/sathyam/media/media_files/2025/11/02/vootto-2025-11-02-01-22-46.jpeg)
പാലക്കാട്: കേരളത്തെ സ്വന്തം മണ്ണായി സ്വീകരിച്ച ഒഡിഷ സ്വദേശി വിശ്വകര്‍മ്മ വൂട്ടോയ്ക്ക് ഇത് സ്വപ്നസാക്ഷാത്കാരത്തിന്റെ നിമിഷം. ജില്ലാതല പട്ടയമേളയില്‍ പട്ടയം സ്വന്തമാക്കിയതോടെ വൂട്ടോയും ഭാര്യ സ്വര്‍ണയും സന്തോഷംകൊണ്ട് മതിമറന്നു.
’കേരളത്തില്‍ ഭയമില്ലാതെ ജീവിക്കാം. ഇവിടെ എല്ലാവരും ഞങ്ങളെ സഹായിച്ചു. ഇപ്പോള്‍ ഇതാ സ്വന്തമായി ഭൂമിയും!’ മുറി മലയാളത്തില്‍ വിശ്വകര്‍മ്മ വൂട്ടോ പറഞ്ഞ വാക്കുകളില്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പുണ്ട്.
ഒഡിഷയിലെ പുരി സ്വദേശികളായ ഈ കുടുംബം രണ്ട് പതിറ്റാണ്ടായി കേരളത്തിന്റെ ഭാഗമാണ്. പാലക്കാടും കോയമ്പത്തൂരുമായി ബിസിനസ് നടത്തിയാണ് ഇവര്‍ ജീവിതം കെട്ടിപ്പടുത്തത്.
കേരളത്തിന്റെ സാമൂഹികാന്തരീക്ഷം, പ്രത്യേകിച്ചും സുരക്ഷ, ഇവരെ ഇവിടെ പിടിച്ചുനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.’ഒഡിഷയെക്കാള്‍ ജീവിതം സുഖകരമാണ് കേരളത്തില്‍. ഭയമില്ലാതെ ജോലി ചെയ്യാനും ജീവിക്കാനും ഇവിടെ കഴിയുന്നു,’ വൂട്ടോ പറയുന്നു.
ചിറ്റൂര്‍ താലൂക്കില്‍, തൃശൂര്‍-പാലക്കാട് ഹൈവേയില്‍ മെഡിക്കല്‍ കോളേജിന് സമീപമാണ് വൂട്ടോയും കുടുംബവും സ്വന്തമായി ഭൂമി കണ്ടെത്തിയത്.
അവിടെയൊരു വീട് വെച്ച് സ്ഥിരതാമസമാക്കണമെന്ന മോഹമാണ് ഒന്‍പത് മാസം മുന്‍പ് പട്ടയത്തിന് അപേക്ഷിക്കാന്‍ പ്രേരിപ്പിച്ചത്. ആ സ്വപ്നത്തിനാണ് ജില്ലാ ഭരണകൂടം സാക്ഷ്യം വഹിച്ചത്.
‘പട്ടയം കിട്ടിയതോടെ കേരളം സ്വന്തം സ്വദേശമായി,’ ആത്മവിശ്വാസത്തോടെ വൂട്ടോ പറയുന്നു. അതിഥി തൊഴിലാളികള്‍ക്ക് അഭയം നല്‍കുന്ന ‘കേരള മോഡലി’ന്റെ മറ്റൊരു ഉജ്ജ്വലമായ നേര്‍സാക്ഷ്യമായി മാറുകയാണ് വിശ്വകര്‍മ്മ വൂട്ടോയുടെയും സ്വര്‍ണയുടെയും ഈ മധുരപ്രതികരണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us