടതിനായിരുന്നു മർദനത്തിന് കാരണം. തലയ്ക്ക് സാരമായി പരിക്കേറ്റ വിനേഷ് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുകയാണ്.