/sathyam/media/media_files/2025/10/16/students-protest-palakkad-school-2025-10-16-14-25-54.jpg)
പാലക്കാട്: പാലക്കാട് പല്ലൻചാത്തൂരിൽ 14 കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്ലാസ് അധ്യാപികക്കെതിരെ ആരോപണവുമായാണ് കുടുംബവും മറ്റു രാഷ്ട്രീയ പാർട്ടികളും രംഗത്തുവരുന്നത്.
എന്നാല്‍, കുട്ടിയെ ഭീഷണിപ്പെടുത്തുന്ന വിധത്തില്‍ ഇടപെട്ടിട്ടില്ലെന്നും തെറ്റ് കണ്ടപ്പോള്‍ ഇടപെടുക മാത്രമാണ് ചെയ്തത് എന്നുമാണ് സ്‌കൂള്‍ അധികൃതരുടെ നിലപാട്. വിദ്യാർഥികൾ തെറ്റു ചെയ്താൽ തിരുത്തേണ്ടത് അധ്യാപകരുടെ കടമയാണ്.
എന്നാൽ, തൻ്റെ കടമ നിറവേറ്റിയതിനാണ് അധ്യാപികയും സ്കൂളും ക്രൂശിക്കപ്പെടുന്നത്. ഹിജാബ് വിവാദത്തിനു പിന്നാലെ ഇതും വിവാദമാക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നുണ്ടെന്നും ആരോപണം ഉണ്ട്.
ക്ലാസിൽ വെച്ചു ഇന്‍സ്റ്റഗ്രാമിൽ കുട്ടികള്‍ തമ്മിൽ മെസ്സേജ് അയച്ചത് അധ്യാപിക അറിഞ്ഞതോടെയാണ് സംഭവങ്ങൾക്ക് തുടക്കം.
ഇന്‍സ്റ്റഗ്രാം മെസേജില്‍ മോശം വാക്കുകളാണ് കുട്ടികൾ ഉപയോഗിച്ചത്. പിന്നീട് വിഷയം രക്ഷിതാക്കള്‍ ഇടപെട്ട് പരിഹരിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം ക്ലാസ് ടീച്ചര്‍ കുട്ടികളുടെ മുന്നില്‍ വച്ച് ഭീഷണിപ്പെടുത്തിയെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം.
അതേ സമയം വിദ്യാർഥികൾ തെറ്റു ചെയ്തപ്പോൾ തിരുത്തുക മാത്രമാണ് ചെയ്തതെന്നും മറ്റൊന്നും ഉണ്ടായിട്ടില്ലെന്നാണ് സ്കൂൾ പറയുന്നത്. കുട്ടിയുടെ സഹപാഠികളും ഇത് ആവർത്തിക്കുന്നു. വീട്ടിൽ പോയാൽ അവന് ഇതിലും സമ്മർദം ഉണ്ട്. അവന് ആരും ഇല്ലെന്ന തോന്നലാണ് ആത്മഹത്യക്കു കാരണമെന്നും സഹപാഠികൾ പറയുന്നു.
ടീച്ചറെ മാത്രം കുറ്റം പറയുന്നത് ശരിയല്ലെന്നും സഹപാഠികൾ പറയുന്നു. അമ്മയും അവനും രണ്ടാഴ്ചയായി സംസാരിക്കുന്നു പോലും ഇല്ലായിരുന്നു. കൗൺസിലിങ്ങ് വരെ ഏർപ്പെടുത്തിയെന്നും അവൻ തങ്ങളോട് പറഞ്ഞെന്നു കുട്ടികൾ പറയുന്നു.
എന്നാൽ, കുട്ടിയെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വൈകാരിക അവസ്ഥയെ വെച്ച് മുതലെടുപ്പിന് ചില കോണുകളിൽ നിന്നുള്ള നീക്കം പ്രശ്നം കൂടുതൽ വഷളാക്കുന്നു.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതോടെ തങ്ങള്‍ക്കും കുട്ടികളുടെ കാര്യത്തില്‍ ഇടപെടാന്‍ ഭയമാണെന്നു മറ്റ് അധ്യാപകരും പറയുന്നത്. ചെറിയ ശകാരം പോലും ഇന്നു മറ്റു തരത്തിൽ വ്യാഖ്യാനിക്കപ്പെടുമെന്നും ഇവർ ആശങ്കപ്പെടുന്നു.